ചെയ്യാത്ത ജോലിക്ക്‌ കൂലി ആവശ്യപ്പെടുക എന്ന കേരളത്തിലെ ചുമട്ടുതൊഴിൽമേഖലയിൽ  നിലനിന്നിരുന്ന അനഭിലക്ഷണീയവും അനാരോഗ്യപരവും ആയ പ്രവണതയാണ്നോക്കുകൂലി.

അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികൾ നടത്തുമ്പോഴും ആധുനിക യന്ത്രങ്ങൾ (ജെസിബി ക്രെയിൻ ടിപ്പർ മുതലായവ) ഉപയോഗിച്ചും കയറ്റിയിറക്കു നടത്തുമ്പോൾ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് നോക്കുകൂലി. കേരളത്തിൽ മാത്രം നിലവിലുണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴിൽ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യർ ആ ജോലി ചെയ്യുന്നെങ്കിൽ തങ്ങൾക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാൽ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തിൽ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദവുമുണ്ട്.

കയറ്റി/ഇറക്കൽ നടക്കുന്ന ആ പ്രദേശത്തെ സംഘടിത തൊഴിലാളി യൂണിയനുകൾ ആണ് നോക്ക്‌കൂലി സാധാരണ ആവശ്യപ്പെടുന്നത്. ഭരണ/പ്രതിപക്ഷ ഭേദമില്ലാതെ സകല യൂണിയനുകളും നോക്കുകൂലി വാങ്ങിച്ചിരുന്നു. ഈ സമ്പ്രദായം കേരളത്തിലുടനീളം വ്യാപകമായ കുപ്രസിദ്ധി നേടിയിരുന്നു. എന്നാൽ ഈയിടെയായി ഈ പ്രവണതയ്‌ക്ക് സർക്കാരിൽ നിന്നും രാഷ്ട്രീയ-ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ ഇടപെടലുകൾ കൊണ്ടും ഗണ്യമായ കുറവു വന്നിട്ടുണ്ട്.

പ്രവർത്തനരീതി തിരുത്തുക

പ്രവർത്തന രീതി സാധാരണയായി ഇപ്രകാരമാണ്: സംസ്ഥാനത്തെ മിക്കവാറും എല്ലാ വ്യവസായ മേഖലകളിലും റെസിഡൻഷ്യൽ ഏരിയയിലും, തൊഴിലാളി യൂണിയനുകളിലെ അംഗങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കം. നിരീക്ഷകരുടെ ചുമതല ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടെത്തുക എന്നതാണ്. ഒരു അവസരം കണ്ടുകഴിഞ്ഞാൽ, ലഭ്യമായ എല്ലാ യൂണിയൻ അംഗങ്ങൾക്കും അവർ വാർത്തകൾ വേഗത്തിൽ എത്തിക്കും, തുടർന്ന് അവർ സാധനങ്ങൾ ഓഫ്‌ലോഡ് ചെയ്യുന്ന സ്ഥലത്തേക്ക് കൂട്ടത്തോടെ ഇറങ്ങുന്നു. ചൂടേറിയ ചർച്ചകൾ പിന്നീട് ആരംഭിക്കും. ജോലി ചെയ്യുന്നതിനായി നേതാക്കൾ പലപ്പോഴും കൊള്ളപ്പലിശ നിരക്കുകൾ ആവശ്യപ്പെടുന്നു. "ജോലി ചെയ്യാനുള്ള അവകാശം" എന്ന അവരുടെ ആവശ്യം പലപ്പോഴും സാധാരണയുക്തിയുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ, ജോലി യാന്ത്രികമായി ചെയ്യിക്കുകയാണെങ്കിലും അല്ലെങ്കിൽ വീട്ടുജോലിക്കാരെ ഉപയോഗിച്ച് ചെയ്യിക്കുകയാണെങ്കിലും അത് നോക്കി നിൽക്കുന്ന യൂണിയൻ അംഗങ്ങൾക്ക് ഒരു നിശ്ചിത തുക കാണുന്നതിന് നൽകണമെന്നതാണ് സാധാരണ കീഴ്‌വഴക്കം. [1]

ഒരു അധാർമ്മിക തൊഴിൽ സമ്പ്രദായമായി വ്യാപകമായി അംഗീകരിക്കപ്പെട്ട, കേരളം വ്യാവസായികമായി വികസിക്കാത്തതിന്റെ ഒരു കാരണമായി നോക്കുകൂലി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ജുഡീഷ്യൽ ഇടപെടൽ തിരുത്തുക

ഈ നിയമവിരുദ്ധമായ സമ്പ്രദായം അവസാനിപ്പിക്കാൻ കേരള സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പ് നടപടികൾ പല നടപടികളും സ്വീകരിച്ചു ; നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുന്നത് ഉൾപ്പെടെ. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് കേരള ഹൈക്കോടതിയിൽ നിന്ന് ഇടപെടലുകളുണ്ടായി. [2]

നോക്കുകൂലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് തിരുത്തുക

2018 മേയ് ഒന്നിന് അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാർ നോക്കുകൂലി നിരോധിച്ച് അതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. [3] ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുൾപ്പെടെ കേരളത്തിലെ ചുമട്ടുതൊഴിൽമേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യപ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്‌കാരം പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്. തൊഴിൽമേഖലകളിൽ ചില യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2018 മാർച്ച് എട്ടിനു നടന്ന ട്രേഡ്‌യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണു തൊഴിൽവകുപ്പ് ആ ഉത്തരവ് പുറപ്പെടുവിച്ചത്. [4]അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകൾ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു സർക്കാർ തീരുമാനം എടുത്തത്. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്‌തത്. ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ പിന്നീട് അംഗീകരിച്ചു.[5] നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്നു നിയമസഭയിൽ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. [6]

ഇതും കാണുക തിരുത്തുക

  • ഹർത്താൽ ( ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിയമലംഘനത്തിന് ഉപയോഗിക്കുന്ന സമരം)

പുറത്തേക്കുള്ള ലിങ്കുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. (Special Correspondent of THE HINDU) (28 April 2010). "News: States: Kerala". CITU opposes ‘nokku kooli’. The Hindu. Retrieved 9 December 2011.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Implement goonda-act against nokku kooli: HC". Archived from the original on 2013-05-08. Retrieved 2021-07-30.
  3. http://niyamasabha.org/codes/14kla/session_13/ans/u01069-301118-827000000000-13-14.pdf
  4. https://www.manoramaonline.com/news/latest-news/2018/04/30/no-more-nokkukooli-from-may-one-onwards-in-kerala.html
  5. https://www.manoramaonline.com/news/latest-news/2018/04/30/no-more-nokkukooli-from-may-one-onwards-in-kerala.html
  6. https://www.manoramaonline.com/news/latest-news/2018/04/30/no-more-nokkukooli-from-may-one-onwards-in-kerala.html
"https://ml.wikipedia.org/w/index.php?title=നോക്കുകൂലി&oldid=3726540" എന്ന താളിൽനിന്ന് ശേഖരിച്ചത്