നാടുഗദ്ദിക (നാടകം)

(നാടുഗദ്ദിക(നാടകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1970 കാലഘട്ടത്തിലെ ഒരു മലയാള നാടകമാണ് നാടുഗദ്ദിക. കേരളത്തിലെ ഒരു ഗോത്രജനതയുടെ നടുക്കുന്ന ജീവിതയാഥാർഥ്യങ്ങളിലൂന്നി നിന്നുകൊണ്ട്, വേറിട്ട രചനാശൈലിയിലൂടെയും അവതരണരീതിയിലൂടെയും എഴുപതുകളിൽ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച നാടകം എന്ന നിലയിൽ ഇതിന് മലയാള നാടകചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്. ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് കെ.ജെ. ബേബി ആയിരുന്നു. മലയാളനാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപം കൂടിയായിരുന്നു, അത്. അത്തരത്തിൽ മലയാള ദലിത് സാഹിത്യചരിത്രത്തിലും അതിന് വലിയ സ്ഥാനമുണ്ട്. വയനാടൻ ഗോത്രജനസമുദായത്തിന്റെ ഗദ്ദിക എന്ന അനുഷ്ഠാനത്തിൽനിന്ന് രൂപപ്പെട്ടതാണിത്. അങ്ങനെ ഇത് ഫോക്ലോറിനെ എങ്ങനെ സാംസ്കാരിക മുന്നേറ്റത്തിനുള്ള ആയുധമാക്കാം എന്ന അന്വേഷണത്തിന്റെ മാർഗ്ഗത്തിൽ കേരളം നല്കിയ മികച്ച സംഭാവനകളിലൊന്നുമാകുന്നു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു.

രണ്ടു നൂറ്റാണ്ടിന്റെ കഥയാണ് നാടുഗദ്ദികയിലൂടെ ബേബി പറഞ്ഞത്. രാജാക്കന്മാർ, വെള്ളക്കാർ, സ്വാതന്ത്ര്യസമരം, വിമോചനസമരം, കമ്യൂണിസ്റ്റുകാർ..ആദിവാസികളുടെ ജീവിതവും അസ്തിത്വ പ്രതിസന്ധികളും പരിഹരിച്ചിട്ടുണ്ടോ? നമ്മൾ പരിഷ്‌കൃതരാണ്‌, അവരുടെ അന്നവുംപാർപ്പിടവും കവർന്നെടുക്കുന്നത്‌. അവരോട്‌ ഉണരാൻ പറയുന്നതാണ്‌ ഗദ്ദികയുടെ തീം. നക്സൽ ബന്ധം ആരോപിച്ച്‌ അതിന്റെ പ്രദർശനം കേരളത്തിൽ നിരോധിച്ചിരുന്നു. നാടക പ്രവർത്തകർ അറസ്റ്റുചെയ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും ആളുകളെ വഴിതെറ്റിച്ചുവെന്നാണ് കുറ്റപത്രത്തിൽ കണ്ടത്‌. മൂന്നുമാസം കെ.ജെ. ബേബിയും നാടക പ്രവർത്തകരും ജയിലിൽ കിടന്നു.[1]

ഗദ്ദിക ഒരു മന്ത്രവാദച്ചടങ്ങാണ്. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുന്നതിനായി നടത്തുന്ന അനുഷ്ഠാനമാണിത്. നാടിനായി നടത്തുന്ന ഗദ്ദിക എന്ന അർഥത്തിലാണ് നാടുഗദ്ദിക എന്ന പേരു വന്നത്.

നാടകത്തിന്റെ കഥ

തിരുത്തുക

ഒരു ഗദ്ദികക്കാരൻ അടിയാന്മാരെ ജന്മിക്കെതിരെ ബോധവാനാക്കിയതിന്റെ പേരിൽ, അടിയോർ കൂടുതൽ കൂടുതൽ മർദ്ദനവിധേയരാക്കപ്പെടുന്നതും, അവരുടെ തമസ്കരിക്കാനാകാത്ത പോരാട്ടവീര്യത്തിന്റെ ഉയർത്തെഴുന്നേല്പുമായിരുന്നു നാടുഗദികയിലൂടെ അവതരിപ്പിക്കപ്പെട്ടത്. നാടകാന്ത്യത്തിൽ കൊലചെയ്യപ്പെട്ട ഗദ്ദികക്കാരന്റെ ഉടയാട പുതിയൊരു ഗദ്ദികക്കാരൻ എടുത്തണിയുന്നു. അയാളുടെ നേതൃത്വത്തിൽ അടിയോർ വാഗ്ദത്തഭൂമിയിലേക്ക് മഹാപ്രസ്ഥാനം നടത്തുന്നു. മലയാള തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിസൌന്ദര്യങ്ങൾക്ക് ഉത്തമമാതൃകയായ ഇതിന്റെ പരുഷമായ അവതരണശൈലി പലമട്ടിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

നടന്മാർ ഏറെയും കാടിന്റെ മക്കൾ; ഇതിവൃത്തം, കാടിന്റെ മക്കളുടെ വിമോചനം; ഇതിവൃത്തപശ്ചാത്തലം കാടിന്റെ മക്കളുടെ പുരാവൃത്തം; ഈണങ്ങളും വാദ്യങ്ങളും കാടിന്റെ മക്കൾക്ക് സ്വന്തമായ പാട്ടുകളുടേതും തുടികൊട്ടിന്റേതും-അങ്ങനെ പാരിസ്ഥിതിക സൌന്ദര്യശാസ്ത്രരംഗത്തെ മലയാളത്തിലെ ആദ്യ മാതൃകയിലൊന്നായും ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടുഗദ്ദിക (നാടകം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. കൃഷ്ണൻ, ഷബിൽ (5 June 2019). [മലയാളത്തിളക്കമുള്ള ക്ലാസ് മുറികളിൽ ആദിവാസിക്കുട്ടികൾ ഒറ്റപ്പെടുന്നതെന്തുകൊണ്ട്? "മലയാളത്തിളക്കമുള്ള ക്ലാസ് മുറികളിൽ ആദിവാസിക്കുട്ടികൾ ഒറ്റപ്പെടുന്നതെന്തുകൊണ്ട്? (കെ.ജെ. ബേബിയുമായി അഭിമുഖം)"]. മാതൃഭൂമി ആഴ്ചപ്പതിപ്പ്. Retrieved 15 August 2024. {{cite journal}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=നാടുഗദ്ദിക_(നാടകം)&oldid=4113931" എന്ന താളിൽനിന്ന് ശേഖരിച്ചത്