പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല

(പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല[1]. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട പി.കെ. നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല.[2] [3]അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേര് നൽകി ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ പി.എൻ. പണിക്കർ ന്റെ നേതൃത്വത്തിൽ ഈ വായനശാല ജസ്റ്റീസ് പി.കെ.വിലാസം ലൈബ്രറി എന്ന പേരിൽ പുനരാരംഭിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഒരു രൂപ വാടകയ്ക്ക് ഒരു ചെറുകെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം തുടങ്ങി. 1938 ഫെബ്രുവരിയിൽ പി.കെ. നാരായണപിള്ള അന്തരിച്ചു. 1938 മാർച്ചിൽ ഗ്രന്ഥശാലയുടെ പേര് പി.കെ.മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റുകയും ചെയ്തു. 1945 ൽ ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടം ഉണ്ടായി. 23 ജനുവരി 1939 നായിരുന്നു ശിലാസ്ഥാപനം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് രാജ്യസേവാനിരത കെ.ജി. പരമേശ്വരൻ പിള്ളയായിരുന്നു.

പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല
പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല ശിലാസ്ഥാപനം
പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല ഉദ്ഘാടന ശില

1945 ൽ അമ്പലപ്പുഴയിലെ സാഹിത്യപഞ്ചാനന തീയേറ്ററിൽ വച്ചു നടന്ന തിരുവതാംകൂർ ഗ്രന്ഥശാലാസംഘ രൂപീകരണയോഗത്തിൽ പി.എൻ. പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിൽ ആദ്യം രൂപീകരിക്കപ്പെട്ട ഗ്രന്ഥശാല അല്ലെങ്കിൽ കൂടിയും ഗ്രന്ഥശാലകളുടെ രജിസ്ട്രേഷനിൽ ഒന്നാം നമ്പർ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് ലഭിച്ചു.

1996 ൽ ആലപ്പുഴ ജില്ലയിലെ ഏക മോഡൽ വില്ലേജ് ലൈബ്രറിയായി ഈ ഗ്രന്ഥശാല തെരഞ്ഞെടുക്കപ്പെടുകയും 1997 ലെ പ്രഥമ ഇ.എം.എസ് പുരസ്ക്കാരം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ലഭിക്കുകയും ചെയ്തു.

നിരവധി റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ 40000 ത്തിലധികം പുസ്തകങ്ങളും മുപ്പതിലധികം ആനുകാലികങ്ങളും ഇവിടെയുണ്ട്.

  1. http://www.lsgkerala.gov.in/pages/details.php?intID=5&ID=448&ln=ml[പ്രവർത്തിക്കാത്ത കണ്ണി]
  2. അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാല 75ന്റെ നിറവിൽ, ദേശാഭിമാനി
  3. പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു, മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]