പെരിയാർ പാട്ടക്കരാർ

പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താനുള്ള കരാര്‍

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച് പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താനുള്ള പെരിയാർ പാട്ടക്കരാറിൽ (Periyar lease deed) തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലേർപ്പെടുന്നത്. തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമഅയ്യങ്കാരും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. കരാർ ഭാവിയിൽ നാടിനു ദോഷകരമാകുമെന്ന് വിശാഖം തിരുനാൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ സമ്മർദ്ദം മൂലം കരാറിൽ ഒപ്പ് വയ്ക്കാതിരിക്കാനാവില്ലെന്ന് മനസ്സിലാക്കിയ മഹാരാജാവ് "എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പ് വയ്ക്കുന്നു" എന്നാണു പ്രതികരിച്ചത്. മരാമത്ത് സെക്രട്ടറി കെ. കെ. കുരുവിള, ജെ. എച്ച് പ്രിൻസ്, ജെ.സി ഹാനിങ്ടൺ എന്നിവരായിരുന്നു കരാറിൽ ഒപ്പിട്ട സാക്ഷികൾ. അടുത്തകാലത്താണ് ഏഴു പേജുള്ള കരാറിന്റെ അസൽ കണ്ടെടുത്തത്.

മുല്ലപ്പെരിയാർ അണക്കെട്ട്

999 വർഷത്തേക്ക് ഒപ്പിട്ട കരാറനുസരിച്ച് തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും അണയ്ക്കു 100 ഏക്കർ സ്ഥലം കൂടി നൽകാനുമായിരുന്നു വ്യവസ്ഥ. ഇതിന് എക്കർ ഒന്നിന് അഞ്ചു രൂപ വച്ച് കേരളത്തിനു പാട്ടം നൽകണം. ഏകദേശം നാല്പതിനായിരം രൂപയാണ് അന്ന് കേരളത്തിനു ലഭിച്ചിരുന്നത്. 116 വർഷം മുൻപ് പൂർത്തിയായ അണയിൽ നിന്ന് ഒരു വർഷം ശരാശരി 60 ടി. എം. സി. വീതം ഇതുവരെ 6960 ടി. എം. സി. വെള്ളം തമിഴ്നാടിലെത്തിയുട്ടുണ്ട്. ബ്രിട്ടീഷുകാർ പോയതോടെ സാധുത നഷ്ടപെട്ട കരാർ പുതുക്കാൻ 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഈ. എം. എസ്സുമായും 1960 ജൂലൈയിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായും 1969ൽ വീണ്ടും മുഖ്യമന്ത്രി ഈ. എം. എസ്സുമായൊന്നും നടത്തിയ ചർച്ചകൾക്കൊന്നും കേരളം വഴങ്ങിയില്ല. എന്നാൽ 1970 മേയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി. 1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഇത്. 1970ൽ പുതുക്കിയ സമയത്ത് ഓരോ 30 വർഷത്തിലും കരാർ പുതുക്കണമെന്ന വ്യവസ്ഥയുണ്ട്. 2000ൽ വീണ്ടും പുതുക്കേണ്ടിയിരുന്ന കരാർ തർക്കത്തെത്തുടർന്ന് പുതിക്കിയില്ലെങ്കിലും പഴയനിരക്കിൽ മുടങ്ങാതെ തമിഴ്നാട് പണം കേരളസർക്കാരിനടയ്ക്കുന്നു.

പെരുമ്പാവൂർ ജലസേചന വകുപ്പിന്റെ സൂപ്രണ്ട് ഓഫീസറുടെ ഒന്നാം നമ്പർ ആസ്ഥാനത്താണ് പാട്ടത്തുകയടയ്ക്കുന്നത്. ഡാമിന്റെ വസ്തുക്കരമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ റോയൽറ്റിയായ ഏഴരലക്ഷം രൂപയും ചേർത്ത് ആകെ പ്രതിവർഷം ഏകദേശം പത്തുലക്ഷം രൂപ. കോയമ്പത്തൂർ, ശിരുവാണി ഉൾപ്പെടെ ഏകദേശം ആറോളം അന്തർ നദീജലക്കരാറുകളുടെ തുക ഇവിടെയാണടയ്ക്കുന്നത്. സെപ്റ്റംബറിൽ ഇവിടെ നിന്നയയ്ക്കുന്ന ഡിമാൻസ് നോട്ടീസനുസരിച്ച് മുല്ലപ്പെരിയാർ വൈദ്യുതിയുടേയും വസ്തുവിന്റെയും പാട്ടത്തുകയുടെ ഡ്രാഫ്റ്റ് തേനിയിലെ പെരിയാർ ഡിവിഷനിലെത്തുന്നു. റവന്യ ഹെഡിൽ ജലസേചന വകുപ്പ് ഈ തുക കേരളത്തിന്റെ കണക്കിൽ വരവു വയ്ക്കും. കുമളിക്കു താഴെ ലോവർ ക്യാമ്പിലെ തമിഴ് നാട് ജലവൈദ്യുത നിലയത്തിൽ എത്രമാത്രം വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന കണക്കു നൽകേണ്ട ചുമതല പത്തനംതിട്ട വിദ്യുച്ഛക്തി വകുപ്പ് ഡിവിഷനാണ്.

  • മുല്ലപ്പെരിയാർ പാട്ടക്കരാറിന് 125 - മലയാള മനോരമ ദിനപത്രം, 2011 ഒക്ടോബർ 28, വെള്ളി.
"https://ml.wikipedia.org/w/index.php?title=പെരിയാർ_പാട്ടക്കരാർ&oldid=1300776" എന്ന താളിൽനിന്ന് ശേഖരിച്ചത്