പാലക്കാട് അനന്തരാമഭാഗവതർ ഒരു കേരളീയ സംഗീതജ്ഞനായിരുന്നു. പാലക്കാടിനടുത്തുള്ള തൊണ്ടിക്കുളം ഗ്രാമത്തിൽ 1867 ഓഗസ്റ്റ് 27-ന് ജനിച്ചു. പുരാണജ്ഞനായ കൃഷ്ണസ്വാമിശാസ്ത്രിയുടെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. നൂറണി മഹാദേവഭാഗവതർ, കോയമ്പത്തൂർ രാഘവയ്യർ, മഹാവൈദ്യനാഥശിവൻ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. നൈസർഗികവാസനാബലവും ശാരീരസിദ്ധിയും സുശിക്ഷിതമായ അഭ്യസനവും ഇദ്ദേഹത്തെ സംഗീതലോകത്തിലെ എണ്ണപ്പെട്ട ഒരു അംഗമാക്കിത്തീർത്തു. അനുമന്ദ്രസ്ഥായിയിലും അതിതാരസ്ഥായിയിലും ഇദ്ദേഹത്തിന് അനായാസമായി പാടാൻ കഴിഞ്ഞിരുന്നു. കൃഷ്ണരാജവാഡിയാരുടെ ഭരണകാലത്ത് മൈസൂറിലെ സംസ്ഥാന വിദ്വാനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. തൊണ്ടൈമണ്ഡലം എന്ന സ്ഥലത്തുവച്ച് പക്കമേളം കൂടാതെ 5 മണിക്കൂർ ഇദ്ദേഹം കച്ചേരി നടത്തുകയുണ്ടായി. കഥാകാലക്ഷേപ കലയിലും ഇദ്ദേഹം നിപുണനായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പ്രമുഖനാണ് പാലക്കാട്ട് രാമഭാഗവതർ. 1919-ൽ ഇദ്ദേഹം അന്തരിച്ചു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്തരാമഭാഗവതർ, പാലക്കാട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.