പെർപ്പെത്വായും ഫെലിസിറ്റിയും

മൂന്നാം നൂറ്റാണ്ടിൽ (മരണം എ.ഡി. 203-നടുത്ത്) ഉത്തരാഫ്രിക്കയിലെ കാർത്തേജ് നഗരത്തിൽ ക്രൈസ്തവവിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചതായി വിശ്വസിക്കപ്പെടുന്ന വിശുദ്ധകളാണ് പെർപ്പെത്വായും ഫെലിസിറ്റിയും. ഒരു കൊച്ചു കുഞ്ഞിന്റെ മാതാവായിരുന്ന പെർപ്പെത്വാ 22 വയസ്സുള്ള പ്രഭുവനിതയായിരുന്നെന്നും, മരിക്കുമ്പോൾ ഗർഭിണിയായിരുന്ന ഫെലിസിറ്റി അവളുടെ അടിമയായിരുന്നെന്നും പറയപ്പെടുന്നു. റോമൻ സാമ്രാട്ട് സെപ്തിമിയസ് സെവേരസിന്റെ ക്രിസ്തുമതപീഡനത്തിനിടെ ആഫ്രിക്കയിലെ കാർത്തേജ് നഗരത്തിലാണ് അവർ വധിക്കപ്പെട്ടത്.[1][2]

വിശുദ്ധകളായ പെർപ്പെത്വായും ഫെലിസിറ്റിയും

മരണത്തിനു മുൻപ് തടവിലായിരിക്കെ പെർപ്പെത്വാ രചിച്ചതായി കരുതപ്പെടുന്ന അനുഭവസാക്ഷ്യം പ്രസിദ്ധമാണ് പുരാതനകാലത്തു നിന്നുള്ള അസാമാന്യമായ വനിതാരചനകളിൽ ഒന്നെന്ന പ്രാധാന്യവും അതിനുണ്ട്.[3]

മുഖ്യധാരയിൽ പെട്ട ക്രിസ്തീയസഭകൾ പെർപ്പെത്വാ-ഫെലിസിറ്റിമാരെ വിശുദ്ധകളായി വണങ്ങുന്നുണ്ടെങ്കിലും, ആ സഭകൾ പാഷണ്ഡത (വേദവ്യതിചലനം) കല്പിച്ച് വിലക്കിയ മോണ്ടനിസ്റ്റ് ക്രിസ്തീയപശ്ചാത്തലമായിരുന്നു ഇവരുടേതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]

രക്തസാക്ഷിചരിതം തിരുത്തുക

 
പെർപ്പെത്വാ-ഫെലിസിറ്റിമാരുടേയും മറ്റും രക്തസാക്ഷിത്വത്തിന്റെ ചിത്രീകരണം

പെർപ്പെത്വായുടെ പിതാവ് ഉപരിവർഗ്ഗപശ്ചാത്തലവും റോമൻ പൗരത്വവുമുള്ള അക്രൈസ്തവനും, മാതാവ് ക്രിസ്ത്യാനിയും ആയിരുന്നു. അവൾ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആയിരുന്നെന്നു പറയുന്നെങ്കിലും ഭർത്താവ് നിലവിലുള്ള ജീവിതകഥയിൽ പ്രത്യക്ഷപ്പെടുന്നില്ല. ജ്ഞാനസ്നാന സ്വീകരണത്തിനു പരിശീലനം നടത്തിക്കൊണ്ടിരുന്നവരുടെ (Catechumens) ഒരു ചെറുസംഘത്തിൽ ഉൾപ്പെട്ടിരുന്ന അവളെ, ക്രിസ്ത്യാനിയാകുന്നതിലെ അപകടം അറിഞ്ഞിരുന്ന പിതാവ് വിശ്വാസത്യാഗത്തിനു നിർബ്ബന്ധിച്ചു. പിതാവിന്റെ നിർബ്ബന്ധം വകവയ്ക്കാതെ ഉടൻ ജ്ഞാനസ്നാനം സ്വീകരിച്ച അവളും ഫെലിസിറ്റി ഉൾപ്പെടെ മറ്റുള്ളവരും താമസിയാതെ തടവിലാക്കപ്പെട്ടു. ഇടയ്ക്ക് ജയിലിൽ കുഞ്ഞിനൊപ്പം കഴിയാൻ അനുമതി കിട്ടിയെങ്കിലും അത് ഏറെക്കാലം തുടർന്നില്ല. സ്വന്തം കുഞ്ഞിൽ നിന്നു പിരിഞ്ഞു കഴിയേണ്ടി വന്നതും വിശ്വാസം ത്യജിക്കാനുള്ള പിതാവിന്റെ തുടർച്ചയായ നിർബ്ബന്ധവും എല്ലാം ചേർന്ന് തടവുശിക്ഷയുടെ കാലത്ത് പെർപ്പെത്വാ നേരിട്ട ധർമ്മസങ്കടങ്ങൾ അവളുടെ സ്മരണകളിൽ പ്രത്യക്ഷപ്പെടുന്നു.

ജയിൽ ശിക്ഷയുടെ കാലത്ത് പെർപ്പെത്വായ്ക്കുണ്ടായതായി പറയപ്പെടുന്ന വെളിപാടുകളും സ്മരണകളുടെ ഭാഗമാണ്. അപകടങ്ങൾ പതിയിരുന്ന ഒരു കോവണിയിലൂടെ സ്വർഗീയാരാമത്തിലേക്കുള്ള കയറ്റത്തിന്റെ ദർശനമായിരുന്നു അവയിലൊന്ന്. മറ്റൊരു ദർശനത്തിൽ അവൾ, അർബുദം ബാധിച്ച് ഏഴാം വയസ്സിൽ ജ്ഞാനസ്നാനം സ്വീകരിക്കാതെ മരിച്ച സ്വന്തം സഹോദരനെ, പരലോകത്തിൽ പൈദാഹങ്ങളും തീവ്രതാപവും സഹിക്കുന്ന നിലയിൽ കാണുന്നു. തുടർന്ന് അയാൾക്കു വേണ്ടി പ്രാർത്ഥിച്ച പെർപ്പെത്വാ മറ്റൊരു ദർശനത്തിൽ അവനെ ശിക്ഷാമുക്തനായും കണ്ടു.

മരണത്തിന്റെ തലേന്നു വരെയുള്ള കഥയാണ് പെർപ്പെത്വായുടെ സ്മരണയിലുള്ളത്. കാർത്തേജിലെ പൊതുപ്രദർശനശാലയിൽ വലിയ പുരുഷാരത്തിന്റെ മുൻപിൽ കാണികളുടെ വിനോദത്തിനും ഇരകളുടെ അപമാനത്തിനും വേണ്ടി ഒരുക്കിയിരുന്ന മർദ്ദനത്തിനൊടുവിലായിരുന്നു പെർപ്പെത്വായും ഫെലിസിറ്റായും സുഹൃത്തുക്കളും വധിക്കപ്പെട്ടത്. അവരെ കാളകളെക്കൊണ്ട് കുത്തിക്കുന്നതും മറ്റും അതിന്റെ ഭാഗമായിരുന്നു. ഒടുവിൽ പെർപ്പെത്വായെ തലവെട്ടിക്കൊല്ലാൻ ചുമതല കിട്ടിയ ഗ്ലാഡിയേറ്റരുടെ കൈ വിറച്ചപ്പോൾ അവൾ സ്വയം വാളിനു വഴികാട്ടി അയാളെ സഹായിച്ചതായും പറയപ്പെടുന്നു.[4]

അവലോകനം തിരുത്തുക

 
വിശുദ്ധ പെർപ്പെത്വാ, ക്രൊയേഷ്യയിലെ ഒരു ചുവർചിത്രം

ദർശനവരത്തിന്റെ നൈരന്തര്യത്തിനു പ്രാധാന്യം കല്പിക്കുകയും വിശ്വാസിസമൂഹത്തിൽ സ്ത്രീകൾക്കു കൂടുതൽ സ്ഥാനം നൽകുകയും ചെയ്ത മോണ്ടനിസ്റ്റ് ക്രിസ്തീയതയുടെ പശ്ചാത്തലം ഉള്ളവരെങ്കിലും, പെർപ്പെത്വായും ഫെലിസിറ്റിയും കാലക്രമത്തിൽ ക്രിസ്തീയമുഖ്യധാരയിൽ വിശുദ്ധപദവി കണ്ടെത്തി. എങ്കിലും അവരുടെ രക്തസാക്ഷിചരിതത്തിലെ അടിസ്ഥാനരേഖയായ പെർപ്പെത്വായുടെ രചനയുടെ അസാമാന്യസ്വഭാവം അതിന്റെ പിൽക്കാലസംശോധകരേയും സാമാന്യവിശ്വാസികളായ ഭക്തന്മാരേയും വിഷമിപ്പിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളേയും മക്കളുടേയും മാതാപിതാക്കളുടേയും ഉത്തരവാദിത്തങ്ങളേയും സംബന്ധിച്ച വ്യവസ്ഥാപിതക്രിസ്തീയതയുടെ നിലപാടുകളോട് ചേർത്തുവായിക്കാവുന്നതല്ല ആ രചന. വിശ്വാസത്തിനു വേണ്ടിയാണെങ്കിലും സ്വന്തം പിതാവിനെ ധിക്കരിക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്യുന്നവളാണ് പെർപ്പെത്വാ. പെർപ്പത്വായുടെ ഭർത്താവ് കഥയിൽ പ്രത്യക്ഷപ്പെടുന്നേയില്ല. അവളുടെ ദർശനാനുഭവങ്ങളിൽ ചിലതും ക്രിസ്തീയതയിൽ കാലക്രമേണ അംഗീകരിക്കപ്പെട്ട സങ്കല്പങ്ങളുമായി ഒത്തുപോകുന്നില്ല. പെർപ്പെത്വായുടെ സഹോദരന് നരകതാപത്തിൽ നിന്നു മോചനം കിട്ടാൻ പൗരോഹിത്യത്തിന്റെ ഔപചാരികമായ ഇടപെടൽ വഴി ലഭിക്കുന്ന കൂദാശാപരമായ വരപ്രസാദം വേണ്ടിവന്നില്ല.[3]

അവലംബം തിരുത്തുക

  1. തിരുസഭാചരിത്രസംഗ്രഹം, പ്രസാധനം, ദ സെയിന്റ് തോമസ് പ്രെസ് പാലാ, 1966 (പുറങ്ങൾ 11-12)
  2. വിശുദ്ധ പെർപ്പെത്വാ, ബ്രോക്കാംപ്ടൺ റെഫറൻസ് ഡിക്ഷണറി ഓഫ് സെയിന്റ്സ് (പുറങ്ങൾ 153-54)
  3. 3.0 3.1 3.2 Diarmaid Macculloch, Christianity: The First Three Thousand Years (പുറങ്ങൾ 162-63)
  4. "..she guided to her throat the dagger of the reluctant gladiator...."വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം (പുറം 49)