നോസ്ട്രഡാമസ്

ഫ്രഞ്ച് ജ്യോതിശാസ്ത്രകാരൻ

മൈക്കൽ ഡെ നോസ്ട്രഡാമെ (ആംഗലം: Michel de Nostredame) (14 അല്ലെങ്കിൽ 21 ഡിസംബർ 1503 - 2 ജൂലൈ 1566) എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.

മൈക്കൽ ഡെ നോസ്ട്രഡാമെ
നോസ്ട്രഡാമസ്: അദ്ദേഹത്തിന്റെ പുത്രൻ സീസർ വരച്ച ഛായാചിത്രം
ജനനം4 അല്ലെങ്കിൽ 21 ഡിസംബർ 1503
സെയ്ന്റ് റമി പ്രവിശ്യ,ദക്ഷിണ ഫ്രാൻസ്
മരണം2 ജൂലൈ 1566 (രേഖപ്പെടുത്തിയത് പ്രകാരം)
സലോൺ ഡെ പ്രവിശ്യ, ഫ്രാൻസ്
തൊഴിൽപ്രവചകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, ജ്യോതിശാസ്ത്രജ്ഞൻ,ഭിഷ്വഗരൻ
ഒപ്പ്

ജീവിതരേഖ

തിരുത്തുക
 
നോസ്ട്രഡാമസിന്റെ ജനനസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ദക്ഷിണ ഫ്രാൻസിൽ നിലനിൽക്കുന്ന കെട്ടിടം

ബാല്യകാലം

തിരുത്തുക

1503 ഡിസംബർ 14നാണ് ഇദ്ദേഹം ജനിച്ചതെന്നും അതല്ല ഡിസംബർ 21നാണെന്നും രണ്ടഭിപ്രായങ്ങൾ നോസ്ട്രഡാമസിന്റെ ജനനത്തീയതിയെ സംബന്ധിച്ച് നിലവിലുണ്ട്. ദക്ഷിണ ഫ്രാൻസിലെ സെയ്ന്റ് റെമി പ്രവിശ്യയിലാണ് ജനനം. ധാന്യക്കച്ചവടക്കാരനായിരുന്ന ജൗമ്/ജാക്വസ് നോസ്ട്രഡാമെയുടേയും റെയ്നീറെ/റെനെയുടെയും ഒൻപത് മക്കളിൽ ഒരാളായിരുന്നു മൈക്കൽ ഡെ നോസ്ട്രഡാമെ. ഇദ്ദേഹത്തിന്റെ ജനനസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടം ഇപ്പോഴും നിലവിലുണ്ട്. യഹൂദ(ജൂത) വിശ്വാസത്തിൽ നിന്നും മാറി കത്തോലിക്കരായി തീർന്നവരായിരുന്നു നോസ്ട്രഡാമസിന്റെ പിതാവിന്റെ കുടുംബക്കാർ. ഇദ്ദേഹത്തിന്റെ മുത്തശ്ശനായിരുന്ന ഗൈ ഗാസോണറ്റ് ക്രൈസ്തവ വിശ്വാസിയായപ്പോഴാണ് പേരിന്റൊപ്പം നോസ്ട്രഡാമെ എന്ന ക്രൈസ്തവ നാമം കൂട്ടിച്ചേർത്തത്.


പതിനഞ്ചാമത്തെ വയസ്സിൽ നോസ്ട്രഡാമസ് അവിഗ്നോൺ സർവ്വകലാശാലയിൽ പ്രവേശനം നേടുകയും ജ്യോതിഷം, ഗണിതശാത്രം, വ്യാകരണം എന്നീ വിഷയങ്ങളിൽ അറിവ് നേടുകയും ചെയ്തു. എന്നാൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സർവ്വകലാശാല അടച്ചതോടു കൂടി അദ്ദേഹം അവിടെ നിന്നും യാത്രയായി. തുടർന്ന് 1521 മുതൽ 1529 വരെയുള്ള എട്ട് വർഷക്കാലം പകർച്ചവ്യാധികൾക്കെതിരെ പ്രയോഗിക്കാനുള്ള പച്ചമരുന്നുകൾ തേടി അദ്ദേഹം അലഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മോണ്ടെ പെല്ലിയർ സർവ്വകലാശാലയിൽ അദ്ദേഹം വൈദ്യശാസ്ത്ര പഠനത്തിന് ചേർന്നെങ്കിലും അധികം വൈകാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

വിവാഹശേഷമുള്ള ജീവിതം

തിരുത്തുക

പുനരുദ്ധാന കാലത്തെ പണ്ഡിതന്മാരിലൊരാളായ ജൂൾസ് സീസർ സ്കാലിംഗറിന്റെ ആഥിത്യം സ്വീകരിച് ഏഗൻ എന്ന ദേശത്തെത്തിയ നോസ്ട്രഡാമസ് ഹെന്രിട്ടെ എങ്കൂസ്സെ എന്ന സ്ത്രീയെ വിവാഹം കഴിക്കുയും. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തു.എന്നാൽ പ്ലേഗിന്റെ പിടിയിൽപ്പെട്ട് ഭാര്യയേയും, മക്കളേയും നഷ്ടമായ അദ്ദേഹം സ്വദ്ദേശത്തേക്ക് തിരികെയെത്തുകയും ലൂയിസ് സെറെ എന്ന ഭിഷ്വഗ്വരനൊപ്പം പ്ലേഗ്ഗ് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. 1547 ൽ സാലോൺ ഡേ പ്രവിശ്യയിൽ സ്ഥിരതാമസമാക്കിയ നോസ്ട്രഡാമസ് ആൻ പോൻസട്രെ എന്ന ധനികയായ വിധവയെ വിവാഹം ചെയ്തു. ഇവർക്ക് ആറ് കുട്ടികൾ പിറന്നു.

പ്രവചന രംഗത്തേക്ക്

തിരുത്തുക

ഇറ്റലിയിലേക്കുള്ള ഒരു യാത്രക്കിടയിൽ നോസ്ട്രഡാമസ് നിഗൂഡ ശാസ്ത്രത്തിലേക്ക് കൂടുതൽ അടുക്കുകയും, ജ്യോതിശ്ശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെ ആർജ്ജിച്ച വിവരങ്ങൾ പ്രവചനങ്ങളായി രേഖപ്പെടുത്താനുമാരംഭിച്ചു.എന്നാൽ നോസ്ട്രഡാമസ് ഒരു മുറി വൈദ്യനും തട്ടിപ്പുകാരനുമാണെന്ന വാദഗതികൾ അദ്ദേഹത്തിന്റെ എതിരാളികളായ ജ്യോതിഷ പണ്ഡിതന്മാർ അക്കാലത്ത് പ്രചരിപ്പിച്ചിരുന്നുവെന്നും കാണാം. 1550ൽ തന്റെ പ്രവചനങ്ങളും, നിരീക്ഷണങ്ങളും ചേർത്ത് അദ്ദേഹം ഒരു വാർഷികപതിപ്പ് പുറത്തിറക്കി. ഇതൊരു വൻ വിജയമായതിനെത്തുടർന്ന് ഉടൻ തന്നെ മറ്റൊരു പതിപ്പു കൂടി പുറത്തിറക്കാൻ അദ്ദേഹം നിർബന്ധിതനായി. ഈ രണ്ട് വോള്യങ്ങളിലുമായി 6,338 പ്രവചനങ്ങൾ അടങ്ങിയിരുന്നതായി കണക്കാക്കപ്പെടുന്നു. പദ്യരൂപത്തിലാണ് പ്രവചനങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്. പന്ത്രണ്ടോളം വാർഷിക കലണ്ടറുകളും അദ്ദേഹം പുറത്തിറക്കുകയുണ്ടായി. 1555 ൽ പുറത്തിറക്കിയ 'ലെസ് പ്രോഫെറ്റീസ്' ആണ് നോസ്ട്രഡാമസിന്റെ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടത്. പ്രധാനമായും ഫ്രഞ്ചിൽ എഴുതിയിരുന്ന അദ്ദേഹം ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ ഭാഷകളും തന്റെ രചനകളിൽ ഉൾപ്പെടുത്തി. ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള നിഗൂഡ ഭാഷാ രീതിയും അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു.

അന്നത്തെക്കാലത്ത് വൈദ്യപഠനത്തിനൊപ്പമാണ് ജ്യോതിഷ പഠനം നടത്തിയിരുന്നതെന്നും, വൈദ്യപഠനം പൂർത്തിയാക്കാതിരുന്നതിനാൽ നോസ്ട്രഡാമസിന് ജ്യോതിഷത്തിൽ പാണ്ഡിത്യം നേടാനായില്ലെന്നും ഒരു വിഭാഗം ഗവേഷകർ വാദിക്കുന്നു. തന്റെ കാലത്തുണ്ടായിരുന്ന ചില പ്രവചന ഗ്രന്ഥങ്ങൾ അൽപ്പം മാറ്റം വരുത്തി പകർത്തിയെഴുതുകയാണ് നോസ്ട്രഡാമസ് ചെയ്തിരുന്നതെന്നും വാദമുണ്ട്.

അവസാനകാല ജീവിതം

തിരുത്തുക

1566 ൽ അദ്ദേഹത്തിന്റെ കാലുകളിൽ ശക്തമായ നീർവീക്കമുണ്ടാവുകയും ഈ രോഗം അദ്ദേഹത്തിന്റെ ചലനശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്തു. മരണത്തിന്റെ തലേന്ന് അദ്ദേഹം താൻ അടുത്ത സൂര്യോദയം കാണുകയില്ലെന്ന് പറഞ്ഞിരുന്നതായി എഴുതപ്പെട്ടിട്ടുണ്ട്. 1566 ജൂലൈ 2 അർദ്ധരാത്രി അദ്ദേഹം അന്ത്യശ്വാസം വലിച്ചു. സേലണിലെ ഫ്രാൻസിസ്കൻ പള്ളിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നോസ്ട്രഡാമസിന്റെ ശവകുടീരം ഇപ്പോഴും അവിടെയുണ്ട്.

"https://ml.wikipedia.org/w/index.php?title=നോസ്ട്രഡാമസ്&oldid=3233936" എന്ന താളിൽനിന്ന് ശേഖരിച്ചത്