നിക്കൊദേമോസ്
യോഹന്നാന്റെ സുവിശേഷം അനുസരിച്ച്, യേശുവിന്റെ സമകാലീനനായ ഒരു പരീശനും യഹൂദരുടെ ഭരണസമിതിയായ സൻഹെന്ദ്രിനിലെ അംഗവും യേശുവിന്റെ രഹസ്യശിഷ്യനും ആയിരുന്നു നിക്കൊദേമോസ്. പുതിയനിയമത്തിലെ കാനോനികസുവിശേഷങ്ങളിൽ ഒടുവിലത്തേതായ യോഹന്നാന്റെ സുവിശേഷത്തിൽ നിക്കൊദേമോസ് മൂന്നുവട്ടം പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യം അദ്ദേഹം യേശുവിന്റെ പ്രബോധനം ശ്രവിക്കാനായി രാത്രിയിൽ യേശുവിനെ സന്ദർശിക്കുന്നു.[1] രണ്ടാം വട്ടം യോഹന്നാൻ അദ്ദേഹത്തെ പരാമർശിക്കുന്നത് സൻഹെദ്രിൻ സഭയിൽ യേശുവിന്റെ പക്ഷം വാദിക്കുന്നതായാണ്. ഒരാളെ വിധിക്കുന്നതിനു മുൻപ് അയാളുടെ പക്ഷം കേൾക്കണമന്ന യഹൂദനിയമത്തിലെ നിഷ്കർഷയുടെ കാര്യം അദ്ദേഹം സൻഹെദ്രിനിലെ തന്റെ സഹപ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു.[2] അവസാനമായി നിക്കൊദേമോസ്, യേശുവിന്റെ ശവസംസ്കാരത്തിനാവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ നൽകുന്നതായും ശവസംസ്കാരത്തിനു മുൻകൈയ്യെടുത്ത അരിമത്തിയാക്കാരൻ യൗസേപ്പിനെ സഹായിക്കുന്നതായും യോഹന്നാൻ പറയുന്നു. [3]
യേശുവിനെ സന്ദർശിച്ച നിക്കൊദേമോസും യേശുവുമായുള്ള സംഭാഷണത്തിന്റെ സുവിശേഷസാക്ഷ്യം പിൽക്കാലക്രിസ്തീയതയിൽ പൊതുവേയും ആധുനികകാലത്തെ ചില ക്രൈസ്തവവിഭാഗങ്ങളിൽ പ്രത്യേകിച്ചും പ്രാധാന്യം നേടിയ പല സങ്കല്പങ്ങളുടേയും സ്രോതസ്സായിരിക്കുന്നു. ക്രൈസ്തവവിശ്വാസത്തിലേക്കുള്ള പരിവർത്തനം രണ്ടാം ജനനമാണെന്ന കല്പനയാണ് അതിൽ പ്രധാനം. മനുഷ്യരക്ഷയുടെ കാര്യത്തിലെ ദൈവികപദ്ധതിയെക്കുറിച്ചുള്ള ക്രിസ്തീയബോദ്ധ്യങ്ങളുടെ സംഗ്രഹമായ ഒരു സുവിശേഷവാക്യത്തിന്റെ സന്ദർഭവും ആ സന്ദർശനമാണ്:-
“ | തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു(യോഹന്നാൻ 3:16) | ” |
നിക്കൊദേമോസിന്റെ പേരുമായി ബന്ധപ്പെട്ടുള്ള നിക്കൊദേമോസിന്റെ സുവിശേഷം എന്ന നാലാം നൂറ്റാണ്ടിലെ അകാനോനികരചന, പീലാത്തോസിന്റെ നടപടികൾ എന്ന മറ്റൊരകാനോനിക രചനയുടെ പുന:സൃഷ്ടിയാണ്. നരകപീഡയുടെ വിവരണമാണത്.
യോഹന്നാന്റെ സുവിശേഷത്തിനു പുറത്ത് നിക്കദേമോസിനെ സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ യഹൂദവിജ്ഞാനകോശവും ചില ബൈബിൾ പണ്ഡിതന്മാരും അദ്ദേഹത്തെ യഹൂദരചനാസംഹിതയായ താൽമുദ് പരാമർശിക്കുന്ന ധനികനും ജനപ്രിയനും അത്ഭുതപ്രവർത്തനസിദ്ധനുമായ വിശുദ്ധപുരുഷൻ നിക്കൊദേമോസ് ബെൻഗൂരിയനായി കാണുന്നു.[4] ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ഒന്നാം നൂറ്റാണ്ടിലെന്നോ നിക്കൊദേമോസ് രക്തസാക്ഷിയായി എന്നാണു ക്രൈസ്തവപാരമ്പര്യം.