നെല്ലിക്കാത്തുരുത്തി കഴകം

തീയർ സമുദായത്തിന്റെ കഴകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കഴകമാണ് നെല്ലിക്കാത്തുരുത്തി കഴകം. തീയ്യരുടെ കോടതി എന്നാണ്നെല്ലിക്കാത്തുരുത്തി കഴകം അറിയപ്പെടുന്നത്, ആര്യനാട്ടിൽ നിന്നും മരക്കലമേറി വന്ന പൂമാലഭഗവതിയും പൂമാരുതനും കൂടി കയറിത്താമസിച്ചുവെന്നു സങ്കല്പിക്കുന്ന കൊളങ്ങാട്ട് മലയിലെ കാവാണ് നെല്ലിക്കാത്തുരുത്തി കഴത്തിന്റെ മൂലസ്ഥാനം. ഇവിടെ ദേവി നീലമംഗലത്ത് ഭഗവതിയായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഏറെ പ്രാചീനത അവകാശപ്പെടുന്ന കഴകമാണിത്. തീയരുടെ ആഭ്യന്തിര കാര്യങ്ങളിലെല്ലാം പരമാധികാരം ഒരു കാലത്ത് നെല്ലിക്കാത്തുരുത്തി കഴകത്തിനായിരുന്നു. മറ്റു കഴകങ്ങളിൽ പരിഹരിക്കാൻ കഴിയാതെ വരുന്ന പ്രശ്നസങ്കീർണതകൾ വരെ ഈ കഴകത്തിൽ അന്ന് എത്തുമായിരുന്നു. പാലക്കുന്ന് കഴകം, രാമവില്യം കഴകം, കുറുവന്തട്ട കഴകം എന്നിവയാണു തീയരുടെ മറ്റു കഴകങ്ങൾ.[1] അപൂർവ്വമായി 167 ഓളം തെയ്യങ്ങൾ ഏഴുദിവസങ്ങളിൽ രാത്രിയും പകലുമായി ഇവിടെ കെട്ടിയാടാറുണ്ട്.[2] പടക്കത്തി ഭഗവതി, ആയിത്തി ഭഗവതി, പുന്നക്കാൽ ഭഗവതി, നിലമംഗലത്ത് ഭഗവതി, ഉത്രോളിക്കടവത്ത് ഭഗവതി, അങ്കകുളങ്ങര ഭഗവതി, ഇളമ്പറ്റി ഭഗവതി, കമ്പല്ലൂർ ഭഗവതി, പണയക്കാട്ട് ഭഗവതി, ചെമ്പിലോട്ട് ഭഗവതി തുടങ്ങി ഒട്ടേറെ അമ്മത്തെയ്യങ്ങളും പൂമാരുതൻ, വേട്ടയ്‌ക്കൊരു മകൻ, പടവീരൻ, ഭൈരവൻ, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തുടങ്ങി ഒട്ടേറെ മറ്റു തെയ്യങ്ങളും ചേരുന്നതാണ് ഈ പട്ടിക.[2] ഇവിടത്തെ പ്രധാന ആരാധനമൂർത്തിയായ നിലമംഗലത്ത് ഭഗവതിയെ കെട്ടിയാടാനുള്ള അവകാശം നീലേശ്വരത്തെ അഞ്ഞൂറ്റാൻ കുടുംബത്തിൽപെട്ടവർക്കാണുള്ളത്.[2]

തൃക്കൂട്ടം തിരുത്തുക

പ്രശ്നങ്ങൾ പരിഹരിക്കാനായൊ പരാതികൾ കേട്ട് വിധികല്പിക്കുന്നതിന് ഫലവത്തായ നിർവ്വഹണ വ്യവസ്ഥകളുണ്ട്. കഴകങ്ങൾക്കിടയിൽ തീരാത്ത തർക്കങ്ങൾ വന്നുപെട്ടാൽ നാലു കഴകങ്ങളിലേയും മുഖ്യസ്ഥാനികർ ഒന്നിച്ചു ചേർന്ന് ചർച്ചയിൽ ഏർപ്പെടുന്നതിനെ തൃക്കൂട്ടം എന്നു പറയുന്നു. തീയ്യരുടെ ആദ്യത്തെ അധിവാസ കേന്ദ്രമായിരുന്നു ഇത് എന്ന് മൂർക്കോത്ത് കുഞ്ഞപ്പ രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. കാസർഗോഡ് ചരിത്രവും സമൂഹവും - പേജ് 302 - കാസർഗോഡ് ജില്ലാ പഞ്ചായത്ത്
  2. 2.0 2.1 2.2 അഴിമുഖം റിപ്പോർട്ട്