പനങ്കുടന്ത അരുവി പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമൂഴി ഗ്രാമത്തിൻറെ കിഴക്കുഭാഗത്ത് ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു വെളളച്ചാട്ടമാണ്. ശബരിമലയുടെ ഉൾക്കാടുകളിലെ മലനിരകളിൽനിന്നു രൂപപ്പെടുന്ന പമ്പാനദിയുടെ ഒരു പോഷകനദിയിലാണ് ഉയരത്തിൽനിന്നു തട്ടുതട്ടുകളായി അത്യഗാധതയിലേയ്ക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം പതിനൊന്നു തട്ടുകളായി ഈ അരുവി മലഞ്ചെരുവുകളിൽനിന്നു താഴേയ്ക്കു പതിക്കുന്നു. ഈ വെള്ളച്ചാട്ടത്തിനു സമീപത്തെത്തുവാൻ ആദിവാസികളുടെ സഹായത്തോടെ ഉൾവനങ്ങളിലൂടെ കിഴുക്കാംതൂക്കായ മലനിരകൾ കടന്നു സഞ്ചരിക്കേണ്ടതുണ്ട്. പെരുന്തേനരുവിയിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ നാറാണംമൂഴി പഞ്ചായത്തിൽ കൊല്ലമുള വില്ലേജിൽപ്പെട്ട കുരുമ്പൻമൂഴി ആദിവാസി ഗ്രാമത്തിനു സമീപത്തായിട്ടാണ് പനങ്കുടന്ത അരുവിയുടെ സ്ഥാനം.


"https://ml.wikipedia.org/w/index.php?title=പനങ്കുടന്ത_അരുവി&oldid=3979241" എന്ന താളിൽനിന്ന് ശേഖരിച്ചത്