പി.ആർ. രാമവർമ്മരാജ
പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗമണ് ശ്രീ. പി. ആർ. രാമവർമ്മരാജ (ആഗസ്റ്റ് 25 ,1904 - ആഗസ്റ്റ് 11, 2001). കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളായിരുന്നു ആലക്കോട് രാജ എന്നും അറിയപ്പെടുന്ന പി.ആർ. രാമവർമ്മരാജ.[അവലംബം ആവശ്യമാണ്]
ശ്രീ. പി. ആർ. രാമവർമ്മരാജ | |
---|---|
പൂഞ്ഞാർ കൊട്ടാരത്തിലെ അംബിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടേയും പുത്രനായി 1904 ആഗസ്റ്റ് 25-ന് ആവണി അവിട്ടം നാളിലാണ് രാജയുടെ ജനനം. 1950-കളിൽ കണ്ണൂർ ജില്ലയിലെ ആലക്കോട്ടേയ്ക്ക് കുടിയേറിയശേഷം അദ്ദേഹം അവിടെ ഒരുപാട് വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആലക്കോട് ഇന്നത്തെ നിലയിലായതിനുപിന്നിൽ പ്രവർത്തിച്ചത് രാജയാണ്. ആലക്കോട്ടുവച്ച് 2001 ആഗസ്റ്റ് 11-ന് 97-ആം വയസ്സിൽ രാജ തീപ്പെട്ടു. കേരളത്തിലെ കായികമേഖലയ്ക്ക് സമഗ്രസംഭാവനകൾ നൽകിയ പി.ആർ. ഗോദവർമ്മരാജ അദ്ദേഹത്ത്ന്റെ അനുജനായിരുന്നു.
വിദ്യാഭ്യാസം
പി. ആർ. രാമവർമ്മരാജയുടെ ആദ്യകാല വിദ്യാഭ്യാസം തിരുവനന്തപുരത്തെ ലോവർ സെക്കണ്ടറി സ്കൂളിലും പിന്നീട് എറണാകുളം മഹാരാജാ ഹൈസ്കൂളിലും, കോട്ടയം സി.എം.എസ്. കോളേജ് , മദ്രാസ് പ്രസിഡൻസി കോളേജിലുമായിരുന്നു. 1925-ൽ ബി.എ. പാസ്സായി.
ഔദ്യാഗിക ജീവിതം
മദ്രാസ്സ് പ്രസിഡൻസി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദമെടുത്തശേഷം സെക്രട്ടറിയേറ്റിൽ ക്ലർക്ക് ,സ്റ്റേറ്റ് വെർണാക്കുലർ റിക്കാർഡ് സൂപ്രണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1932 മുതൽ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ എന്ന നിലയിൽ പ്രവർത്തിച്ചു.
നേട്ടങ്ങൾ
തിരുത്തുകമലബാറിലേയ്ക്കുള്ള (ആലക്കോട്) കർഷക കുടിയേറ്റത്തിന് രാജയുടെ വരവോടുകൂടി തുടക്കം കുറിച്ചു. 1935-ൽ കോളിയാട് മലയും 1936-ൽ പാറോത്തും മലയും (ആലക്കോട് പ്രദേശം) വാങ്ങി. വളരെയധികം പണം റോഡിനും, വൈദ്യുതിക്കും, തോട്ടം വയ്ക്കുന്നതിനുമായി രാജ ചെലവാക്കി. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 1957-ൽ ആലക്കോട് ഡവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആലക്കോട് ഒരു വിദ്യാലയം പണി കഴിപ്പിച്ച് ഏകാദ്ധാപക വിദ്യാലയം തുടങ്ങി. 1958-ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. വിദ്യാലയ നടത്തിപ്പ് പിന്നീട് എൻ.എസ്.എസ് നു കൈമാറി. 1959-ൽ ആലക്കോട് പബ്ലിക്ക് ലൈബ്രറി ആരംഭിക്കുന്നതിന് രാജ നേതൃത്വം നൽകി.1960-ൽ കേരള ഗ്രന്ഥാശാലാ സംഘത്തിന്റെ അംഗീകാരം കിട്ടി. രാജയുടെ ശ്രമം മൂലം മണക്കടവിൽ സർക്കാർ ആശുപത്രി സ്ഥാപിയ്ക്കപ്പെട്ടു. കുടിയേറ്റ പ്രദേശങ്ങളിൽ ആദ്യം വൈദ്യുതി കിട്ടിയ പ്രദേശവും ആലക്കോടായിരുന്നു. 1961-ൽ ആരും നോക്കാനില്ലാതെ കിടന്ന ഒരു ശിവക്ഷേത്രം (അരങ്ങം ക്ഷേത്രം) നന്നാക്കിയെടുത്ത് അവിടെ പുനഃപ്രതിഷ്ഠ നടത്താൻ ഉത്തരവിട്ടതും അദ്ദേഹമാണ്.
സാഹിത്യ പ്രവർത്തനം
സംസ്കൃതഭാഷാ പരിജ്ഞാനവും ചരിത്ര വിജ്ഞാനവും പ്രതിഫലിക്കുന്ന നിരവധി കൃതികൾ അദ്ദേഹം രചിച്ചു. ഗായത്രീമന്ത്രത്തെ ആധികരിച്ച് തയ്യാറാക്കിയ 'ഗായത്രി' എന്ന ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[അവലംബം ആവശ്യമാണ്]
കൃതികൾ
ശബരിമല ശ്രീ അയ്യപ്പൻ ചരിതം, ഗായത്രി, ദേവു അല്ല ദേവിയാണ്(കഥ), മൂന്നു ലേഖനങ്ങൾ, പദ്യവീഥി ,പൂഞ്ഞാർ രാജകുടുംബചരിത്രാവലോകനം.