പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം

പാലക്കാട് ജില്ലയിലെ പെരിങ്ങോട് എന്ന ഗ്രാമത്തിലെ ഹൈസ്കൂൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പഞ്ചവാദ്യസംഘം ആണ് പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 1975-76 വർഷത്തിലാണ് പെരിങ്ങോട് സ്കൂളിൽ പഞ്ചവാദ്യത്തിന് ഹരിശ്രീ കുറിച്ചത്. ഇതിനകം 1200ലേറെ കലാകാരന്മാർക്ക് ജന്മം നൽകി. അന്നമനട പരമേശ്വര മാരാർ, കുളമങ്കലത്ത് നാരായണൻ നായർ, കോതച്ചിറ ശങ്കരൻ നായർ എന്നിവരാണ് ആദ്യകാലഗുരുനാഥന്മാർ.

പിന്നീട് ദീർഘകാലം വെളപ്പായ ചന്ദ്രൻ മാരാർ, കടവല്ലൂർ ഗോപാലകൃഷ്ണൻ, എരവത്ത് അപ്പുനായർ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. ആദ്യബാച്ചിന്റെ അരങ്ങേറ്റം പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, പൂമുള്ളി രാമൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു.

അദ്ധ്യാപകർ സ്വരൂപിച്ച ചിട്ടിയായ ആയിരം രൂപയുടെ മൂലധനമായിട്ടാണ് തുടക്കത്തിൽ വാദ്യോപകരണങ്ങൾ വാങ്ങിയത്. പിന്നീട് പൂമുള്ളി മനയിലുള്ള വാദ്യ ഉപകരണങ്ങളുമായിട്ടാണ് ആദ്യത്തെ തവണ സ്കൂൾ യുവജനോൽസവത്തിൽ പങ്കെടുത്തത്. അന്ന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. പിന്നീട് 2014 വരെ ഒന്നൊഴികെ എല്ലാ വർഷവും പെരിങ്ങോടിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പെരിങ്ങോട് ഹൈസ്കൂളിന്റെ പഞ്ചവാദ്യപ്പെരുമ നാടെങ്ങും പരന്നതോടെ സർക്കാർ ചടങ്ങുകളിൽ പെരിങ്ങോടിന്റെ വാദ്യം മുഖ്യസ്ഥാനം പിടിച്ചു. ദൽഹിയിൽ നടന്ന റിപ്പബ്ളിക്ക് ചടങ്ങ് ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെരിങ്ങോടിന്റെ പഞ്ചവാദ്യം കൊട്ടിക്കയറി. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം അന്നത്തെ ഹെഡ്മാസ്റ്റർ പി.എൻ. നാരായണൻ നമ്പീശൻ, കെ.എം.സി. നമ്പൂതിരിപ്പാട്, പി. ഗോപാലൻനായർ എന്നിവർ ചേർന്നാണ് പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യസംഘമെന്ന് നാമകരണം ചെയ്തത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേകം ചട്ടങ്ങളും ഭരണസമിതിയുമുണ്ടാക്കി ഓരോ വർഷവും കണക്ക് അവതരിപ്പിക്കുന്നതും പുതിയ ഭരണസമിതിയെ തെരെഞ്ഞടുക്കുന്നതും ജനാധിപത്യപരമായ രീതിയിൽ തന്നെ നടന്നു വരുന്നു.

കണ്ണികൾതിരുത്തുക