അടച്ചുകെട്ടിയ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുവാനായുള്ള മേൽക്കൂരയോടു കൂടിയ പ്രവേശനദ്വാരമാണ് പടിപ്പുര. കൊട്ടിയമ്പലം എന്നും ഇവയ്ക്കു പേരുണ്ട്‌. കേരളീയ ഗൃഹനിർമ്മാണ രീതിയിൽ പടിപ്പുരകൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. പടിപ്പുരയും അതിനോട്‌ ചേർന്നുള്ള മതിൽക്കെട്ടും പലവിധമായ ബാഹ്യഭീഷണികളിൽ നിന്നും ഗൃഹസ്ഥർക്ക് സുരക്ഷിതത്വം നൽകിയിരുന്നു. വീട്ടുകാർക്ക് പുറംകാഴ്ചകൾ കാണുന്നതിനുള്ള ഒരു മാർഗ്ഗമായും വഴിയാത്രക്കാർക്ക്‌ ഒരു വിശ്രമസ്ഥലമായും പടിപ്പുരകൾ പ്രയോജനപ്പെട്ടിരുന്നു.

പടിപ്പുര കേരളാശൈലിൽ

ചരിത്രംതിരുത്തുക

ക്ഷേത്രങ്ങൾക്ക്‌ ഗോപുരം എന്ന സങ്കല്പത്തിൽ നിന്നുമാവാം വീടുകൾക്ക്‌ പടിപ്പുര എന്ന ആശയം ഉരുത്തിരിഞ്ഞത്‌.[1] ആദ്യകാലങ്ങളിൽ പ്രധാനപാതകളോടു ചേർന്നുള്ള ഭവനങ്ങളിലായിരുന്നു പൊതുവേ പടിപ്പുരകൾ ഉണ്ടായിരുന്നത്. എന്നാൽ പിൽക്കാലത്ത് ഇതു വ്യാപകമായ ഒരു ശൈലിയായി. തടികൊണ്ടു പണിത് ഓലമേഞ്ഞ പടിപ്പുര കാലം മാറിയപ്പോൾ, ഓടുമേഞ്ഞു കുമ്മായം പൂശിയതായി.

 
ആധുനിക രീതിയിലുള്ള ഒരു പടിപ്പുര

പ്രവേശനകവാടത്തിന്‌ മാത്രം പ്രാധാന്യം കല്പിച്ചിരുന്ന ചെറിയ പടിപ്പുരകൾ മുതൽ രണ്ട്‌ നിലയുളള പടിപ്പുരമാളികകൾ വരെ നിലവിലുണ്ടായിരുന്നു. വലിയ പ്രഭു കുടുംബങ്ങളിലായിരുന്നു പടിപ്പുര മാളികകളുണ്ടായിരുന്നത്. താഴത്തെനിലയിൽ പാറാവും, മുകളിൽ ആശ്രിതർക്കും അകന്ന ബന്ധുജനങ്ങൾക്കും താമസിക്കുവാനും, ശത്രുവീക്ഷണത്തിനും ഉള്ള സൗകര്യങ്ങൾ ഇത്തരം പടിപ്പുരമാളികകളിൽ നിലവിലുണ്ടായിരുന്നു. പ്രഭുക്കന്മാർ പലതരം വിശേഷപ്പെട്ട അലങ്കാരപ്പണികളോടു കൂടിയ പടിപ്പുര അഭിമാനമായി കണ്ടിരുന്നു. സ്ഥാനവലിപ്പം കുറഞ്ഞവരായി ഗണിക്കപ്പെട്ടിരുന്നവർ മുളമ്പടികളും മൺമതിലുകളും കെട്ടിയടച്ചു പടിപ്പുരകൾ സ്ഥാപിച്ചിരുന്നു.

പടിപ്പുര നിർമ്മാണത്തിന്‌ തച്ചുശാസ്‌ത്രം നിയതമായ സ്ഥാനങ്ങൾ വിധിച്ചിരുന്നു. വീടിന്‌ അഭിമുഖമായുളള പടിപ്പുര നിർമ്മാണരീതിയാണ്‌ പ്രധാനമായി നിലനിന്നിരുന്നതെങ്കിലും വാസ്‌തുവിന്റെ നാലുഭാഗത്തും പടിപ്പുരകൾ ആവാമായിരുന്നു. ഈ നാലെണ്ണത്തിനും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളും നിർണ്ണയിക്കപ്പെട്ടിരുന്നു.[2]

ഇടക്കാലത്ത് ഗൃഹനിർമ്മാണ രീതിയിൽ പടിപ്പുരകൾ അപ്രധാനമായെങ്കിലും ഇപ്പോൾ കേരളത്തിന്റെ പലഭാഗങ്ങളിലും വീടുകൾക്ക് പടിപ്പുരകൾ പണിതുവരുന്നുണ്ട്. തടികൊണ്ടുള്ളതും കുമ്മായം പൂശിയതുമായ പടിപ്പുരകൾക്ക് പകരം കോൺക്രീറ്റിലുള്ളവയാണ് ആധുനിക കാലത്ത് കൂടുതലായുള്ളത്.

പടിപ്പുര - പഴംചൊല്ലുകളിൽതിരുത്തുക

'പടിപ്പുര' അല്ലെങ്കിൽ 'കൊട്ടിയമ്പലം' ചേർത്തുള്ള പല പഴംചൊല്ലുകളും മലയാളത്തിലുണ്ട്:

  • "പുരയേക്കൾ വലിയ പടിപ്പുര"
  • "ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ"
  • "പടിപ്പുര വിറ്റാൽ പഞ്ഞം തീരുമോ?"
  • "പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമോ?"
  • "ഇട്ടിയമ്മ തുള്ളിയാൽ കൊട്ടിയമ്പലം വരെ" .

അവലംബംതിരുത്തുക

  1. "പടിപ്പുരകളുടെ പൈതൃകം". പുഴ.കോം. ശേഖരിച്ചത് മാർച്ച് 29, 2012.
  2. "പടിപ്പുര പണിയുന്നതിലെ വിധികൾ". കേരള ഭൂഷണം. ജൂൺ 17, 2011. ശേഖരിച്ചത് മാർച്ച് 29, 2012.
  • "പുനർജ്ജനിക്കുന്ന പടിപ്പുരകൾ ", മുരളീധരൻ തഴക്കര, "സാഹിത്യ പോഷിണി" ഡിസംബർ 2005
"https://ml.wikipedia.org/w/index.php?title=പടിപ്പുര&oldid=2479096" എന്ന താളിൽനിന്ന് ശേഖരിച്ചത്