ദ്രുപദപുത്രിയായ പാഞ്ചാലിയുടെ പൂർവ്വ ജന്മമായിരുന്നു നാളായണി. പാഞ്ചാലി പൂർവ്വ ജന്മത്തിൽ മൌൽഗല്യൻ എന്ന മഹർഷിയുടെ പത്നിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌൽഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു പീന്നു. ഒരിക്കൽ മൌൽഗല്യൻ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുഷ്ഠരോഗിയായ അദ്ദേഹത്തിന്റെ ഒരു വിരൽ അടർന്ന് ഭക്ഷണത്തിൽ വീണു. വിരൽ വീണത് കണ്ട് മനമ്മടുത്ത് മുനി ആഹാരം മതിയാക്കി എഴുന്നേറ്റുപോയി. പക്ഷേ സാധാരണപോലെ ഭർത്താവിന്റെ ഉച്ഛിഷ്ടം കഴിക്കാറുണ്ടായിരുന്ന നാളായണി ആ വിരൽ മാറ്റിവച്ച് അദ്ദേഹം കഴിച്ചു ബാക്കിവെച്ച ആഹാരം ഭക്ഷിച്ചു.[1]

നാളായണിയുടെ രണ്ടാംജന്മമായ ദ്രൗപദിയും അർജ്ജുനനും

ഇതു കണ്ട് മനം തെളിഞ്ഞ മഹർഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാൻ നാളായണിയോടാവശ്യപ്പെട്ടു. "മഹർഷി അവളെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം" എന്നായിരുന്നു അവൾ ചോദിച്ചത്. അതനുസരിച്ച് മൌൽഗല്യൻ മനോഹരന്മാരായ അഞ്ചു ശരീരങ്ങളായി നളായണിയെ രമിപ്പിച്ചുവത്രെ.[2]

  1. മൌൽഗല്യൻ അദ്രിയായപ്പോൾ നാളായണി നദിയായി.[3]
  2. മൌൽഗല്യൻ മരമായപ്പോൾ നാളായണി ലതയായി പടർന്നു കയറി.
  3. മൌൽഗല്യൻ കരയായപ്പോൾ നാളായണി കടലായി.
  4. മൌൽഗല്യൻ പുഷ്പമായപ്പോൾ നാളായണി വണ്ടായി.
  5. മൌൽഗല്യൻ കാറ്റായപ്പോൾ നാളായണി സുഗന്ധമായി.

അങ്ങനെ അഞ്ചു രൂപങ്ങളെടുത്ത് അവർ രമിച്ചു വളരെനാളുകൾ. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌൽഗല്യനാണെങ്കിൽ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിൻ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങനെ അവളിൽ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം വീണ്ടും മനുഷജന്മമായി, അഞ്ചുഭർത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു. അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നുള്ള ശ്രീ മഹാദേവന്റെ ദർശനത്തിൽ പരിഭ്രമിച്ച്, ‘എനിക്ക് ഭർത്താവിനെ തരൂ’ എന്ന് തുടരെ അഞ്ചുപ്രാവശ്യം ആവർത്തിച്ചു. ഭഗവാൻ അവൾക്ക് 'അഞ്ച് ഭർത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു. നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭർത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ഭഗവാനോട് ചോദിച്ചപ്പോൾ, അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്ന് നാളായണിക്ക് ഉറപ്പുനൽകി.

എന്നിട്ടും വിശ്വാസം പോരാതെ നാളായണി വീണ്ടും ഭഗവാൻ ശിവനോട് ‘വേദങ്ങളിലൊന്നും ഇങ്ങനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം, എന്നാൽ സ്ത്രീക്ക് ഒന്നിൽക്കൂടുതൽ ഭർത്താക്കന്മാരായാൽ അവൾ അധഃമയാകും’എന്നാണല്ലൊ എന്ന് ചോദിച്ചു. കൂടാതെ ദേവവിധിപ്രകാരം പുത്രനുണ്ടാകാൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരം മറ്റൊരു പുരുഷനിൽ നിന്ന് പുത്രനെ സ്വീകരിച്ചാൽ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാൽ നാലാമതായാൽ പതിതയും അഞ്ചാമതായാൽ വന്ധകിയും ആകും എന്നാണന്ന് അവൾ ചോദിക്കുമ്പോൾ, ഭഗവാൻ അവൾക്കു മാത്രമായി ഇത് അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

വ്യാസൻ പൂർവ്വകഥ പറയുന്നു

തിരുത്തുക

പാഞ്ചാലിസ്വയംവരത്തെ തുടർന്ന് പാണ്ഡവരെ പിന്തുടർന്ന് അവിടെ എത്തിയ ധൃഷ്ടദ്യുമനൻ തിരിച്ച് കൊട്ടാരത്തിൽ ചെന്ന്, ദ്രുപദനോട് പാഞ്ചാലിയെ സ്വയംവരം ചെയ്തത് അർജ്ജുനനെയാണെന്നും പാണ്ഡവർ ജീവിച്ചിരിപ്പുണ്ടെന്നും മറ്റും പറയുമ്പോൾ മഹാരാജാവിനു വലിയ ആശ്വാസമാകുന്നു. എന്നാൽ, പാഞ്ചാലി അഞ്ചു പേരുടെയും കൂടി ഭാര്യയാകണം എന്ന കുന്തിയുടെ വ്യവസ്ഥ ദ്രുപദനെ ദുഃഖിതനാക്കി. പക്ഷെ, അപ്പോൾ അവിടെ ചെന്നെത്തിയ വേദവ്യാസമഹർഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂർവ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു. ഇത് മഹാഭാരതത്തിൽ സവിസ്തരം പറയുന്നുണ്ട്.[4]

  1. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  2. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  3. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  4. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
"https://ml.wikipedia.org/w/index.php?title=നാളായണി&oldid=2323774" എന്ന താളിൽനിന്ന് ശേഖരിച്ചത്