സയ്യിദ് അഹ്മദ് ഗൈലാനി

(പിർ സയ്യദ് അഹ്മദ് ഗൈലാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഗാനിസ്താനിലെ ഖാദിരിയ്യ സൂഫി പ്രസ്ഥാനത്തിന്റെ നേതാവും, 1980-കളിൽ സോവിയറ്റ് സേനക്കെതിരെ പൊരുതിയ ഒരു പരമ്പരാഗത ഇസ്ലാമിക പ്രതിരോധകക്ഷിയായ മഹസ്ഇ മില്ലിയി ഇസ്ലാമിയി അഫ്ഗാനിസ്താന്റെ (നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) സ്ഥാപകനുമാണ് സയ്യിദ് അഹ്മദ് ഗൈലാനി (ജനനം: 1932). സൂഫി നേതാവായതിനാൽ പീർ സയ്യിദ് അഹ്മദ് ഗൈലാനി എന്നും അറിയപ്പെടുന്നു. ഇന്നും അഫ്ഗാനിസ്താൻ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളിലൊരാളാണ് ഗൈലാനി.[1]

Gailani in September 2014

ജീവിതരേഖ

തിരുത്തുക

സയ്യിദ് അഹ്മദ് ഗൈലാനിയുടെ പിതാവായ സയ്യിദ് ഹസൻ ഗൈലാനി ബാഗ്ദാദിലാണ് ജനിച്ചത്. അമീർ ഹബീബുള്ള ഖാന്റെ കാലത്ത് 1905-ൽ അദ്ദേഹം അഫ്ഗാനിസ്താനിലെത്തുകയും അവിടെ ഖാദിരിയ്യ (Qadirite) സൂഫി പ്രസ്ഥാനത്തിന്റെ നേതാവാകുകയും ചെയ്തു. 1932-ൽ[2] അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിലെ സുർഖ്-റൂദ് ജില്ലയിലാണ് സയ്യിദ് അഹ്മദ് ഗൈലാനി ജനിച്ചത്.

കാബൂളിലെ അബു ഹനീഫ കോളേജിലും, കാബൂൾ സർവകലാശാലയിലെ ദൈവശാസ്ത്രവിഭാഗത്തിലുമായി ഗൈലാനി 1960-ൽ പഠനം പൂർത്തിയാക്കി. 1964-ൽ തന്റെ പിതാവിൽ നിന്നും സൂഫി പ്രസ്ഥാനത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.[2] 1952-ൽ മുൻ അമീർ, ഹബീബുള്ളയുടെ ഒരു പൗത്രിയായ അദേലയെ വിവാഹം ചെയ്തതിലൂടെ രാജകുടുംബവുമായുള്ള ബന്ധവും ശക്തമാക്കി.[3] യുദ്ധകാലത്തിനു മുൻപ്, രാഷ്ട്രീയപ്രവർത്തങ്ങളേക്കാൾ തന്റെ കച്ചവടത്തിനായിരുന്നു ഗൈലാനി കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. രാജകുടുംബവുമായുള്ള ബന്ധം മൂലം കാബൂളിൽ പ്യൂഗോ (Peugeot) വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കുന്നതിനുള്ള ഒരു ഡീലർഷിപ്പ് ഗൈലാനിക്ക് ലഭിച്ചിരുന്നു.[4]

പ്രതിരോധകക്ഷിയുടെ രൂപീകരണം

തിരുത്തുക

1979-ൽ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തിയതിനെത്തുടർന്ന് ഗൈലാനി പാകിസ്താനിലേക്ക് കടന്നു. അവിടെ മഹസ്-ഇ മില്ലിയി ഇസ്ലാമിയി അഫ്ഗാനിസ്താൻ (നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) എന്ന മിതവാദി ഇസ്ലാമികകക്ഷി സ്ഥാപിച്ചു. അഫ്ഗാൻ മുജാഹിദീനുകൾക്ക് ആയുധവും പണവും നൽകുന്നതിന് ഇടനിലക്കാരായി ഐ.എസ്.ഐ. കണ്ടെത്തിയ പെഷവാർ സപ്തത്തിൽ ഉൾപ്പെട്ട ഒരു കക്ഷിയായിരുന്നു ഇത്. പെഷവാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കക്ഷികളിൽ വച്ച് ഏറ്റവും ഉദാരസമീപനമുള്ളതും മതനിരപേക്ഷനിലപാടൂകളുള്ളതുമായ കക്ഷിയായിരുന്നു ഇത്. സഹീർഷാ രാജാവിന്റെ തിരിച്ചുവരവിനേയ്യും ഇവർ സ്വാഗതം ചെയ്തിരുന്നു.നിയമനിർമ്മാണ, എക്സിക്യൂട്ടീവ്, നീതിനിർവഹണ വിഭാഗങ്ങളുടെ വ്യക്തമായ വേർതിരിവിന് വേണ്ടി വാദിച്ച ഇവർ, സ്വതന്ത്രമായ തിരഞ്ഞെടുപ്പ്, പത്രസ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയും നിലകൊണ്ടു. അതിർത്തിപ്രദേശത്തെ ഘൽജി പഷ്തൂണുകളും ഗസ്നിക്ക് വടക്കുള്ള വാർദക്കിലെ പഷ്തൂണുകളുമായിരുന്നു ഈ കക്ഷിയുടെ പ്രധാന അണികൾ.[2]

  1. http://www.fas.org/irp/dni/osc/afghan-election.pdf
  2. 2.0 2.1 2.2 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 316. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Dorronsoro, Gilles (2005). Revolution Unending. Afghanistan: 1979 to the present. London: Hurst. p. 151-152. ISBN 1 85065 703 3.
  4. Rubin, Barnett (1995). The fragmentation of Afghanistan. New Haven: Yale University Press. p. 203. ISBN 0 300 05963 9.
"https://ml.wikipedia.org/w/index.php?title=സയ്യിദ്_അഹ്മദ്_ഗൈലാനി&oldid=3778114" എന്ന താളിൽനിന്ന് ശേഖരിച്ചത്