നർമ്മദ ബചാവോ ആന്ദോളൻ
നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിവിനാശത്തിനുമെതിരെ രൂപംകൊണ്ട ഒരു സർക്കാരിതര സന്നദ്ധ സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ . 1989-ൽ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. അഹിംസാത്മകമായ പ്രക്ഷോഭരീതി സ്വീകരിച്ചിരിക്കുന്ന ഈ പ്രസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ, സാമൂഹ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവപങ്കാളികളാണ്. അണക്കെട്ടിനെതിരായ സമരം ഇപ്പോഴും തുടരുന്നു. അണക്കെട്ടുനിർമ്മാണം നിർത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും വാദിക്കുന്ന ഗുജറാത്തിലെ ആർച്ച്-വാഹിനി, നർമദ അൻസർ ഗ്രസ്ഥസമിതി, മധ്യപ്രദേശ് ആസ്ഥാനമായുള്ള നർമദ ഖാദി നവനിർമാൺ സമിതി, മഹാരാഷ്ട്രയിലെ നർമദ ധരൺ ഗ്രസ്ഥസമിതി തുടങ്ങിയ സംഘടനകളും എൻ.ബി.എ.യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
തിരുത്തുക1947-ലാണ് നർമദ നദിയിലെ വെള്ളം എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയിലെ ജലവിതരണ തർക്കം പരിഹരിക്കുന്നതിനു 1969 ഒ. 6-ന് നദീജല തർക്ക പരിഹാര സമിതി നിലവിൽ വന്നു. 1979 ഡി. 12-ന് റിപ്പോർട്ട് സമർപ്പിച്ചു[1].
സമിതിയുടെ നിർദ്ദേശാനുസരണം 30 വലിയ അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും 3000 ചെറു അണക്കെട്ടുകളും നിർമ്മിക്കാൻ തീരുമാനിച്ചു. 1984-ൽ നിർമ്മാണം ആരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ കാർഷിക, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്. സർക്കാരിന്റേത് അതിവാദങ്ങളാണെന്നും യഥാർഥത്തിൽ ഗുണഭോക്താക്കളെക്കാൾ ബാധിതരാണുണ്ടാവുകയെന്നും വിമർശകർ ചൂണ്ടിക്കാണിച്ചു. മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നും, ഏഴുലക്ഷം പേരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാവുമെന്നും വ്യക്തമാക്കപ്പെട്ടു. മധ്യപ്രദേശിലെ മഹേശ്വർ ഡാം 40000-ൽപ്പരം മനുഷ്യരുടെ ഉപജീവനം ഇല്ലാതാക്കുമെന്നും 61 ഗ്രാമങ്ങളെ ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിച്ചു. ബാധിതരുടെ മൂന്നിൽ ഒന്ന് കെവാട്സ്, ഹാർസ് എന്നീ ആദിവാസി വിഭാഗങ്ങളാണ്.
1985-ൽ മേധാപട്കറും സംഘവും പദ്ധതി പ്രദേശം സന്ദർശിച്ചു. വലിയ വിഭാഗം ജനങ്ങൾ പദ്ധതിയുടെ ഇരകളാകുമെന്ന ആശങ്ക വ്യാപകമായി. പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനം നടത്താതെയാണ് അണക്കെട്ട് നിർമ്മാണത്തിനൊരുങ്ങുന്നതെന്ന പരാതിയും വ്യാപകമായി. അടിസ്ഥാന പാരിസ്ഥിതിക നിബന്ധനകളുടെ ലംഘനം, സൂക്ഷ്മപഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം എന്നീകാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിനിർദ്ദേശം മരവിപ്പിച്ചു.
പ്രക്ഷോഭം
തിരുത്തുകപദ്ധതിക്കുവേണ്ടി ലോകബാങ്ക് 450 മില്യൻ ഡോളർ വായ്പയായി നല്കാൻ തീരുമാനിച്ചു. ജനങ്ങളെ പുനരധിവസിപ്പിക്കാതെ നിലവിലുള്ള വിളകൾക്ക് നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹരിക്കാനായിരുന്നു ആദ്യ തീരുമാനം. മേധാപട്കർ കേന്ദ്രസർക്കാരിനെ സമീപിച്ചപ്പോഴാണ് ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. അവർ ഗവേഷണപഠനം ഉപേക്ഷിച്ച് പദ്ധതിബാധിതരായ ജനങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭം നയിക്കാനും തീരുമാനിച്ചു. മധ്യപ്രദേശിൽ നിന്ന് ആരംഭിച്ച് നർമദ താഴ്വരയിൽ അവസാനിക്കുന്ന വിധത്തിൽ അയൽ സംസ്ഥാനങ്ങളിലൂടെ 36 ദിവസം നീണ്ട ഐക്യദാർഢ്യമാർച്ച് സംഘടിപ്പിച്ചു. ഇത് വരാൻപോകുന്ന നീണ്ട സമരങ്ങളുടെ മുന്നോടിയാണെന്നും മേധ പ്രഖ്യാപിച്ചു. മാർച്ചിനെ പോലീസ് ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിച്ചത്. പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് പദ്ധതിയുടെ ഇരകളാകാൻ പോകുന്ന ജനങ്ങളുടെ പ്രതിഷേധ ധർണ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കുമുമ്പിൽ സംഘടിപ്പിക്കപ്പെട്ടു.
സർദാർ സരോവർ പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. പട്കർ 22 ദിവസം നീണ്ട നിരാഹാരസമരം നടത്തുകയും പ്രശ്നം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 1991-ൽ ലോകബാങ്ക് സ്വതന്ത്ര അന്വേഷണം നടത്താൻ തീരുമാനിച്ചു. ലോകബാങ്കിന്റെയും ഇന്ത്യാ ഗവൺമെന്റിന്റെയും നയങ്ങൾക്ക് വിരുദ്ധമായാണ് പദ്ധതിയെന്ന് വിശദീകരിച്ചുകൊണ്ട് 1995-ൽ ലോകബാങ്ക് വായ്പ നല്കാനുള്ള തീരുമാനം പിൻവലിച്ചു.
പദ്ധതി പ്രദേശത്ത് നിന്ന് ജനങ്ങളെ ഇറക്കിവിടുന്നതിനെതിരായി 1993-ൽ മേധാപട്കർ നിരാഹാരസമരം പ്രഖ്യാപിച്ചു. 1994-ൽ സംഘടനയുടെ ഓഫീസ് ഒരുവിഭാഗം രാഷ്ട്രീയ പ്രവർത്തകർ ആക്രമിച്ചു. 20 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവിൽ മേധയെ പൊലീസ് അറസ്റ്റുചെയ്തു.
പദ്ധതിപ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് എൻ.ബി.എ. കോടതിയെ സമീപിച്ചു. അണക്കെട്ട് നിർമ്മാണം നിർത്തിവയ്ക്കാനും പുനരധിവാസപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും 1995-ൽ കോടതി സംസ്ഥാനസർക്കാരുകളോട് നിർദ്ദേശിച്ചു. നീണ്ട നിയമ നടപടികൾക്കുശേഷം 1999-ൽ നിർമ്മാണപ്രവർത്തനം തുടരാൻ കോടതി അനുവദിക്കുകയാണുണ്ടായത്.
ജലനിരപ്പ് 99 മീറ്ററിലേക്ക് ഉയർത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആ വർഷം ആഗ. 11-ന് ജലസമാധി എന്ന പുതിയ സമരരീതി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുമ്പോൾ മുങ്ങുന്ന പ്രദേശത്തു നിന്ന് പിന്മാറാൻ അവർ വിസമ്മതിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യർക്കും, പ്രകൃതിക്കും വേണ്ടിയുള്ള എൻ.ബി.എ.യുടെ സമരം തുടരുകയാണ്. ഇത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മേധാ പട്കർ ഈ സമരത്തിലൂടെ ഇന്ത്യയിലെ സാമൂഹിക പാരിസ്ഥിതിക പോരാട്ടങ്ങളുടെ മുൻനിര നേതാവായിത്തീർന്നു. ലോകമെമ്പാടുമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങൾക്ക് പ്രചോദനം നൽകിയ പ്രസ്ഥാനമായി നർമദ ബചാവോ ആന്ദോളൻ മാറിക്കഴിഞ്ഞു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-23. Retrieved 2011-09-02.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നർമദ ബചാവോ ആന്ദോളൻ (എൻ.ബി.എ.) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |