നിത്യസഹായമാതാവ്
യേശുവിന്റെ അമ്മ മറിയത്തിന് അതേ പേരുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈസാന്തിയ ചിത്രവുമായി ബന്ധപ്പെടുത്തി ഒൻപതാം പീയൂസ് മാർപ്പാപ്പ നൽകിയ ഒരു പേരാണ് നിത്യസഹായമാതാവ്.
നിത്യസഹായമാതാവ് | |
---|---|
സ്ഥാനം | റോം, ഇറ്റലി |
തിയതി | 1499 |
സാക്ഷി | വ്യാപാരികൾ നാവികർ |
തരം | ക്രീറ്റൻ കലാപാരമ്പര്യത്തിലെ, ദൈവജനനി |
അംഗീകാരം നൽകിയത് | ഒൻപതാം പീയൂസ് മാർപ്പാപ്പ |
ദേവാലയം | വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ദേവാലയം |
1499 മുതൽ റോമിൽ ഉണ്ടായിരുന്ന നിത്യസഹായമാതാവിന്റെ ചിത്രം ഇപ്പോൾ അവിടത്തെ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ പള്ളിയിലാണ്. പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഈ ചിത്രം, "പീഡാനുഭവത്തിന്റെ കന്യക", "പീഡാനുഭവത്തിന്റെ ദൈവജനനി" എന്നൊക്കെ അറിയപ്പെടുന്നു.
അതിന്റെ പ്രചാരകരായി നിയോഗിക്കപ്പെട്ട റിഡംപ്റ്റെറിസ്റ്റ് മിഷനറിമാരുടെ പരിശ്രമഫലമായി ഈ ചിത്രം, കത്തോലിക്കാ രാജ്യങ്ങളിൽ പ്രത്യേകിച്ചും, ഏറെ ജനപ്രീതി നേടുകയും അതിന്റെ പകർപ്പുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കുടുംബങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും ചിത്രം സ്ഥാപിക്കപ്പെട്ടു. വിശുദ്ധമറിയവുമായി ബന്ധപ്പെട്ട മതപരമായ കലാസൃഷ്ടികൾ പ്രചരിപ്പിക്കാൻ മാർപ്പാപ്പയുടെ അനുമതി കിട്ടിയിരിക്കുന്ന ഏക പുരോഹിതസംഘടന ആണ് റിഡെംപ്റ്ററിസ്റ്റ് മിഷനറിമാർ.[1].
ഈ ചിത്രത്തിന്റെ പ്രചാരണം 1865-ൽ റിഡെംപ്റ്ററിസ്റ്റ് മിഷനറിമാരെ ഏല്പിച്ച ഒൻപതാം പീയൂസ് മാർപ്പാപ്പയും അതിന്റെ ഒരു പകർപ്പ് 2001-ൽ ദമാസ്കസിലെ ഉമ്മയാദ് മോസ്ക് സന്ദർശനത്തിനിടെ അവിടത്തെ പുരോഹിതനു നൽകിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഇതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടവരാണ്. [2][3].
റോമൻ കത്തോലിക്കാ സഭയിൽ നിത്യസഹായമാതാവിന്റെ തിരുനാളായി ആഘോഷിക്കപ്പെടുന്നത് ജൂൺ 27 ആണ്. ബുധാനാഴ്ചകളിലോ ശനിയാഴ്ചകളിലോ നിത്യസഹായമാതാവിന്റെ നൊവേനയും ചൊല്ലുന്നു.[4] നൊവേനയെ തുടർന്ന് വിശുദ്ധ കുർബ്ബാനയുടെ വാഴ്വും പതിവുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-02. Retrieved 2012-04-21.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-02. Retrieved 2012-04-21.
- ↑ http://news.bbc.co.uk/2/hi/middle_east/1315190.stm
- ↑ "Feast of The Mother of Perpetual Help". Archived from the original on 2012-04-03. Retrieved 2012-04-21.