നിക്കോളോ ടാർട്ടാലിയ
ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞൻ. 1500-നോടടുത്ത് ഇറ്റലിയിലെ ബ്രസ്ഷ്യ(Brescia)യിൽ ജനിച്ചു. യഥാർഥ പേര് നിക്കോളോ ഫൊന്റാനാ. തലയ്ക്കേറ്റ ക്ഷതംമൂലം ബാല്യത്തിലുണ്ടായ സംസാരവൈകല്യത്തെ സൂചിപ്പിക്കുന്ന 'ടാർട്ടാലിയ'എന്ന പേരിലൂടെയാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്.
ഗണിതശാസ്ത്ര അധ്യപകൻ
തിരുത്തുകസ്വപ്രയത്നത്തിലൂടെ ഗണിതശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും മികച്ച അറിവു സമ്പാദിച്ചശേഷം ഇദ്ദേഹം വെറോണ (1521), വിസെൻസാ, ബ്രസ്ഷ്യ, വെനീസ് (1534) എന്നിവിടങ്ങളിൽ ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഗണിതശാസ്ത്രം, ബലതന്ത്രം, ബാലിസ്റ്റിക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ. ഗണിതശാസ്ത്രത്തിൽ ത്രിഘാതസമീകരണങ്ങൾ (cubic equations) നിർധാരണം ചെയ്യാനുള്ള ഒരു നൂതനരീതി ടാർട്ടാലിയ വികസിപ്പിച്ചെടുത്തു (1535). പാസ്കൽ ത്രികോണത്തിനു സമാനമായ രീതിയിൽ ഇദ്ദേഹവും ദ്വിപദഗുണാങ്ക (binomialcoefficient) ങ്ങളെ ക്രമീകരിച്ചിരുന്നു (ടാർട്ടാലിയ ട്രയാംഗിൾ). കൂടാതെ ചതുഷ്ഫലക (tetrahedron) ത്തിന്റെ വ്യാപ്തം കണ്ടുപിടിക്കാനുള്ള ഒരു ജ്യാമിതീയ രീതിയും ഇദ്ദേഹം ആവിഷ്കരിച്ചു. ബലതന്ത്രത്തിൽ വസ്തുക്കളുടെ വിവിധയിനം ചലനരീതികളെക്കുറിച്ച് ടാർട്ടാലിയ പഠനം നടത്തിയിട്ടുണ്ട്. ബാലിസ്റ്റിക്സിൽ പ്രക്ഷേപ്യ (projectiles)ങ്ങളുടെ ചലനം നിരീക്ഷിച്ച് ഗണിതീയ സിദ്ധാന്തങ്ങളുടെ സഹായത്തോടെ ഒരു 'ഫയറിങ് ടേബിൾ' ഇദ്ദേഹം തയ്യാറാക്കി.
പ്രധാനകൃതികൾ
തിരുത്തുകമൂന്നു വാല്യങ്ങളിലായി ടാർട്ടാലിയ പ്രസിദ്ധപ്പെടുത്തിയ ട്രീറ്റീസ് ഓൺ-നമ്പേഴ്സ് ആൻഡ് മെഷർമെന്റ്സ് (1556-60) 16-ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ പുറത്തിറങ്ങിയ ഏറ്റവും മഹത്തായ അങ്കഗണിത കൃതിയായി പരിഗണിക്കപ്പെടുന്നു. ന്യൂ സയൻസ് (1537), ഡൈവേഴ്സ് പ്രോബ്ലംസ് ആൻഡ് ഇൻവെൻഷൻസ് (1546) എന്നിവയും ഇദ്ദേഹത്തിന്റെ രചനകളിൽപ്പെടുന്നു. യൂക്ലിഡിന്റെ കൃതികൾ ആദ്യമായി ഇറ്റാലിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയതും ആർക്കിമിഡീസ് ഗ്രന്ഥങ്ങളുടെ ആദ്യ ലാറ്റിൻ എഡീഷൻ തയ്യാറാക്കിയതും ടാർട്ടാലിയ ആണ്. 1557 ഡിസംബർ 13-ന് ഇദ്ദേഹം വെനീസിൽ നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www-history.mcs.st-and.ac.uk/Biographies/Tartaglia.html
- http://www.nndb.com/people/440/000098146/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാർട്ടാലിയ, നിക്കോളോ (1500? - 57) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |