രാത്രിസമയത്ത് അനുഭവപ്പെടുന്ന നേർത്തവെളിച്ചം. സൂര്യൻ അസ്തമിച്ച് ഏറെക്കഴിഞ്ഞാലും, മറ്റു പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാതെതന്നെ, വസ്തുക്കളെ തിരിച്ചറിയാൻ മനുഷ്യർക്കും മറ്റു ജീവികൾക്കും കഴിയുന്നത് നാട്ടുവെളിച്ചം കൊണ്ടാണ്. നാട്ടുവെളിച്ചം ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. അതിൽ ഏറ്റവും പ്രധാനം താരപ്രഭതന്നെ. (ഓരോ നക്ഷത്രത്തിൽനിന്നും വരുന്ന പ്രകാശത്തിന്റെ അളവ് നിസ്സാരമാണെങ്കിലും ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങൾ ചേരുമ്പോൾ അത് ഗണ്യമാകുന്നു). നാട്ടുവെളിച്ചത്തിന്റെ രണ്ടാമത്തെ സ്രോതസ്സ് സൂര്യൻ തന്നെയാണ്. രാത്രി സമയത്ത് സൂര്യൻ ഭൂമിയുടെ മറുവശത്ത് ആയിരിക്കുമെങ്കിലും ഭൂഗോളത്തിന്റെ വശങ്ങളിലുള്ള അന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ വായുതന്മാത്രകളിൽത്തട്ടി വിസരിച്ച് ചുറ്റും പരക്കുന്നു. സന്ധ്യകഴിഞ്ഞ ഉടനെയും പ്രഭാതത്തിനുമുമ്പും ഈ പ്രകാശം അന്തരീക്ഷത്തിൽ കൂടുതലുണ്ടാകും; അർധരാത്രിയിൽ വളരെ കുറയും. നാട്ടുവെളിച്ചത്തിന്റെ മറ്റൊരു സ്രോതസ്സ് സൌരവാതവും കോസ്മിക് രശ്മികളുമാണ്. സൂര്യനിൽനിന്നും പ്രവഹിക്കുന്ന ചാർജിതകണങ്ങളാണ് സൌരവാതത്തിലെ (solar wind) മുഖ്യഘടകം. ഈ കണങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽപ്പെട്ട് ധ്രുവത്തിൽനിന്ന് ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം ഉത്സർജിക്കാൻ ഇടയാകും. ഇതുപോലെ കോസ്മിക് രശ്മികളും വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം സൃഷ്ടിക്കും. ഈ രണ്ടു ഘടകങ്ങളും ധ്രുവപ്രദേശത്തോട് അടുക്കുന്തോറും ശ്രദ്ധേയമാംവിധം കൂടുതലായിരിക്കും. നാട്ടുവെളിച്ചത്തിൽ വസ്തുക്കളുടെ നിറം കാണാൻ സാധിക്കില്ല. അതിനുകാരണം കണ്ണിന്റെ റെട്ടിനയിലുള്ള സംവേദകകോശങ്ങളുടെ പ്രത്യേകതയാണ്. വർണങ്ങൾ തിരിച്ചറിയാനുള്ള ശേഷി റോഡ് കോശങ്ങൾക്കേയുള്ളു. എന്നാൽ പ്രകാശതീവ്രത വളരെ കുറഞ്ഞാൽ അവ പ്രവർത്തിക്കില്ല. എണ്ണത്തിൽ കൂടുതലുള്ളതും നേർത്ത പ്രകാശത്തിൽപ്പോലും ഉത്തേജിതമാകാൻ കഴിവുള്ളതുമായ കോൺകോശങ്ങളാണ് ഇരുട്ടത്ത് വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്നത്. പക്ഷേ, അവയ്ക്ക് രണ്ടു പരിമിതികളുണ്ട്: ഒന്ന്; വർണങ്ങളെ വേർതിരിച്ചുകാണിക്കാൻ കഴിയില്ല. രണ്ട്; പ്രകാശതീവ്രത അല്പം കൂടിയാൽ അവയുടെ സംവേദനക്ഷമത നന്നേ കുറയും. എന്തായാലും നാട്ടുവെളിച്ചത്തെ പ്രയോജനപ്പെടുത്തുന്നത് കോൺകോശങ്ങളാണ്. മാർജ്ജാര വർഗത്തിൽപ്പെട്ട ജീവികൾക്കും ചിലതരം പക്ഷികൾക്കും വസ്തുക്കളെ നാട്ടുവെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിയും. സൂര്യോദയത്തിനുമുൻപും, സൂര്യാസ്തമനത്തിനുശേഷവും ചക്രവാളത്തിൽ കാണപ്പെടുന്ന പ്രകാശമാണ് നാട്ടുവെളിച്ചം. ചക്രവാളത്തിന് താഴെ എത്തിയ സൂര്യപ്രകാശരശ്മികൾ അന്തരീക്ഷത്തിന്റെ മുകൾതട്ടുകളിൽ തട്ടി ചിതറുന്നതാണ് നാട്ടുവെളിച്ചത്തിന്റെ കാരണം.

കൽപ്പേനിയിൽ നിന്നുമുള്ള നാട്ടുവെളിച്ചത്തിന്റെ ദൃശ്യം

സൂര്യൻ ചക്രവാളത്തിൽ നിന്നും 18° താഴുന്നത് വരെ/മുതൽ നാട്ടുവെളിച്ചം ദൃശ്യമാകും. എന്നാൽ ഇത് രേഖാംശത്തിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഭൂമദ്ധ്യരേഖയുടെ സമീപം നാട്ടുവെളിച്ചത്തിന്റെ ദൈർഘ്യം വളരെ കുറവും, ധ്രുവപ്രദേശങ്ങളിൽ ഏറ്റവും കൂടുതലും ആണ്. ധ്രുവപ്രദേശങ്ങളിൽ സൂര്യൻ ആറ് മാസം ചക്രവാളത്തിനു മേലെയും, ആറ് മാസം താഴെയുമാണ് സഞ്ചരിക്കുന്നത്, തന്മൂലം ഇവിടങ്ങളിൽ നാട്ടുവെളിച്ചത്തിന്റെ ദൈർഘ്യം ഒന്നര മാസം വരെ നീണ്ടുപോകാറുണ്ട്.

എങ്ങനെ നാട്ടുവെളിച്ചം കാണുന്നു എന്നതിന്റെ രേഖാചിത്രം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാട്ടുവെളിച്ചം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാട്ടുവെളിച്ചം&oldid=3961716" എന്ന താളിൽനിന്ന് ശേഖരിച്ചത്