നസീം (ഹിന്ദി ചലച്ചിത്രം)
സഈദ് അക്തർ മിർസ കഥയെഴുതി സംവിധാനം നിർവഹിച്ച് 1995 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് നസീം. 1992 ലെ ബാബരിമസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തി നിർവഹിച്ചിട്ടുള്ള നസീം ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ബന്ധങ്ങളിലെ നിർണ്ണായക വഴിത്തിരിവിനെ കുറിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ചിത്രമായി പരിഗണിക്കപ്പെടുന്നു. കെ.എ. അബ്ബാസിന്റെ ധാത്രി കെ ലാൽ (1946), എം.എസ്. സത്യുവിന്റെ ഖരം ഹവ (1973) തുടങ്ങി ഈ ഗണത്തിലുള്ള മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് നസീം.
നസീം | |
---|---|
സംവിധാനം | സഈദ് അക്തർ മിർസ |
നിർമ്മാണം | NFDC |
രചന | സഈദ് അക്തർ മിർസ അശോക് മിശ്ര |
അഭിനേതാക്കൾ | Kaifi Azmi, Mayuri Kango, Kulbhushan Kharbanda, Kay Kay Menon, Surekha Sikri |
സംഗീതം | വൻരാജ് ഭാട്ട്യ |
ഛായാഗ്രഹണം | വീരേന്ദ്ര സായ്നി |
ചിത്രസംയോജനം | ജാവെദ് സയീദ് |
റിലീസിങ് തീയതി | 1995 |
ഭാഷ | Hindi/Urdu |
സമയദൈർഘ്യം | 120 mins |
നസീമിന്റെ തിരക്കഥ ഏറ്റവും നല്ല തിരക്കഥക്കുള്ള 1996 ദേശീയ ചലച്ചിത്രപുരസ്കാരം നേടാൻ സഈദ് അക്തർ മിർസയേയും അശോക് മിശ്രയേയും അർഹരാക്കി
കെ.കെ. മേനോൻ, മയൂരി കങ്കൊ തുടങ്ങിയവരുടെ കന്നി ചിത്രം, ഉർദു കവിയായ കൈഫി ആസ്മി അഭിനയിച്ച ഏക ചലച്ചിത്രം എന്നീ സവിശേഷതകളും ഈ ചിത്രത്തിനുണ്ട്.[1]
കഥ
തിരുത്തുകപ്രഭാതത്തിലെ ഇളം കാറ്റ് എന്നാണ് നസീം എന്ന പദത്തിന്റെ അർഥം. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ അടുത്ത മാസങ്ങളിൽ നസീം എന്ന സ്കൂൾ കുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശയ്യാവലംബിയായ തന്റെ മുത്തഛനുമായി തികഞ്ഞ സ്നേഹ-ബഹുമാനങ്ങൾ പങ്കുവെക്കുന്നു നസീം. ഒരു കാലഘട്ടത്തിലെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിനു സ്വാതന്ത്ര്യത്തിനു മുമ്പത്തെ ആഗ്രയിലെ തന്റെ ജീവിതകാലം മധുരിക്കുന്ന ഓർമ്മയായാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ബോംബെ നഗരത്തിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ സ്കൂളിലും തന്റെ അയല്പക്കങ്ങളിലും സംഭവിക്കുന്ന മാറ്റത്തിൽ നസീം വല്ലാതെ ചകിതയാവുന്നു. ബാബരി മസ്ജിദിന്റെ പേരിൽ കടുത്ത ചേരിതിരിവിലേക്ക് നീങ്ങുന്ന സാമുഹ്യ അവസ്ഥയെ നിസ്സഹായനായി നിരീക്ഷിക്കുകയാണ് നസീമിന്റെ മുത്തഛൻ.
ബാബരി മസ്ജിദ് തകർക്കപ്പെടുന്ന ദിവസം ഒരു കാലഘട്ടത്തിലെ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ പ്രതീകാത്മകമായ അന്ത്യത്തെകുറിച്ചുകൊണ്ട് മുത്തച്ചൻ മരണമടയുന്ന ദൃശ്യാവതരണത്തോടെ ചിത്രത്തിനു തിരശ്ശീല വീഴുന്നു.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-31. Retrieved 2010-09-20.
- ↑ http://www.imdb.com/title/tt0241753/plotsummary