പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.

പാരീസ് സെന്റ് ജെർമെയ്ൻ അല്ലെങ്കിൽ പി.എസ്.ജി. എന്നറിയപ്പെടുന്ന പാരീസ് ആസ്ഥാനമായുള്ള ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ക്ലബ്. 1970-ൽ സ്ഥാപിതമായ അവർ ഫ്രഞ്ച് ഫുട്‌ബോളിന്റെ മുൻനിര ഡിവിഷനായ ലീഗ് 1-ൽ മത്സരിക്കുന്നു. ഫ്രാൻസിന്റെ ഏറ്റവും വിജയകരമായ ക്ലബ് എന്ന നിലയിൽ പത്ത് ലീഗ് കിരീടങ്ങളും ഒരു പ്രധാന യൂറോപ്യൻ ട്രോഫിയും ഉൾപ്പെടെ 40-ലധികം ഔദ്യോഗിക ബഹുമതികൾ അവർ നേടിയിട്ടുണ്ട്. പാർക്ക് ഡെസ് പ്രിൻസസ് ആണ് അവരുടെ ഹോം സ്റ്റേഡിയം. പാരീസ് എഫ്‌സിയുടെയും സ്റ്റേഡ് സെന്റ് ജെർമെയ്‌ന്റെയും ലയനത്തെത്തുടർന്ന് 1970-ലാണ് പാരീസിയൻസ് സ്ഥാപിതമായത്.

പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.യുടെ ലോഗോ.

1982-ൽ പി.എസ്.ജി അവരുടെ ആദ്യത്തെ പ്രധാന ബഹുമതിയായ ഫ്രഞ്ച് കപ്പും 1986-ൽ അവരുടെ ആദ്യ ഡിവിഷൻ 1 കിരീടവും നേടി. പി.എസ്.ജി ഫ്രാൻസിലെ ഏറ്റവും ജനപ്രിയമായ ഫുട്ബോൾ ക്ലബ്ബും ലോകത്തിലെ ഏറ്റവും വ്യാപകമായി പിന്തുണയ്ക്കുന്ന ടീമുകളിലൊന്നുമാണ്. അവരുടെ ഹോം കിറ്റ് ജേഴ്സിയിലെ നിറങ്ങൾ ചുവപ്പ്, നീല, വെള്ള എന്നിവയാണ്. അവരുടെ ചിഹ്നത്തിൽ ഈഫൽ ടവറും ഒരു ഫ്ലൂർ-ഡി-ലിസും ഉണ്ട്. ഖത്തർ അമീറായ തമീം ബിൻ ഹമദ് അൽതാനിയുടെ ഉടമസ്ഥതയിലുള്ള ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് 2011-ൽ പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബിനെ വാങ്ങി. ഈ ഏറ്റെടുക്കൽ പിഎസ്ജിയെ ഫ്രാൻസിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായും ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ക്ലബ്ബായും മാറ്റി.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക