പൊന്നാനി വിളക്കത്തിരിക്കൽ

മുൻകാലത്ത് മലബാറിൽ ഇസ്‌ലാമിക മതപഠന ബിരുദം നൽകാൻ ഉപയോഗിച്ചിരുന്ന ഒരു ചടങ്ങാണ് വിളക്കത്തിരിക്കൽ. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസുമായി ബന്ധപ്പെട്ടാണ് ഈ ബിരുദം നിലവിൽ നിന്നിരുന്നത്. വർഷങ്ങളോളം ഗുരുകുല സമ്പ്രദായത്തിൽ വിജ്ഞാനം പകർന്നു നൽകപ്പെടുന്ന ഇവിടെ പഠിതാക്കളെ ഒരു വിളക്കിനു ചുറ്റും ഒരുമിച്ചിരുത്തിയാണ് വിദ്യാഭ്യാസ പഠനം നടക്കുക ഇതാണ്ഒരുമിച്ചിരുത്തിയാണ് വിളക്കത്തിരിക്കൽ എന്നപേരിൽ അറിയപ്പെട്ടത്. പ്രധാന അധ്യാപകൻ ചില പാഠങ്ങളോ സ്ത്രോതങ്ങളോ പകർന്നു നൽകുകയും തലപ്പാവ് നൽകുകയും ചെയ്യുന്നതോടെയാണ് ബിരുദ പഠന പൂർത്തീകരണം. ഇങ്ങനെ വിളക്കത്തിരുന്നു ബിരുദം നേടിയവരാണ് ആദ്യ കാലങ്ങളിൽ മുസ്‌ലിയാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. [1]

ചരിത്രം

തിരുത്തുക
 
പൊന്നാനി വലിയ ജുമുഅത്ത് പള്ളി

തിരുമനശ്ശേരി തമ്പുരാൻറെ സഹായത്തോടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളി പണിത സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പള്ളിയിൽ വിദ്യാഭ്യാസ പക്രിയകൾക്ക് തുടക്കം കുറിച്ചു.[2] വ്യവസ്ഥാപിതമായ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്. [3] അൽ അസ്ഹർ പോലുള്ള വിദേശ ഇസ്ലാമിക സർവ്വകലാ ശാലകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട സിലബസുകൾ ഗുരുകുല സംബ്രദായവുമായി സംയോജിപ്പിച്ചു വാർത്തെടുത്ത പൊന്നാനിയിലെ ദർസ് പഠന നിലവാരം കൊണ്ട് പതിറ്റാണ്ടുകൾ കൊണ്ട് തന്നെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും വലിയ തോതിൽ വിദേശ വിദ്യാർത്ഥികൾ ജ്ഞാനം നുകരനായി പൊന്നാനിയിലേക്ക് ഒഴുകിയെത്തുകയുമുണ്ടായി. ഇന്തോനേഷ്യ , മലേഷ്യ, സിലോൺ, അറേബ്യാ ഈജിപ്ത്, സിറിയ, ബാഗ്ദാദ്, യമൻ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള വിദ്യാർത്ഥികൾ പൊന്നാനി ദർസിൽ പഠിതാക്കളായി ഉണ്ടായിരുന്നു. [4] .ഏകദേശം നാനൂറോളം വിദേശ വിദ്യാർത്ഥികൾ ഇവിടെ താമസിച്ചു പഠിച്ചിരുന്നു

പൊന്നാനി ദർസിലും അല്ലാതെയുമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കു നിശ്ചിത ദിവസങ്ങൾ പ്രധാന അധ്യാപകനായ സൈനുദ്ദീൻ മഖ്ദൂം നേരിട്ട് ഓതി കൊടുക്കും,[5] അക പള്ളിയുടെ മധ്യത്തിൽ തൂക്കിയിട്ട എണ്ണവിളക്കിനു ചുറ്റുമിരുത്തിയാണ് ഈ ഓത്ത് പഠിപ്പിക്കൽ. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. ഇപ്രകാരം വിളക്കത്തിരുന്ന് മതവിദ്യാഭ്യാസം ആർജ്ജിച്ചവരെ ‘മുസ്ലിയാർ’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.

 
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ അകത്ത് സ്ഥാപിച്ചിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള എണ്ണ വിളക്ക്

സൈനുദ്ദീൻ മഖ്ദൂമിന് ശേഷമുള്ള മഖ്ദൂമുമാരും മഖ്ദൂമിയൻ സിലബസുകളുടെ ബിരുദം നൽകലിനായി ഈ രീതി തന്നെ ഉപയോഗിച്ചു. സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ കാലത്ത് ദർസ് വിശ്വപ്രസിദ്ധമായി വിളങ്ങി. തൂക്ക് വിളക്കിൻറെ കൂടെ സാമൂതിരി സമ്മാനമായി നൽകിയ നിലവിളക്ക് കൂടി കത്തിച്ചു വെക്കുന്ന പതിവ് സ്വീകരിച്ചത് അദ്ദേഹമാണ്. സസ്യ എണ്ണയിൽ പ്രകാശം പരത്തുന്ന ഈ വിളക്കുകൾ കത്തിച്ചു ബിരുദം നൽകുന്ന പതിവ് ഈയടുത്ത കാലം വരെ തുടർന്നിരുന്നു. ഇപ്പോഴും പൈതൃക സ്മരണ പുതുക്കി വിവിധഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വിളക്കത്തിരിക്കാനായി പൊന്നാനി ദർസിൽ വരാറുണ്ട്. [6]പുരാതന നിർമ്മിതികൾ നശിപ്പിച്ചു സംസ്കാരപാരമ്പര്യം തന്നെ ഇല്ലാതാക്കുന്ന പ്രവണത വർധിക്കുന്ന ആധുനിക കേരളത്തിൽ പൈതൃക സംരക്ഷണത്തിൽ തൽപരരായ പള്ളി ഭാരവാഹികൾ അഞ്ഞൂറ് വർഷം പഴക്കമുള്ള പള്ളിയും അനുബന്ധ ചടങ്ങുകളും അതേ തനിമയോടെ നിലനിർത്തി പോരുന്നത് ചരിത്ര കേരളത്തിന് മുതൽക്കൂട്ടായി വിശേഷിപ്പിക്കപ്പെടുന്നു.

  1. RE Miller Mappilas of Malabar orient Logman , Madras ,1976, P 261
  2. C N. Ahamed Moulavi & K.K. Muhammad Abdul Kareem Maharaya Mappila Sahitya Parambaryam,p.l40.
  3. mappila charithra shakalangal,prof kevi abdu rahman ,publshrs-muslim service socaity ponnani 1998
  4. Nellikkuthu Muhammad Ali Musaliar, Malayalathile Maharadhanmar, Calicut, 1997
  5. .R. E. Miller,Mappilas of Malabar pp. 260-261
  6. സ്മരണകളുമായി വിളക്കത്തിരിക്കൽ ചടങ്ങ് നടത്തി -മാതൃഭൂമി പത്രം- ശേഖരിച്ചത് Apr 21, 2016