നായാട്ടുവിധി ഗ്രന്ഥവരി
പണ്ടുതൊട്ട് കേരളത്തിൽ നിലനിന്നിരുന്ന നായാട്ടിനേയും നായാട്ടിലെ ആചാരങ്ങളെയും നായാട്ടു വിളിയെയും കുറിച്ചു പ്രതിപാദിക്കുന്ന പുരാരേഖയാണ് നായാട്ടുവിധി ഗ്രന്ഥവരി. [1] ഇത് താളിയോല ഗ്രന്ഥരൂപത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
കർത്താവ് | എസ്. രാജേന്ദു |
---|---|
യഥാർത്ഥ പേര് | നായാട്ടുവിധി ഗ്രന്ഥവരി |
നിലവിലെ പേര് | ഗ്രന്ഥവരി പഠന മാതൃക |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ചരിത്രം, ഭാഷാശാസ്ത്രം (Manuscript) |
പ്രസിദ്ധീകരിച്ച തിയതി | 2022 |
മാധ്യമം | താളിയോല ഗ്രന്ഥം |
ഏടുകൾ | 16 |
ഗ്രന്ഥവരിയുടെ പശ്ചാത്തലം
തിരുത്തുകമലനാട്ടിൽ മദ്ധ്യകാലത്തു നിലവിലിരുന്ന നായാട്ടിനെക്കുറിച്ചുള്ള സമഗ്രവിവരണമാണിത്. വനദേവതമാരെ സ്തുതിച്ചു കാടുകേറുന്നത് തൊട്ട് വേട്ടമൃഗത്തെയും കൊണ്ട് തിരിച്ചുവരുന്നത് വരെയുള്ള പ്രവൃത്തികളെ അത് വർണ്ണിക്കുന്നു. കാടുകയറുമ്പോൾ ആദ്യം വനദേവതമാരെയും പിന്നെ മൃഗങ്ങളെയും അറിയിക്കുക എന്നതാണ് ധർമ്മം. വള്ളുവനാട്ടിൽ നായാട്ടുകുട്ടി എന്നൊരു മൂർത്തിതന്നെയുണ്ട്. [2]
വിളിച്ചനായാട്ട് എന്നും കുറിച്ച നായാട്ട് എന്നും രണ്ടുതരത്തിലാണ് നായാട്ടുകൾ ഉണ്ടായിരുന്നത്. കുന്നുകയറുമ്പോൾ ആദ്യം വനദേവതമാരെ പതിനെട്ടുതരം വായ്ത്താരികൾ ചൊല്ലി സ്തുതിക്കുന്നു. വായ്ത്താരികൾ കഴിഞ്ഞാൽ പിന്നെ നായാട്ടു തുടങ്ങുന്നു. പ്രധാനമായും പന്നിയെയാണ് നായാട്ടുക. അതിനെ വായ്പ്പിടിയൻ തോനെന്നു പറയുന്നു. കുന്തം, വാൾ എന്നിവകൊണ്ടുള്ള കുത്ത് മൃഗത്തിനേറ്റാലും കൊന്നാലും പ്രത്യേകം വായ്ത്താരി ചൊല്ലുന്നു. കുത്തുകൊണ്ട പന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ പ്രത്യേകം വായ്ത്താരിയുണ്ട്.
കുന്നിൻ വാതിലുകൾ എന്നാൽ ദിക്കുകൾ ആണ്. നായാട്ടിൽ അപകടം സാധാരണമാകുന്നു. അതിനാൽ അതിൽനിന്നും രക്ഷനേടേണ്ടതുണ്ട്. മലയുടെ പ്രത്യേകവശത്തു കൂടി കയറി വേണം നായാട്ടുനടത്താൻ. അപകടം ഒഴിവാക്കാനും മൃഗവേട്ട വിജയമാക്കാനും വേണ്ടിയാണിത്.
പണ്ടുകാലത്ത് വേട്ടയിൽ പറയുന്ന മൃഗങ്ങളുടെ പേരുകളും ഗ്രന്ഥവരിയിൽ കാണാം. [3]
വള്ളുവനാട്ടിലെയും നെടുങ്ങനാട്ടിലെയും പൂരങ്ങൾക്കും താലപ്പൊലികൾക്കും നായാട്ടു വിളിച്ചിരുന്ന കലാകാരന്മാർ അവതരിപ്പിച്ചിരുന്ന വായ്ത്താരിയും അനുബന്ധമായി കൊടുത്തിരിക്കുന്നു. "ചാത്തോ ഉം ഹും കൊരോ ഉം ഹും" എന്ന് തുടങ്ങി നായാട്ടിനു ആളെ വിളിച്ചുകൂട്ടുന്നതു തൊട്ടു വേട്ടകഴിഞ്ഞു മൃഗത്തെയുംകൊണ്ടു വരുന്നതുവരെയുള്ള ചടങ്ങുകൾ കുട്ടികൾക്കും സ്ത്രീകൾക്കും മുമ്പിൽ അവതരിപ്പിക്കുന്ന വിനോദമാണിത്. അടയ്ക്കാപുത്തൂർ ദേശത്തെ ചാമി ആശാനായിരുന്നു നായാട്ടുവിളിയുടെ നെടുങ്ങനാട്ടിലെ പ്രയോക്താവ്. കേരള ചരിത്രത്തിലും ഭാഷയിലും സാഹിത്യത്തിലും പ്രാധാന്യമുള്ള ഈ ഗ്രന്ഥം മധ്യകാല സമൂഹനിർമ്മിതിയെക്കുറിച്ചുള്ള ഒരു പ്രധാന ഗവേഷണ വിഷയമാകുന്നു.
അവലംബം
തിരുത്തുക- ↑ മലനാട്ടു നായന്മാരുടെ നായാട്ടുയാത്ര - നായാട്ടുവിധി ഗ്രന്ഥവരി, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (42), ശുകപുരം, 2022. ISBN: 97881611294
- ↑ വള്ളുവനാട് ചരിത്രം, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ, 2012
- ↑ പൂർണ്ണമായ പട്ടികക്ക് കാണുക: മലനാട്ടു നായന്മാരുടെ നായാട്ടുയാത്ര - നായാട്ടുവിധി ഗ്രന്ഥവരി, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (42), ശുകപുരം, 2022, അനുബന്ധം - 2