പബാഗ്
പബാഗ് (പാഹ്ലവി: 𐭯𐭠𐭯𐭪𐭩, Pāpak/Pābag; New Persian: بابک Bābak), 205/6 മുതൽ തന്റെ മരണം വരെയുള്ള ഏകദേശ കാലഘട്ടമായ 207-10 വരെ പാർസിന്റെ തലസ്ഥാനമായിരുന്ന ഇസ്തഖർ ഭരിച്ചിരുന്ന ഒരു ഇറാനിയൻ രാജകുമാരനായിരുന്നു. അദ്ദേഹം സസാനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ അർഡാഷിർ ഒന്നാമന്റെ പിതാവായിരുന്നു (അല്ലെങ്കിൽ രണ്ടാനച്ഛൻ). അദ്ദേഹത്തിന്റെ ഭരണാകലശേഷം മൂത്തപുത്രനായ ഷാപൂർ സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
പബാഗ് 𐭯𐭠𐭯𐭪𐭩 | |
---|---|
Shah | |
ഭരണകാലം | 205/6 – 207–10 |
മരണം | 207–210 |
മരണസ്ഥലം | Istakhr, Pars, Iran |
മുൻഗാമി | Gochihr |
പിൻഗാമി | Shapur |
അനന്തരവകാശികൾ | Shapur Ardashir Denag |
മതവിശ്വാസം | Zoroastrianism |
പാഴ്‌സിന്റെ പശ്ചാത്തലം
തിരുത്തുകതെക്കുപടിഞ്ഞാറൻ ഇറാനിയൻ പീഠഭൂമിയിലെ ഒരു പ്രദേശമായ പാർസ് (പേർസിസ് എന്നും അറിയപ്പെടുന്നു) ഇറാനിയൻ ജനതയുടെ തെക്കുപടിഞ്ഞാറൻ ശാഖയായ പേർഷ്യക്കാരുടെ മാതൃരാജ്യമായിരുന്നു.[1] ആദ്യത്തെ ഇറാനിയൻ സാമ്രാജ്യമായ അക്കീമെനിഡുകളുടെ ജന്മസ്ഥലം കൂടിയായിരുന്നു ഇത്.[1] മാസിഡോണിയൻ രാജാവായിരുന്ന മഹാനായ അലക്സാണ്ടർ (ബി.സി. 336–323) അധീനപ്പെടുത്തുന്നതുവരെ ഈ പ്രദേശം സാമ്രാജ്യത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.[1] ക്രി.മു. 3-ആം നൂറ്റാണ്ടിന്റെ അവസാനമോ രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭമോ മുതൽ, ഹെലനിസ്റ്റിക് സെലൂസിഡ് സാമ്രാജ്യത്തിന്റെ സാമന്തന്മാരായി പ്രാദേശിക രാജവംശങ്ങൾ പാർസിൽ ഭരണം നടത്തി.[2] ഈ രാജവംശങ്ങൾ അക്കീമെനിഡ് കാലഘട്ടത്തിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഫ്രാറ്റാറാക ("നേതാവ്, ഗവർണർ, മുൻഗാമി") എന്നറിയപ്പെട്ടിരുന്ന പുരാതന പേർഷ്യൻ പദവി വഹിച്ചിരുന്നു.[3] പിന്നീട് ഫ്രാറ്റാറാക വാഡ്ഫ്രഡാഡ് രണ്ടാമന്റെ കീഴിൽ (ബിസി 138) ഇത് ഇറാനിയൻ പാർത്തിയൻ (അർസാസിഡ്) സാമ്രാജ്യത്തിന്റെ സാമന്ത ദേശമായി.[2] തൊട്ടുപിന്നാലെ മിക്കവാറും അർസാസിഡ് രാജാവായ ഫ്രാറ്റെസ് രണ്ടാമന്റെ (ബിസി 132–127) കാലത്ത് ഫ്രാറ്റാറാക്ക എന്ന സ്ഥാനപ്പേര് പേർസിസിലെ രാജാക്കന്മാർ എന്നായി മാറ്റിസ്ഥാപിച്ചു.[4] ഫ്രാറ്ററാക്കയിൽ നിന്ന് വ്യത്യസ്തമായി, പേർസിസ് രാജാക്കന്മാർ ഷാ ("രാജാവ്") എന്ന സ്ഥാനപ്പേര് ഉപയോഗിക്കുകയും ദാരായിനിഡ്സ് എന്ന് മുദ്രകുത്താവുന്ന ഒരു പുതിയ രാജവംശത്തിന് അടിത്തറയിടുകയും ചെയ്തു.[4]
ഉത്ഭവം
തിരുത്തുകപുതിയ പേർഷ്യൻ & അറബി ഗ്രന്ഥങ്ങൾ
തിരുത്തുകപബാഗും സാസനും ആദ്യത്തെ സസാനിയൻ രാജാവായ അർദാഷിർ ഒന്നാമനും (കാലം: 224-242) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽനിന്നു ലഭ്യമാണ്.[5] മധ്യകാല പേർഷ്യൻ കവിയായിരുന്ന ഫെർഡൌസി (മരണം: 1020) എഴുതിയ ഷഹ്നാമെ ("രാജാക്കന്മാരുടെ പുസ്തകം") അനുസരിച്ച്, ഐതിഹാസിക കയാനിയൻ ഭരണാധികാരികളായ ദാര II, ദാര I, കെയ് ബഹ്മാൻ, എസ്ഫാൻഡിയാർ, വിസ്തസ്പ എന്നിവരുടെ ഒരു പിൻഗാമിയായിരുന്നു സാസൻ.[5] കായാനിയൻ കുടുംബത്തിൽ പെട്ടതെന്ന സാസന്റെ അവകാശവാദം രൂപകൽപ്പന ചെയ്യപ്പെട്ടത് അർദാഷിർ പുരാതന കയാനിയൻ രാജാക്കന്മാരിൽ നിന്നാണെന്നും അക്കമെനിഡുകളുടെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്നതാണെന്നു ന്യായീകരിക്കുന്നതിനുമാണ്.[5]
അലക്സാണ്ടറിനു മുമ്പു ഭരിച്ചിരുന്ന അവസാന കയാനിയൻ രാജാവായ ദാര രണ്ടാമനെക്കുറിച്ചുള്ള വിവരങ്ങൾ അലക്സാണ്ടർ കീഴടക്കിയ സാമ്രാജ്യത്തിലെ അക്കെമെനിഡ് രാജാവായിരുന്ന ഡാരിയസ് മൂന്നാമനെ (കാലം. ബിസി 336–330) അടിസ്ഥാനമാക്കിയുള്ളതാണ്.[5] ദാര രണ്ടാമന്റെ മകൻ, സാസൻ ("മുതിർന്നയാൾ" എന്ന് വിളിക്കപ്പെടുന്നു) ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും മരണം വരെ അവിടെ പ്രവാസത്തിൽ കഴിയുകയും ചെയ്തു.[5] അദ്ദേഹത്തിന്റെ പുത്രനേയും, അതുപോലെ തന്നെ സാസൻ ("ഇളയവൻ" എന്നും വിളിക്കപ്പെടുന്നു), ഈ പ്രക്രിയ നാല് തലമുറകളായി ആ കുടുംബത്തിൽ തുടരുകയും ചെയ്തു.[5] ഇതേപ്രകാരം നാമകരണം ചെയ്യപ്പെട്ട കുടുംബത്തിലെ പിൻഗാമിയായ മറ്റൊരു സസാൻ, പാർസിലെ പ്രാദേശിക ഭരണാധികാരിയായിരുന്ന പബാഗിനായി ജോലി ചെയ്‌തു.[5] പബാഗിന്റെ മകൾ സാസനെ വിവാഹം കഴിക്കുകയും അർദാഷിർ എന്ന പുത്രനു ജന്മം നൽകുകയും ചെയ്തു.[5][6] ഇതിനുശേഷം, സാസനെക്കുറിച്ച് പരാമർശമില്ല.[5] അലക്സാണ്ടറിന്റെ വിജയത്തെത്തുടർന്ന് സാസന്റെ പൂർവ്വികർ ഇന്ത്യയിൽ താമസിച്ചിരുന്നതായി ഷഹനാമെ സൂചിപ്പിക്കുന്നു.[5] സാസന്റെ ഇന്തോ-പാർത്തിയൻ ബന്ധം ചൂണ്ടിക്കാണിക്കാൻ ഈ റിപ്പോർട്ട് പണ്ഡിതന്മാർ ഉപയോഗിക്കുന്നു.[5]
മധ്യകാല ഇറാനിയൻ ചരിത്രകാരനായ അൽ-തബാരിയിൽനിന്നുള്ള വിവരങ്ങൾ (മരണം. 923) അനുസരിച്ച്, പസാഗ് സസാന്റെ പുത്രനും റംബിഹിഷ്ത് പാർസിലെ പ്രാദേശിക ഭരണാധികാരികളുടെ രാജവംശമായ ബസ്രാംഗിഡ് കുടുംബത്തിൽ നിന്നുള്ള രാജകുമാരിയുമായിരുന്നു.[7][6] അർബാഷീറിന്റെ പിതാവായി ഈ ചരിത്രകാരൻ പബാഗിനെ അവതരിപ്പിക്കുന്നു.[7] ഫിർഡൌസിയുടെ ഷാഹ്‌നാമിലെപ്പോലെ അൽ-തബാരിയും സസാനെ പാർസിലെ ഒരു വിദേശിയാണെന്ന് വിശേഷിപ്പിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൽ നിന്ന് വ്യത്യസ്തമായി, സസാന്റെ ഉത്ഭവ സ്ഥലത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നതേയില്ല.[7]