പാലാ സെൻട്രൽ ബാങ്ക്
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വാണിജ്യ ബാങ്കായിരുന്നു പാലാ സെൻട്രൽ ബാങ്ക്. ചെറിയ നഗരത്തിലാണ് ഇതാരംഭിച്ചതെങ്കിലും സംസ്ഥാന സർക്കാരിനുശേഷം കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായി ബാങ്ക് വളർന്നു. ഇന്ത്യയിലെ 94 ഷെഡ്യൂൾ ചെയ്ത ബാങ്കുകളിൽ 17 ആം വലിയ ബാങ്കായി ഇതു മാറുകയും ചെയ്തു. റിസർവ് ബാങ്കിൽ നിന്നുള്ള ഹർജിയിൽ പാലാ സെൻട്രൽ ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കാൻ 1960-ൽ കേരള ഹൈക്കോടതി ഉത്തരവിട്ടു.[1][2]
1927-ൽ സ്ഥാപിതമായ കാലം മുതൽ പാലാ സെൻട്രൽ ബാങ്കിന് സംഭവബഹുലമായ ചരിത്രമുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിന് രാജ്യ തലസ്ഥാനത്ത് വളരെ കുറച്ച് മാത്രം സ്വാധീനമേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും പിന്നാലെയും ബാങ്കിന്റെ നിലനിൽപ്പിനായി ചെലുത്താനാകുമായിരുന്നുള്ളു. കേന്ദ്രസർക്കാർ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വലിയ പരിഗണനയില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്.
ആരംഭം
തിരുത്തുകഅന്നത്തെ തിരുവിതാംകൂറിൽ തന്റെ ജന്മനാടായ പാലായിൽ ജോസഫ് ആഗസ്തി കയ്യാലയ്ക്കകമാണ് സെൻട്രൽ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്. തിരുവിതാംകൂർ പിന്നീട് കേരളത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ കുടുംബക്കാരനായ അഗസ്തി മത്തായി കയ്യാലക്കകം ആരംഭ മൂലധനം നൽകി. കൃഷിക്കാരുടെയും വ്യാപാരികളുടെയും കുടുംബത്തിലെ അംഗമായിരുന്ന ജോസഫ് അഗസ്തി ബാങ്കിംഗിലേക്ക് തിരിയുന്നതിനു മുമ്പ് മറ്റ് ചില വ്യവഹാരങ്ങൾ നടത്തിയിരുന്നു. തുടക്കത്തിൽ പാലായിലും പിന്നീട് 1908-ൽ തിരുവനന്തപുരത്തും തുണിക്കച്ചവടം നടത്തിയിരുന്നു. 1910 മുതൽ അദ്ദേഹം പാലായിലും തുടർന്ന് തിരുവനന്തപുരത്തും മീനച്ചിൽ മോട്ടോർ അസ്സോസിയേഷൻ എന്ന പേരിൽ ഒരു ബസ് സർവീസും സ്ഥാപിച്ചു.[3]
തിരുവിതാംകൂർ കമ്പനി റെഗുലേഷൻ (1092) പ്രകാരം ഇനിപ്പറയുന്നവരെ ബാങ്കിന്റെ പ്രമോട്ടർ-ഡയറക്ടർമാരായി ഉൾപ്പെടുത്തി: -
- ചെയർമാൻ: അഗസ്തി മത്തായി കയ്യാലയ്ക്കകം
- മാനേജിങ് ഡയറക്ടർ: ജോസഫ് അഗസ്തി കയ്യാലയ്ക്കകം
- ഡയറക്ടേഴ്സ്: ഔത ഔസേഫ് തോട്ടുങ്കൽ, വർക്കി ഔസേഫ് വെള്ളൂക്കുന്നേൽ, ചെറിയത്ത് തൊമ്മൻ മേനാമ്പറമ്പിൽ, ജോർജ്ജ് ജോസഫ് കോട്ടുകാപ്പള്ളിൽ, ജേക്കബ് ചെറിയൻ മരുതുക്കുന്നേൽ
ബാങ്ക് തുടക്കം മുതൽ തന്നെ വളർച്ചയുടെ പാതയിലായിരുന്നു. ബാങ്കിന്റെ പ്രവർത്തനശൈലി അക്കാലത്തെ മറ്റ് ബാങ്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അക്കാലത്തെ മറ്റ് ബാങ്കുകൾ പ്രയോഗിച്ചിരുന്ന 'ക്ലാസ് ബാങ്കിംഗിനേക്കാൾ' മാസ് ബാങ്കിംഗ് 'ആയിരുന്നു അത്. ജനങ്ങൾ പണത്തിന്റെ ആവശ്യങ്ങൾക്കായി വലിയതോതിൽ ചെറുകിട പണമിടപാടുകാരെയാണ് അക്കാലത്ത് ആശ്രയിച്ചിരുന്നത്. അതിനാൽ ആളുകൾക്ക് ഇത് സ്വാഗതാർഹമായ ഒരു മാറ്റമായിരുന്നു. ചെറുകിടവായ്പ നൽകുന്നവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ കല്ലടൈകുറിച്ചിയിൽ നിന്നുള്ളവരായിരുന്നു. വായ്പകൾക്ക് അമിതമായ പലിശ നിരക്ക് ഈടാക്കുകയായിരുന്നു ഈ തമിഴർ.
1929-ൽ തിരുവിതാംകൂറിൽ ഒരു സാമ്പത്തികമാന്ദ്യം ഉണ്ടാവുകയും തിരുവിതാംകൂറിലെ തോട്ടം മേഖലയെ വല്ലാതെ ബാധിക്കുകയും ചെയ്തപ്പോൾ ബാങ്ക് തോട്ടങ്ങൾക്ക് ഉദാരമായ സഹായം ചെയ്തു. പിന്നീട് പാലാ സെൻട്രൽ ബാങ്ക് എന്ന് പേര് മാറ്റിയ ബാങ്ക് പലയിടത്തും ശാഖകൾ തുറന്ന് പ്രവർത്തനം വിപുലീകരിക്കാൻ തുടങ്ങി. 1932-ൽ ഇന്ത്യയുടെ പുതിയ തലസ്ഥാന നഗരമായ ന്യൂഡൽഹിയിൽ ആദ്യമായി ഉത്തരേന്ത്യൻ ബാങ്കുകളെക്കാൾ മുന്നിൽ പാലാ സെൻട്രൽ ബാങ്ക് ഒരു ബ്രാഞ്ച് തുറന്നു. ആലുവ ഒരു പ്രധാന വ്യാവസായിക നഗരമായി മാറുന്നതിനും വർഷങ്ങൾക്ക് മുമ്പ് അവിടെ ഒരു ശാഖ തുറക്കുന്നതിലൂടെ ആലുവയുടെ സാധ്യതയും ബാങ്ക് കണ്ടെത്തി.[4]
കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി സർക്കാർ പള്ളിവാസലിൽ ആരംഭിക്കുന്നതിനും വർഷങ്ങൾക്കു മുൻപെ 1935-ൽ ബാങ്ക് പാലായിലെ ഹെഡ് ഓഫീസ് കെട്ടിടത്തിൽ എണ്ണയിൽ പ്രവർത്തിക്കുന്ന ജനറേറ്റർ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിച്ചു. ഈ കെട്ടിടത്തിൽ ഇപ്പോൾ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നു. ആധുനിക പരസ്യം ചെയ്യൽ ആരംഭിക്കുന്നതിൽ ബാങ്ക് ഒരു മുൻനിരക്കാരനായിരുന്നു. അത് അക്കാലത്തെ മറ്റ് ബാങ്കുകളുടെ പരസ്യങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു.[5]
മികച്ച ഉപഭോക്തൃ സേവനത്തിനായി ജീവനക്കാർക്ക് പരിശീലനം നൽകി. തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തുക നിക്ഷേപിക്കാൻ വരുന്ന ചെറിയ കുട്ടികൾക്കു പോലും വലിയ നിക്ഷേപകർക്കു ലഭിക്കുന്ന അതേ സേവനം ബാങ്കിൽ നിന്നും ലഭിച്ചു. അതിനാൽ, വർഷങ്ങൾക്കുശേഷം മിടുക്കനായ കുട്ടി ജില്ലാ കളക്ടറായിത്തീർന്നപ്പോഴും അദ്ദേഹം ബാങ്കിനെ 'തന്റെ' ബാങ്കായിത്തന്നെ കണക്കാക്കി. എല്ലാവർക്കും പ്രവേശിക്കാവുന്ന തരത്തിൽ ബാങ്കിന്റെ ബ്രാഞ്ച് മാനേജർമാർ ഒരു തുറന്ന നയം പിന്തുടർന്നു. സാധാരണക്കാർക്ക് സമീപിക്കാൻ തീരെ അസാധ്യമായിരുന്ന ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന എതിരാളികളുടെ സേവനവുമായി ഇത് തികച്ചും വ്യത്യസ്തമായിരുന്നു.
അവലംബം
തിരുത്തുക- ↑ History of the Reserve Bank of India - Volumes I & II - Oxford University Press.
- ↑ "110 വർഷം മുൻപ് ഒരു 18കാരന്റെ സ്വപ്നം; കേരളത്തിലെ ആദ്യ ബസ് സർവീസ് ഓടിത്തുടങ്ങിയ കഥ". Archived from the original on 2019-07-28. Retrieved 28 ജൂലൈ 2019.
- ↑ T K Velupillai - Travancore State Manual - Travancore Government Press - 1940.
- ↑ A Sreedhara Menon - A Survey of Kerala History - D C Books - 2008.
- ↑ K M Joseph - Pala Innale Innu ['Palai Yesterday and Today' in Malayalam] - Deepanalam Press - 1981.
ഗ്രന്ഥസൂചി
തിരുത്തുക- T K Velupillai - Travancore State Manual - Travancore Government Press - 1940
- History of the Reserve Bank of India - Volumes I & II - Oxford University Press
- A Sreedhara Menon - A Survey of Kerala History - D C Books - 2008
- Manorama Year Book (1965 Edition) - Malayala Manorama Publications.
- K M Joseph - Pala Innale Innu ['Palai Yesterday and Today' in Malayalam] - Deepanalam Press - 1981
- Banking Regulation Act, 1949 - Government of India.
- Selected Banking Indicators 1947-1997 - Reserve Bank of India
- H R Manchiraju - Modern Commercial Banking - New Age International Publishers - 2008 - ISBN 978-81-224-2622-9
- Rajani A Jadhav - Research Paper on History of Indian Banking System
- Report of the Travancore-Cochin Banking Enquiry Commission - Manager of Publications, Government of India - 1956