പാണായി
ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പുഴിക്കും ആനക്കയത്തിനും ഇടയിലുള്ള പ്രദേശമാണ് പാണായി. വെങ്ങാലൂർ എന്ന ദേശത്തിന്റെ ഭാഗമാണ് പാണായി. ഒരു കാലത്ത് ആനക്കയത്തെക്കാൾ പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്നു പാണായി. പ്രധാന ചന്തയും, ആദ്യകാല ബാങ്കും, പോസ്റ്റോഫീസുമാണ് ഈ പ്രാധാന്യത്തിന് കാരണം. [1]
സ്ഥലനാമം
തിരുത്തുകപാണായി എന്ന പേരുവരാനുള്ള കാരണം, ജാതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ഈ ദേശത്ത് അധഃകൃത വർഗത്തിൽ പെട്ട പാണൻമാർ കൂട്ടമായി താമസിച്ചിരുന്നു. ഉയർന്ന ജാതിക്കാർ പോവുന്ന വഴിയിലൂടെ സഞ്ചരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അവർ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ഇടവഴി ഇവിടെ ഉണ്ടായിരുന്നു. പാണവഴി എന്ന പേരിലറിയപ്പെട്ട ഇത് പിന്നീട് പാണായിയായി ലോപിച്ചുവത്രെ. മറ്റൊരു ഐത്യഹ്യം കൂടി ഇതിന് പറഞ്ഞുവരുന്നു. 1930 കളിൽ ഇവിടെ പാറപ്പുറത്ത് മൊയ്തീൻ കുട്ടി മേസ്തിരിയുടെ നേതൃത്വത്തിൽ ഐക്യനാണയ സഹകരണ സംഘം എന്ന സംഘടന രൂപം കൊള്ളുകയും ഈ മേഖലയിൽ അതിന്റെ ആദ്യത്തെ ബാങ്ക് സ്ഥാപിക്കുകയും ചെയ്തു. ഒരു രൂപയായിരുന്നു മെമ്പർഷിപ്പ്. പണമായി എന്ന് ഇതെ സംബന്ധിച്ച് ആളുകൾ പറയാൻ തുടങ്ങിയെന്നും പിന്നീട് അത് ലോപിച്ച് പാണായി എന്നാവുകയും ചെയ്തു. [1]
ഭൂപ്രകൃതി
തിരുത്തുകപാണായിയുടെ കിഴക്കുഭാഗത്ത് വയലുകളാണ്. ജലരാശികൂടിയ മണ്ണ് ഫലഭൂയിഷ്ഠമാണ്. ആദ്യകാലത്ത് തന്നെ നെല്ല് നന്നായി വിളഞ്ഞിരുന്നു. പടിഞ്ഞാറുഭാഗത്തേക്കു പോകുമ്പോകുന്തോറും വരണ്ടമണ്ണുള്ള കുന്നുകളും പറമ്പുകളും കാണപ്പെടും. മുകളിലേക്കു എറിച്ചു നിൽക്കുന്ന ഒറ്റക്കാൽ പാറകൾ ധാരാളമായി ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്. ചെങ്കല്ല് നിറഞ്ഞ പ്രദേശമാണ് കൂടുതലും. പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് നീരൊഴുക്ക്. കിഴങ്ങുവർഗങ്ങൾ, തെങ്ങ്, വാഴ എന്നവയാണ് പ്രധാന കൃഷികൾ. പാപ്പിനിപ്പാറയിൽനിന്നും വെങ്ങാലൂർവഴി ഒഴുകിവരുന്ന കാക്കേങ്ങൽ തോട് പണായി അങ്ങാടിക്ക് സമീപം ജുമുഅത്ത് പള്ളിക്കരികിലൂടെ ഒഴുകി പെരിമ്പലത്തുവെച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്നു. പണ്ടുകാലത്ത് ഈ തോട് അണകെട്ടി നിർത്തി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. പാണായി അങ്ങാടിക്ക് കിഴക്കുവശമുള്ള വയലിനെ മുറിച്ച് പെരിമ്പലത്തേക്കുള്ള റോഡ് പോകുന്നു. പാണായി അങ്ങാടിയിൽനിന്നും വീട്ടിപ്പടിവഴി വടക്കുഭാഗത്തേക്ക് പോകുന്ന റോഡ് മുട്ടിപ്പാലത്ത് വെച്ച് പെരിന്തൽമണ്ണ മഞ്ചേരി റോഡുമായി സംഘമിക്കുന്നു. [1]
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനമായി ഒരു എൽ.പി. സ്കൂളും ആരാധാനാലയമായി ഒരു ജുമുഅത്ത് പള്ളിയും മാത്രമാണ് പാണായിലിപ്പോൾ ഉള്ളത്. വെങ്ങാലൂർ ഭാഗത്ത് ഒരു കുടുംബ മണ്ഡപം ഉണ്ട്. ഇല്ലിക്കൽതൊടി ഭഗവതി ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. മകരമാസത്തിൽ ഇവിടെ താലപ്പൊലി നടന്നുവരുന്നു. [1]
എ.എം.എൽ.പി. സ്കൂൾ വെങ്ങാലൂർ
തിരുത്തുകഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയം പാണായി അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്നു. [1]