നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി

ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വാഷിങ്ടൺ, ഡി.സി. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി (National Geographic Society, NGS), ആഗോളതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയിൽ ലോകത്തെമ്പാടുമുള്ള 185 രാജ്യങ്ങളിലെ ഏകദേശം10 ദശലക്ഷം പേർക്ക് അംഗത്വമുണ്ട്. 1888 ജനുവരി 27-ന് 33 അംഗങ്ങൾ ചേർന്നാണ് വാഷിങ്ടണിൽ ഈ സൊസൈറ്റി സ്ഥാപിച്ചത്. ഗാർഡിനെർ ഗ്രീൻ ഹബാർഡ് ആയിരുന്നു സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്.

National Geographic Society
Logo of the National Geographic Society
Logo of the National Geographic Society
ചുരുക്കപ്പേര്NGS
ആപ്തവാക്യം"Inspiring people to care about the planet."[1]
രൂപീകരണംGardiner Greene Hubbard, ജനുവരി 27, 1888; 136 വർഷങ്ങൾക്ക് മുമ്പ് (1888-01-27)
Location
അംഗത്വം
8.5 million
President
John M. Fahey, Jr. (1998- )
Chairman
Gilbert M. Grosvenor (1987- )
Main organ
Board of Trustees
വെബ്സൈറ്റ്NationalGeographic.com
നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോറർ അൻ്റാർട്ടിക്ക സന്ദർശിക്കുന്നു

ഭൂമിശാസ്ത്രസംബന്ധമായ അറിവുകൾ എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കുക, ഈ ശാസ്ത്രശാഖയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങൾ. നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും നാഷണൽ ജ്യോഗ്രാഫിക് എന്ന ടി.വി. ചാനലും ഈ സംഘടനയുടേതാണ്; വിവിധ ശാസ്ത്രമേഖലകളിൽ നടക്കുന്ന പര്യവേക്ഷണ ഗവേഷണങ്ങൾക്ക് ധനസഹായവും നല്കുന്നുണ്ട്.

നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുമായി സഹകരിച്ച് അനവധി മേഖലകളിൽ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. പൂർവ ആഫ്രിക്കയിലെ ആദിമമനുഷ്യരെക്കുറിച്ച് ലൂയി ലീക്കി നടത്തിയ പഠനം ഇതിൽ ഏറെ ശ്രദ്ധേയമാണ്. സു. 2 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമുഖത്തു നിവസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന 'ഹോമോ ഹാബിലിസ്' എന്ന മനുഷ്യപൂർവ സ്പീഷിസിനെക്കുറിച്ചുള്ള തെളിവുകൾ ഈ സംരംഭത്തിലൂടെ ശേഖരിക്കുകയുണ്ടായി. സമുദ്രത്തിനടിയിൽ മനുഷ്യവാസത്തിന്റെ സാധ്യതയെക്കുറിച്ച് ജാക്വസ് കൂസ്റ്റേ നടത്തിയ പഠനം, പെബ്ലോ ഇന്ത്യരുടെ അധിവാസകേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനം, ധ്രുവപര്യവേക്ഷണം, എവറസ്റ്റ് പര്യവേക്ഷണം, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്കായി നടത്തിയ തിരച്ചിൽ തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ പഠനങ്ങൾക്ക് നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി നേതൃത്വം നല്കുകയോ ധനസഹായം നല്കുകയോ ചെയ്തിട്ടുണ്ട്.

നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ നാഷണൽ ജ്യോഗ്രാഫിക് മാസികയ്ക്കാണ് പ്രഥമസ്ഥാനം. കുട്ടികൾക്കുവേണ്ടിയുള്ള നാഷണൽ ജ്യോഗ്രാഫിക് വേൾഡ് മാസിക, ഗവേഷണമേഖലയെ ലക്ഷ്യമാക്കിയുള്ള റിസർച്ച് ആൻഡ് എക്സ്പ്ളൊറേഷൻ എന്ന ശാസ്ത്രപ്രസിദ്ധീകരണം, നാഷണൽ ജ്യോഗ്രാഫിക് ട്രാവലർ എന്ന യാത്രാമാസിക, മറ്റു പല ആധികാരികഗ്രന്ഥങ്ങൾ, അറ്റ്ലസുകൾ, ഭൂപടങ്ങൾ തുടങ്ങിയവയും സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.


ഇന്ന്, ലോകത്ത് ലഭ്യമായ ശാസ്ത്രമാസികകളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്നവയിൽ ഒന്നാണ് നാഷണൽ ജ്യോഗ്രാഫിക് മാസിക. സൊസൈറ്റിയുടെ സ്ഥാപനത്തിനു ശേഷം ഒൻപത് മാസങ്ങൾ കഴിഞ്ഞ് മാസികയുടെ ആദ്യലക്കം പ്രസിദ്ധീകൃതമായി. പ്രതിവർഷമുള്ള 12 ലക്കങ്ങൾകൂടാതെ ചില പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. വളരെ ആകർഷങ്ങളായ ചിത്രങ്ങളും ഭൂപടങ്ങളും മാസികയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

1995 വരെ ഇംഗ്ലീഷ് ഭാഷയിൽമാത്രം പ്രസിദ്ധീകരിച്ചുവന്ന നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ ആ വർഷം മുതൽ ജാപ്പനീസ് ഭാഷയിലും പ്രസിദ്ധീകരണമാരംഭിച്ചു. ഇപ്പോൾ മുപ്പതോളം ലോകഭാഷകളിൽ ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്. 2005 ഏ.-ൽ മാസികയുടെ ഇന്തോനേഷ്യൻ എഡിഷനും, ന.-ൽ ബൾഗേറിയൻ എഡിഷനും പുറത്തിറങ്ങി.

പര്യവേക്ഷണം, കണ്ടുപിടിത്തം, ഗവേഷണം എന്നീ രംഗങ്ങളിൽ മികച്ച സേവനം നല്കുന്നവർക്കായി നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി, സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായിരുന്ന ഗാർഡിനെർ ഗ്രീൻ ഹബാർഡിന്റെ (Gardiner Green Hubbard) പേരിൽ ഒരു മെഡൽ (ഹബാർഡ് മെഡൽ) ഏർപ്പെടുത്തിയിട്ടുണ്ട്. ധ്രുവപര്യവേക്ഷണരംഗത്ത് നിരവധി അമൂല്യസംഭാവനകൾ നല്കിയ റോബർട്ട് പിയറി (1906), റോൾഡ് അമുൺസെൻ (1907), ക്യാപ്റ്റൻ റോബർട്ട് ബാർത്ലെറ്റ് (1909), സർ ഏണസ്റ്റ് ഷാക്ക്ൾടൺ (1910), വൈമാനികരായ ചാൾസ് ലിൻഡ്ബെർഗ് (1927), ആൻമോറോ ലിൻഡ്ബെർഗ് (1934), നരവംശശാസ്ത്രജ്ഞരായ ലൂയി ലീക്കീ, മേരി ലീക്കി (1962), റിച്ചാർഡ് ലീക്കി (1994), ബഹിരാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് (1970), സമുദ്രാന്തര ഗവേഷണങ്ങളിൽ അമൂല്യസംഭാവനകൾ നല്കിയ റോബർട്ട് ബല്ലാർഡ് (1996), ബലൂൺ സഞ്ചാരികളായ ബെർട്രാൻഡ് പികാർഡ് (1999) തുടങ്ങിയ ഒട്ടനവധി വിശ്വപ്രസിദ്ധ ശാസ്ത്രകാരന്മാർ ഈ അവാർഡിന് അർഹരായിട്ടുണ്ട്.

നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി നല്കുന്ന യാത്രാവിവരണങ്ങളും, സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ശാസ്ത്രീയ ദൌത്യങ്ങളും എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സൊസൈറ്റിയും ടെലിവിഷൻ ചാനലും സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

  1. "National Geographic Press Room: Fact Sheet". National Geographic Society. Retrieved August 28, 2009. Also note that, as of August 28, 2009 (and likely before), the official website title is "National Geographic - Inspiring People to Care About the Planet".
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.