നാഷണൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
കർഷകരുടെയും കാർഷിക ഉത്പന്നങ്ങളുടെയും അഭിവൃദ്ധിക്കായുള്ള ഒരു വിവിധോദ്ദേശ്യ സഹകരണ സ്ഥാപനമാണ് നാഷണൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്ന നാഫെഡ്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ താങ്ങുവില നൽകി കാർഷികോത്പന്നങ്ങൾ സംഭരിക്കുകയാണ് നാഫെഡ് ചെയ്യുന്നത്. വിവിധോദ്ദേശ്യ സഹകരണസംഘങ്ങളുടെ ചട്ടപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള നാഫെഡിന്റെ ഉന്നതാധികാര സമിതി അതിലെ മുഴുവൻ അംഗങ്ങളും ചേർന്ന ജനറൽ ബോഡിയാണ്.
വ്യവസായം | കാർഷികോത്പന്നങ്ങളുടെ സംഭരണ വിതരണ ഏജൻസി |
---|---|
സ്ഥാപിതം | ഒക്ടോബർ 2, 1958 |
ആസ്ഥാനം | ആശ്രം ചൗക്ക്, ന്യൂ ഡൽഹി , |
വെബ്സൈറ്റ് | www |
ദൗത്യങ്ങൾ
തിരുത്തുകകാർഷിക ഉത്പന്നങ്ങളുടെ അഥവാ കൃഷിയുടെ സംഘാടനം, പ്രോത്സാഹനം, വിപണനത്തിന്റെ വികാസം, ഉത്പങ്ങളുടെ സമാഹരണം, കാർഷിക അനുബന്ധ യന്ത്രങ്ങളുടെ വിതരണം, അന്തർസംസ്ഥാനതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള കയറ്റുമതി-ഇറക്കുമതി ത്വരിതപ്പെടുത്തൽ, നാഫെഡിലെ അംഗങ്ങൾക്ക് കാർഷിക രംഗത്തെ നവീന സാങ്കേതിക വിദ്യയെ സംബന്ധിച്ച് ഉപദേശം നല്കൽ, കാർഷിക വിഭവങ്ങളുടെ സംസ്കരണവും സഹകരണ സ്ഥാപനങ്ങൾ വഴി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള വിതരണവും നടപ്പിലാക്കൽ എന്നിവയാണ് നാഫെഡിന്റെ പ്രധാന ദൗത്യങ്ങൾ. [1]
കൃഷിക്കും കാർഷിക ഉത്പങ്ങൾക്കുമുള്ള ഇൻഷുറൻസ്, വിപണിയുടെ പുതിയ സാധ്യതകളെക്കുറിച്ച് ഉൾക്കാഴ്ചയോടെയുള്ള നയപരിപാടികൾ രൂപപ്പെടുത്തുന്നതിനായുള്ള ഗവേഷണ പഠനങ്ങൾ, പൊതുമേഖല, സ്വകാര്യമേഖല, ഇതര സംയുക്ത സംരംഭങ്ങൾ എന്നിവയുമായുള്ള മൂലധന കൈമാറ്റവും സഹകരണവും തൊഴിലാളികൾക്ക് വിപണനത്തിലും സംസ്കരണത്തിലും വിതരണത്തിലും പരിശീലനം കൊടുക്കൽ, കാർഷിക ഉത്പന്നങ്ങളെ അവയുടെ ഗുണനിലവാരത്തിനനുസൃതമായി തരംതിരിക്കലും വിപണിയിലെത്തിക്കലും, നാഫെഡിന്റെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി കൃഷിസ്ഥലങ്ങളോ, കെട്ടിടങ്ങളോ, വാഹനങ്ങളോ ലീസിനു ഏറ്റെടുക്കുക, വിഭവങ്ങളുടെയോ മറ്റോ ഈടിനുമേൽ നാഫെഡ് അംഗങ്ങൾക്ക് വായ്പ നല്കുക, നാഫെഡിന്റെ കീഴിലുള്ള ഒരു സ്ഥാപനം മറ്റു സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങുന്ന സന്ദർഭത്തിൽ വായ്പ അനുവദിച്ചുകിട്ടുന്നതിനായി സ്ഥാപനത്തിന് 'ഗ്യാരണ്ടി' നല്കുക തുടങ്ങിയവയ്ക്കും നാഫെഡ് വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്രസർക്കാറിന്റെ നോഡൽ ഏജൻസിയായിട്ടാണ് സഹകരണസ്ഥാപനമായ നാഫെഡ് പ്രവർത്തിക്കുന്നത്. കൊപ്ര ഉൾപ്പെടെ രാജ്യത്തെ 29 കാർഷികോത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ നാഫെഡ് വിപണിയിലിടപെടുകയും താങ്ങുവിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. . കാർഷികോത്പന്നങ്ങൾ താങ്ങുവിലയ്ക്ക് വാങ്ങുമ്പോൾ, വിപണിവിലയുമായുണ്ടാവുന്ന വ്യത്യാസം നാഫെഡിന് കേന്ദ്രസർക്കാർ സബ്‌സിഡിയായി നൽകിയിരുന്നു.
പ്രതിസന്ധികൾ
തിരുത്തുക2003-'04 കാലയളവിൽ ചില വൻകിട കമ്പനികളുമായി സഹകരിച്ച് കൂട്ടുകച്ചവടത്തിനും കയറ്റുമതി വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. വൻലാഭം പ്രതീക്ഷിച്ച് നടത്തിയ ഈ ഇടപാടുകളിൽ 1800 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് മാർച്ച് 31 വരെ 92 ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്.) പ്രകാരം ഒഴിവാക്കി.
പുനഃക്രമീകരണം
തിരുത്തുകനാഫെഡ് പുനഃക്രമീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാൻ കേന്ദ്രകൃഷിവകുപ്പ് സർക്കാറിന് പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "നാഫെഡ് അടയ്ക്കാൻ നീക്കം". മാതൃഭൂമി. Archived from the original on 2014-04-22. Retrieved 23 ഏപ്രിൽ 2014.
പുറം കണ്ണികൾ
തിരുത്തുക- നാഷണൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് വെബ് Archived 2015-03-03 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാഷണൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |