മഹാരാഷ്ട്രയിലെ ഒരു സാമൂഹ്യപ്രവർത്തകയാണ് നീലിമ മിശ്ര(ജനനം: 1972). 2011-ൽ ഉയർന്ന് വരുന്ന മികച്ച നേതൃത്വം എന്ന നിലയ്ക്ക് രമൺ മാഗ്സസെ അവാർഡ് ലഭിച്ചു.[1] ഭഗിനി നിവേദിത ഗ്രാമീൺ വിഗ്യാൻ നികേതൻ എന്ന സംഘടനയുടെ സ്ഥാപകയാണ് നീലിമ മിശ്ര.[2]

നീലിമ മിശ്ര
അറിയപ്പെടുന്ന കൃതി
ഭഗിനി നിവേദിത ഗ്രാമീൺ വിഗ്യാൻ നികേതൻ സ്ഥാപക
പുരസ്കാരങ്ങൾമാഗ്സസെ അവാർഡ് , 2011

ആദ്യകാല ജീവിതം

തിരുത്തുക

മഹാരാഷ്ട്രയിലെ ബഹാദർപുർ ഗ്രാമത്തിലെ ഒരു മധ്യവർഗ്ഗകുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലം മുതൽക്ക് തന്നെ ചുറ്റുപാടും കാണാനിടയായ ദാരിദ്ര്യം നീലിമയെ വേദനിപ്പിച്ചിരുന്നു. 13 വയസ്സുള്ളപ്പോൾ തന്നെ താൻ വിവാഹം കഴിക്കില്ലെന്നും പാവപ്പെട്ടവർക്കായി സാമൂഹ്യപ്രവർത്തനം നടത്തുമെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം 1995-ൽ അവർ സ്വന്തം ഗ്രാമത്തിൽ മടങ്ങിയെത്തി.

സാമൂഹ്യപ്രവർത്തനത്തിലേക്ക്

തിരുത്തുക

സ്ത്രീകളുടെ സാമൂഹ്യോന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ആംഗ്ലോ-ഐറിഷ് മിഷനറി ഭഗിനി നിവേദിതയുടെ പേരിൽ ഭഗിനി നിവേദിത ഗ്രാമീൺ വിഗ്യാൻ നികേതൻ (ബി.എൻ.ജി.വി.എൻ)എന്ന സന്നദ്ധസംഘടന ആരംഭിച്ചു. മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായ ഗ്രാമം എന്ന ആശയം നീലിമയെ സ്വാധീനിച്ചിരുന്നു. അതിനാൽ സംഭാവന തരുന്നവരുടെ താല്പര്യത്തിനനുസരിച്ച വികസനമോ ഗവണ്മെന്റ് ഫണ്ടിനായി അമിതതാല്പര്യമോ തനെ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. മറിച്ച് പ്രശ്നങ്ങൾ സ്വയം കണ്ടെത്തി അത് പരിഹരിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക, അതിലവരെ സഹായിക്കുക എന്ന പ്രവർത്തനരീതിയാണ് അവർ അവലംബിച്ചത്. 14-സ്ത്രീകൾ മാത്രമുള്ള ഒരു സ്വയം സഹായ സംഘമായാണ് തുടക്കം. തുടർന്ന് അനവധി കൂട്ടമ്യ്മകൾ, മൈക്രോ ഫിനാൻസ്, ഭക്ഷ്യോൽപ്പന്നങ്ങൾ, വിദേശ കയറ്റുമതിക്കായി പരവതാനി നിർമ്മാണം തുടങ്ങിയ പദ്ധതികൾ വിജയകരമായി ആവിഷ്കരിച്ചു. ചർച്ചകൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ഗ്രാമസഭകൾ രൂപീകരിച്ചു.300-ൽ പരം ശൗചാലയങ്ങൾ നിർമ്മിച്ച് ആരോഗ്യരംഗത്തും ാവർ പ്രവർത്തിച്ചു. ബഹാദർപുരിലെ വിജയം മറ്റിടങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ അവർക്ക് പ്രോൽസാഹനമായി. 10 വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിലെ 200-ൽ പരം ഗ്രാമങ്ങളിൽ 1800-ൽ പരം സ്വയം സഹായ സംഘങ്ങളുള്ള പ്രസ്ഥാനമായി ബി.എൻ.ജി.വി.എൻ മാറി[3].

  1. ടൈംസ് ഓഫ് ഇന്ത്യ, 27 ജൂലൈ, 2011
  2. "ഭഗിനി നിവേദിത ഗ്രാമീൺ വിഗ്യാൻ നികേതൻ വെബ്സൈറ്റ്". Archived from the original on 2017-04-25. Retrieved 2017-03-22.
  3. [ http://www.rmaf.org.ph/newrmaf/main/awardees/awardee/profile/21 Archived 2017-07-01 at the Wayback Machine. രമൺ മഗ്സസേ അവാർഡ് ഫൗണ്ടേഷൻ]
"https://ml.wikipedia.org/w/index.php?title=നീലിമ_മിശ്ര&oldid=3973607" എന്ന താളിൽനിന്ന് ശേഖരിച്ചത്