പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം

കാസർഗോഡ് ജില്ലയിൽ ഉദുമ പഞ്ചായത്തിലുള്ള ക്ഷേത്രമാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം. മലയാളമാസം കുംഭത്തിലെ ഭരണി നാളിൽ ഇവിടെ ഉത്സവം നടക്കുന്നു. അഞ്ചു ദിവസങ്ങളോളം നീളുന്ന ഉത്സവാഘോഷങ്ങളാണുണ്ടാവുക. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന, വിവിധ പ്രദേശവാസികളുടെ കാഴ്ചസമർപ്പണവും തുടർന്നുള്ള കരിമരുന്നു പ്രയോഗങ്ങളും ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്.[1] തൊട്ടടുത്തുള്ള തൃക്കണ്ണാട് ക്ഷേത്രത്തിൽ കുംഭത്തിലെ അഷ്ടമിക്ക് മുമ്പുള്ള കൃഷ്ണപഞ്ചമിക്ക് ആറാട്ടുത്സവത്തിന് കൊടിയേറുന്നതിന്റെ തുടർച്ചയായിട്ടാണ് പാലക്കുന്നിലെ ഉത്സവത്തിന്റെ തുടക്കം കുറിക്കുന്നത്.[2][3] കലംകനിപ്പ്, മറുപുത്തരി എന്നിവയും ഈ ആഘോഷങ്ങളോടൊപ്പം നടക്കുന്ന വിശേഷങ്ങൾ തന്നെയാണ്. തീയസമുദായത്തിലെ പ്രധാനകഴകമായ പാലക്കുന്ന് കഴകത്തിന്റെ പ്രധന ക്ഷേത്രമാണിത്.

ഭരണിക്കുഞ്ഞ്

തിരുത്തുക

ദേവിയുടെ ജന്മനക്ഷത്രമായ ഭരണി നാളിൽ ജനിച്ച പാലക്കുന്ന് കഴക പരിധിയിൽപ്പെടുന്ന പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ഭരണിക്കുഞ്ഞായി നിയോഗിക്കുന്ന ചടങ്ങുണ്ട്. പെൺകുട്ടിയെ, ക്ഷേത്രത്തോട് ചേർന്നുള്ള ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ദേവിയുടെ നക്ഷത്ര പ്രതീകമായി സങ്കൽപ്പിച്ച് ശിരസ്സിൽ അരിയും പ്രസാദവുമിട്ട് വാഴിക്കുന്നതാണ് ചടങ്ങ്. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി അന്നേ ദിവസം രാവിലെ ഭണ്ഡാര വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നു. ഒപ്പം കുഞ്ഞിന്റെ ബന്ധുക്കളും ഉണ്ടായിരിക്കും. സ്ഥാനികരുടെയും ക്ഷേത്ര ഭാരവാഹികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഉച്ചയോടെ അരിയിട്ട് വാഴിക്കൽ ചടങ്ങ് നടക്കുന്നു. ഉത്സവാരംഭം മുതൽ കൊടിയിറങ്ങും വരെയുള്ള എഴുന്നള്ളത്തിലും അനുബന്ധ ചടങ്ങുകളിലും ആചാരസ്ഥാനികരോടൊപ്പം ഭരണികുഞ്ഞ് ഉണ്ടായിരിക്കും. പെരുമുടി തറ, മേൽപ്പുറത്ത് തറ (മേൽത്തറ), കീഴൂർ തറ (കീഴ്ത്തറ) എന്നിങ്ങനെ മൂന്ന് തറകളായി പത്തരഗ്രാമങ്ങൾ ചേർന്ന് പാലക്കുന്ന് കഴകം വിഭജിച്ചിരിക്കുന്നു. പള്ളിക്കര, പനയാൽ, കീക്കാനം, ഉദുമ, ബാര, കളനാട്, ചെമ്മനാട്, പെരുമ്പള, തെക്കിൽ, കരിച്ചേരി, തുടങ്ങി 10 ഗ്രാമങ്ങളിലെ സമുദായാഗങ്ങൾ ചേരുന്നതാണ് പാലക്കുന്ന് കഴകപരിധി.[4]

ഐതിഹ്യം

തിരുത്തുക

പാലക്കുന്ന്‌ കഴകത്തിലെ ആരാധനാമൂർത്തികൾ ചീർമ്പനാൽവർ(ശ്രീകുറുംമ്പ) എന്നറിയപ്പെടുന്ന മൂത്തഭഗവതി, ഇളയഭഗവതി, ദണ്‌ഠൻ, കണ്‌ഠകർണ്ണൻ എന്നീ ദേവതകളാണ്. വിഷ്‌ണുമൂർത്തി, ഗുളികൻ എന്നീ മൂർത്തികളാണ് ആരാധനമൂർത്തികളായി നിലകൊള്ളുന്നുണ്ട്. ഈ ദേവതകളെ പ്രതിനിധാനം ചെയ്യുന്നത് ആയത്താൻമാരും വെളിച്ചപ്പാടൻമാരുമാണ്. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് കൊടിയിറങ്ങി പിറ്റേന്നാൾ പാലക്കുന്നിൽ കൊടി കയറുന്ന രീതിയിലാണ് ഉത്സവം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കുഭം-മീന മാസങ്ങളിൽ നടക്കാറുള്ള ഭരണി ഉത്സവമാണ് പാലക്കുന്നിലെ പ്രധാന ഉത്സവം. ക്ഷേത്രത്തിനു സമീപത്തുള്ള ഭണ്ഡാരവീടാണ് ചീർമ്പർ നാൽവരുടെ കഴകപ്പുര. നാൽവരെ കൂടാതെ ഭണ്ഡാരവീട്ടിൽ മൂവാളംകുഴി ചാമുണ്ടി, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂർത്തി എന്നീ ദൈവങ്ങൾക്ക് സാന്നിധ്യവും ഉണ്ട്. ഇവിടെ ഈ തെയ്യങ്ങൾ കെട്ടിയാടിക്കാറുമുണ്ട്. ശ്രീ തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ളതാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം.

മൂന്നു കപ്പലുകളിലായി ഒരിക്കൽ പാണ്ഡ്യരാജാവും കൂട്ടരും യാത്ര തുടരുമ്പോൾ, സമുദ്രത്തീരത്ത് നിലകൊള്ളുന്ന തൃക്കണ്ണാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ശോഭ കണ്ട്‌ തനിക്കെതിരെ വരുന്ന പടപ്പുറപ്പാടെന്നു കരുതി തൃക്കണ്ണാട് ക്ഷേത്രം അദ്ദേഹം ആക്രമിച്ചു. ആപത്ത് തിരിച്ചറിഞ്ഞ കാഞ്ഞിരോട്ട് യോഗനിദ്രയിൽ ലയിച്ചിരുന്ന ശ്രീഭദ്ര ചീർമ്പ (നാൽവർ) പടക്കപ്പലുകളിൽ രണ്ടെണ്ണത്തെ കല്ലാക്കിമാറ്റുന്നു. (ഇതാണ് തൃക്കണ്ണാട് ക്ഷേത്രത്തിനു മുൻപിൽ പുറംകടലിൽ കാണുന്ന പാറക്കല്ലിന് പാണ്ഡ്യൻക്കല്ലെന്ന് പേരുവരാനുണ്ടായ ഐതീഹ്യം) ശത്രുനാശത്തിനായി വന്നെത്തിയ ദേവിയെ മഹാദേവൻ അനുഗ്രഹിച്ചു, തന്റെ വലതു ഭാഗത്തു വാസസ്ഥലം നൽകി കുടിയിരുത്തി. ചീർമ്പ നാൽവർക്ക് തൃക്കണ്യാലപ്പൻ ശിവൻ പാലക്കുന്നിൽ ആചാരപൂർവം സ്ഥാനം നൽകി കുടിയിരുത്തി എന്നാണ് ഐതിഹ്യം.

ചിത്രങ്ങൾ

തിരുത്തുക
  1. "വാർത്ത". Archived from the original on 2022-03-04. Retrieved 2022-03-04.
  2. മാധ്യമം വാർത്ത
  3. മനോരമ വാർത്ത
  4. "മാതൃഭൂമി വാർത്ത". Archived from the original on 2022-03-04. Retrieved 2022-03-04.