കേരളത്തിലെ ഒരു കവിയും ഗദ്യകാരനും സ്വാതന്ത്ര്യസമരസേനാനിയും സാമുദായിക-സാമൂഹികപ്രവർത്തകനുമായിരുന്നു പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമൻപിള്ള (1909 -17 ഒക്ടോബർ 1998). അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രാർത്ഥനാ ഗീതം രചിച്ചത് ഇദ്ദേഹമാണ്.

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിൽ പന്തളത്തിന്റെ സമീപപ്രദേശമായ തുമ്പമണ്ണിൽ 1909-ലാണ് കെ.പി. രാമൻപിള്ളയുടെ ജനനം. പന്തളം എൻ.എസ്.എസ് സ്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ് പന്തളം കെ പി എന്ന തൂലികാ നാമം സ്വീകരിക്കുന്നതും കാവ്യരചനാരംഗത്ത് സജീവമാകുന്നതും. മലയാള സാഹിത്യത്തിൽ ഒരു കാലത്ത് ഉദിച്ചുയർന്ന ചങ്ങമ്പുഴ പ്രസ്ഥാനത്തിൽ ഇദ്ദേഹവും പങ്കാളിയായിരുന്നു.[1] നാൽപ്പതുകളിൽ കാവ്യരചനയിൽ നിന്ന് വിട്ടു നിന്ന അദ്ദേഹം ഇക്കാലത്ത് ലേഖനങ്ങളിലും വിനോദ കഥകളിലുമാണ് ശ്രദ്ധ പതിപ്പിച്ചത്.

സ്റ്റേറ്റു കോൺഗ്രസ്സുകാരനായി തിരുവിതാംകൂറിലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു. 1954-ൽ എൻ.എസ്.എസ്. നേതാവ് മക്കപ്പുഴ വാസുദേവൻ പിള്ളക്കെതിരെ ഇടതുപക്ഷ സ്ഥാനാർഥിയായി തിരു - കൊച്ചി നിയമസഭയിലേക്ക് ഇദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ മൽസരിച്ചത് മൂലം സ്കൂളിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

1998 ഒക് ടോബർ 17-ന് ചെന്നൈയിൽ വെച്ച് പന്തളം കെ.പി അന്തരിച്ചു.

ഏകാന്തകോകിലം, മുരളീധരൻ, അഖിലാണ്ഡമണ്ഡലം,രാഗസുധ തുടങ്ങിയ കവിതാസമാഹരങ്ങളും, മരതകപീഠം എന്ന നോവലും, രാജേന്ദ്രൻ എന്നൊരു ബാലസാഹിത്യകൃതിയും പന്തളത്തിന്റേതായിട്ടുണ്ട്.

അഖിലാണ്ഡമണ്ഡലമെന്ന കവിത

പദ്യ-ഗദ്യ വിഭാഗങ്ങളായി നിരവധി കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും ജനഹൃദയങ്ങളിൽ പന്തളം കെ.പി-യെ അനശ്വരനാക്കിയത് 1951-ൽ എൻ.എസ്.എസ്.-ന്റെ ഉൽപ്പന്ന പിരിവിനു വേണ്ടി രചിച്ച ഈ ഗാനാത്മക കവിതയാണ്.

എന്നു തുടങ്ങുന്ന ഈ കവിത ഉപാസന എന്ന പേരിൽ അഖിലാണ്ഡമണ്ഡലം എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈശ്വരധ്യാനത്തോടൊപ്പം സഹിഷ്ണുത, മതസൗഹാർദ്ദം, മാനവഐക്യം, സമത്വചിന്ത തുടങ്ങിയ മൂല്യങ്ങളും നന്നായി വിളക്കിച്ചേർത്ത ഈ കവിത പിൽക്കാലത്ത് കേരളത്തിലെ പല വിദ്യാലയങ്ങളിലും പൊതുയോഗങ്ങളിലും പ്രാർത്ഥനാ ഗീതമായിട്ടുണ്ട്.[2] കുറച്ചു കാലം ഈ കവിത പ്രഭാതഗീതമായി ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്.[3]

  1. Changampuzha, Guptan Nair, Sahitya Akademi, Page-18
  2. സാർഥകമായ പ്രാർഥന: പന്തളം കെ.പി, ടി ശശി മോഹൻ, മലയാളം വെബ്‌ദുനിയ
  3. "തുമ്പമൺ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2013-08-01. Retrieved 2011-11-02.
"https://ml.wikipedia.org/w/index.php?title=പന്തളം_കെ.പി.&oldid=3636155" എന്ന താളിൽനിന്ന് ശേഖരിച്ചത്