പൊയിലൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് പൊയിലൂർ. പൊയിലുകൾ അഥവാ മൺതിട്ടകളാൽ സമൃദ്ധമായ ഭൂമി എന്ന നിലയിലാണ് 'പൊയിലുകളുടെ ഊര്' അഥവാ പൊയിലൂർ എന്ന് നാമം ഈ പ്രദേശത്തിന് വന്നു ചേർന്നത്. പൊയിലൂർ,

ഭൂമിശാസ്ത്രം തിരുത്തുക

വടക്ക്-കിഴക്ക് നരിക്കോട് മലയും, തെക്ക് പൊയിലുകളും, പടിഞ്ഞാറ് സമതലങ്ങളും അതിരിടുന്ന പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഭൂപ്രദേശമാണിത്. തിരുത്തിത്തോട് മുതൽ കായലോട് പുഴ വരെ ജീവരക്തം നൽകി പോഷിപ്പിക്കുന്ന വയലുകളും കാവുകാളും നിറഞ്ഞ ഒരു ഭൂമിക. ചരിത്രത്തിൻ്റെ അകനടത്തങ്ങൾ ഏറെയൊന്നും രേഖപ്പെടുത്താത്ത ഇവിടം ഐതിഹ്യങ്ങളിലൂടെയും, വടക്കൻപാട്ടുകളിലൂടെയും സമ്പന്നമായൊരു പൈതൃകത്തെ വിളിച്ചോതുന്നുണ്ട്. പുറൈകിഴ നാടിൻ്റെയും, കടത്തനാടിൻ്റെയും ഇടയിൽ നിലനിൽക്കുന്ന പ്രദേശമായിരുന്നതുകൊണ്ട് രണ്ട് കോവിലകങ്ങളുടെ അധികാരപരിധിയിലുൾപ്പെട്ടിരുന്നു. വാഴമലയിലെയും, നരിക്കോട് മലയിലെയും, കൊളുത്തായി കുന്നുകളിലേയും ആദിമ ഗോത്രങ്ങളുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ഒരുകാലത്ത് കുറവർ, പണിയർ, കുറിച്യർ, മലയർ, മലയാളർ തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന ഈ കുന്നുകളിൽ കടത്തനാട്ടിൽ നിന്നും, കൊടക് കർണ്ണാടക ദേശങ്ങളിൽ നിന്നും കുടിയേറപ്പാർത്തവർ പതിയെ അധികാരം സൃഷ്ടിച്ചെടുത്തു. ഗോത്രവിഭാഗങ്ങൾ പൊയിലുകളും, സമതലങ്ങളും ഉപേക്ഷിച്ച് മലമടക്കുകളിലേക്ക് അഭയം പ്രാപിക്കുകയും ചെയ്തു.

പുരാതനമായ മുത്തപ്പൻ ആരാധനാ കേന്ദ്രമായ പൊയിലൂർ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. പൊയിലൂർ, വിളക്കോട്ടൂർ, തൂവ്വക്കുന്ന്, വടക്കെ പൊയിലൂർ എന്നിങ്ങനെ നാല് ദേശക്കാരും പരിസരപ്രദേശങ്ങളിലുള്ളവരും ചേർന്ന് നടത്തുന്ന മുത്തപ്പൻ തിറയുത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. പൊയിലൂർ തളിയൻ്റവിട ശ്രീധർമ്മാ ശാസ്താ ഭഗവതി ദേവസ്ഥാനം, പാലയംകണ്ടി കിഴക്കുംമുറി കാവ്, കരിയാരിച്ചാലിൽ മടപ്പുര തുടങ്ങിയവയാണ് മറ്റ് ആരാധനാ കേന്ദ്രങ്ങൾ. നാനാപ്രദേശങ്ങളിൽ നിന്നും വരുന്ന പൂക്കലശങ്ങളും അടിയറ വരവും ആണ് പൊയിലൂർ മടപ്പുരയിലെ പ്രധാന ആകർഷണീയത. ഭിന്ന ദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആളുകളാൽ സമൃദ്ധമാകുന്ന തിറനാളിൽ ഗോത്രവിഭാഗങ്ങൾക്കും പ്രത്യേക ചടങ്ങുകളും ഊരായ്മ സ്ഥാനങ്ങളും ഉണ്ട്.

പൂർണ്ണമായും കൃഷിയെ അടിസ്ഥാനമാക്കി വികാസം പ്രാപിച്ച ഒരു ഭൂപ്രദേശമാണിത്. നെല്ല്, തെങ്ങ്, കശുവണ്ടി, കിഴങ്ങ്, കുരുമുളക്, കമുക് എന്നിവയാണ് പ്രധാന വിളകൾ. മൂന്ന് മലകളാൽ അതിരുന്ന ഒരു പ്രദേശമായതിനാൽ തന്നെ ജലസമ്പുഷ്ടമായിരുന്നു ഇവിടം. പക്ഷെ വാഴമല, നരിക്കോട് മല എന്നീ മലകളിൽ നടന്നുവരുന്ന അനധികൃത കരിങ്കൽ ഖനനം മൂലം പരിസ്ഥിതിയുടെ സന്തുലനത നഷ്ടപ്പെടുകയും ജലക്ഷാമവും, പാരിസ്ഥിതിക ദുരന്തങ്ങളും അനുദിനം ഏറി വരുകയാണ്. മലകളിലെ ഖനനം മൂലം ജലക്ഷാമം രൂക്ഷമായതിനാൽ വന്യമൃഗങ്ങളും മറ്റും കൃഷിയിടങ്ങളിലേക്കും, ഗ്രാമീണ മേഖലയിലേക്കും ഇറങ്ങി വന്ന് കൃഷി നശിപ്പിക്കുന്നതും പ്രദേശത്തെ ദുരിതത്തിലാഴ്ത്തുന്നു.

ചരിത്രം തിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തിരുന്ന ഒരുപാട് മഹാരഥന്മാരുടെ ജന്മനാട് കൂടിയാണ് പൊയിലൂർ. ഐഎൻഎ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദണ്ഡിയാത്ര തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തിരുന്ന കെ. പി നാരായണ കുറുപ്പ്, ചൊക്രുഹാജി തുടങ്ങിയവർ ഈ പ്രദേശത്തുകാരാണ്.

ആദ്യകാലത്ത് കൈപൊക്കി വോട്ടിങ്ങിലൂടെ പഞ്ചായത്തായി രൂപീകൃതമായ ഇവിടം പിന്നീടം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ ഭാഗമാവുകയായിരുന്നു.

ഇവിടത്തെ പിൻകോഡ് 670693 ആണു്.വടകര ലോകസഭാമണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം പാനൂർ, കൂത്തുപറമ്പ്, തലശ്ശേരിയാണ്‌.കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് പൊയിലൂർ സ്ഥിതി ചെയ്യുന്നത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ: സെൻട്രൽ പൊയിലൂർ, പുല്ലായിത്തോട്, മേപ്പാട്ട്, ചമതക്കാട് , പൊയിലൂർ വെസ്ററ്,തട്ടിൽപീടിക

പ്രധാന സ്ഥാപനങ്ങൾ: ശ്രീ സരസ്വതീ വിദ്യാ പീഠം പൊയിലൂർ, തളിയൻ്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതീ ദേവസ്ഥാനം പൊയിലൂർ, സെൻട്രൽ പൊയിലൂർ ജുമുഅത്ത് പള്ളി, മദ്രസ, സഹകരണ ബാങ്ക്, പോസ്റ്റ്‌ ഓഫീസ്, ധർമ്മാശുപത്രി, എൽ പി സ്കൂൾ, ശ്രീ മുത്തപ്പൻ മഠപ്പുര, ശ്രീനാരായണമഠം, വേദവ്യാസ ഗ്രന്ഥാലയം പൊയിലൂർ തുടങ്ങിയവയാണ്.

"https://ml.wikipedia.org/w/index.php?title=പൊയിലൂർ&oldid=3734330" എന്ന താളിൽനിന്ന് ശേഖരിച്ചത്