ആധുനിക സമ്പ്രദായത്തിലുള്ള ശിശുവിദ്യാഭ്യാസത്തെ നഴ്സറി വിദ്യാഭ്യാസം എന്ന പേരിൽ അറിയപ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനുമുമ്പ് നൽകുന്ന ഈ അടിസ്ഥാനവിദ്യാഭ്യാസപദ്ധതിക്ക് ഇപ്പോൾ വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. പൂർണമായ അർഥത്തിലുള്ള വിദ്യാഭ്യാസം പ്രൈമറി സ്കൂൾതലം മുതൽക്കേ ആരംഭിക്കുന്നുള്ളുവെങ്കിലും അതിനുമുമ്പുതന്നെ കുട്ടികളുടെ മാനസികവും കായികവുമായ വളർച്ചയ്ക്കാവശ്യമായ നല്ല ശീലങ്ങളും അറിവുകളും കഴിവുകളും വികസിപ്പിക്കാനുതകുന്നതരത്തിലുള്ള മാർഗനിർദ്ദേശങ്ങൾ നൽകി ഭാവിജീവിതത്തിന് സജ്ജരാക്കുകയാണ് നഴ്സറി വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. മൂന്നു മുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികൾക്കാണ് ഇതു നൽകാനുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോൾ രണ്ടു വയസ്സുമുതൽ നാലു വയസ്സുവരെയുള്ള കുട്ടികൾ നഴ്സറികളിലെത്തുന്നുണ്ട്.

കുട്ടികൾ നഴ്സറിയിൽ

ഭാവികാല സാമൂഹിക ജീവിതത്തിന്റെ അടിത്തറ

തിരുത്തുക

ഗൃഹാന്തരീക്ഷത്തിലെ അമിതലാളന, ഏകാന്തത എന്നിവയിൽനിന്നും കുഞ്ഞുങ്ങളെ മാറ്റുന്നതിനും മറ്റ് സമപ്രായക്കാരുടെ കൂട്ടത്തിൽ കളിച്ചും രസിച്ചും കലഹിച്ചും പരസ്പരം സഹകരിച്ചും ഭാവികാല സാമൂഹിക ജീവിതത്തിനായുള്ള അടിത്തറയിടുന്നതിന് നഴ്സറി സ്കൂളിലെ പരിശീലനം സഹായിക്കുന്നു. ശിശുമനശ്ശാസ്ത്രത്തിൽ അവഗാഹം നേടിയവരും ശിശുക്കളുടെ സിദ്ധിവൈഭവങ്ങളും അവരുടെ ന്യൂനതകളും ഗ്രഹിക്കാനുള്ള പരിശീലനം നേടിയവരാണ് ഇത്തരം സ്കൂളുകളിലെ അധ്യാപകർ. ഇവർ കുട്ടികളെ ലാഘവത്തോടെയും കളികളിലൂടെയും പല കാര്യങ്ങളും പഠിപ്പിക്കുകയും സ്വയം പഠിക്കാൻ അവർക്ക് അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. അതിനു സഹായകരമായ സ്ഥലസൌകര്യങ്ങളും കളിക്കോപ്പുകൾ, പൂന്തോട്ടം, ആധുനിക രീതിയിലുള്ള പഠനോപകരണങ്ങൾ എന്നിവയും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കും. ചെറുപാട്ടുകളിലൂടെയും, കളികളിലൂടെയും ഇവിടെ നിന്ന് പലതരം വിദ്യകൾ അനായാസം ഗ്രഹിക്കാൻ കുട്ടികൾക്കു കഴിയുന്നു.

കിന്റർഗാർട്ടൻ

തിരുത്തുക

കിന്റർഗാർട്ടൻ എന്ന പേരിൽ പ്രസിദ്ധി നേടിയ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിഷ്കർത്താവ് ഫ്രോയ്ബൽ ആണ്. 1826-ലാണ് ഈ വിദ്യാഭ്യാസസമ്പ്രദായം കൗതുകകരങ്ങളായ വസ്തുക്കളുടെയും കളികളുടെയും അകമ്പടിയോടുകൂടി ഇദ്ദേഹം നടപ്പാക്കിയത്. 1909-ൽ ഇംഗ്ലണ്ടിലും 1922-ൽ അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റണിലും നഴ്സറി വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇംഗ്ലണ്ടിൽ 1944-ൽ ഇതു പൊതുവിദ്യാഭ്യാസത്തിന്റെ പ്രാഥമിക തലമായി അംഗീകാരം നേടി. ഒട്ടേറെ നഴ്സറി വിദ്യാലയങ്ങളിൽ ഇറ്റാലിയൻ വിദ്യാഭ്യാസ ചിന്തകയായ മരിയ മോണ്ടിസോറി വികസിപ്പിച്ച പ്രത്യേക രീതിയിലുള്ള അധ്യയനവും നടത്തിവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേർപ്പെടുന്നു. ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു. ഒരു കൂട്ടർ ചിത്രം വരയ്ക്കുമ്പോൾ മറ്റൊരു വിഭാഗം കാർട്ടൂൺ വരച്ചു രസിക്കുന്നു. കുറച്ചുപേർ പാട്ടുപാടുമ്പോൾ ചിലർ നൃത്തം ചവിട്ടുന്നു. ഓരോ കുട്ടിയും ഓരോതരം അനുഭവങ്ങൾ കളികളിലൂടെ അനായാസം ഹൃദിസ്ഥമാക്കുന്നു. ഇതിനിടയിൽ ഔട്ട്ഡോർ ആക്റ്റിവിറ്റീസും കാണപ്പെടുന്നു. ഓരോ ദിവസവും അവസാനിക്കുമ്പോൾ എല്ലാവരും കൂടിയുള്ള ഒരു സമൂഹഗാനവും അതുകഴിഞ്ഞ് രക്ഷാകർത്താക്കളെത്തുമ്പോൾ വീട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങളും-കോട്ടിടുക, ഷൂ കെട്ടുക, ബാഗ് എടുത്തു എല്ലാ സാധനങ്ങളും അതിനകത്ത് വയ്ക്കുക തുടങ്ങിയവ-സ്വയം ചെയ്യാൻ പരിശീലനം നൽകുന്നു. ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവർക്കു മറ്റുള്ളവർ ടാറ്റാ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു.

പ്രധാനാധ്യാപിക

തിരുത്തുക

നഴ്സറി സ്കൂളിലെ പ്രധാനാധ്യാപിക എല്ലാ കുഞ്ഞുങ്ങളോടും പ്രസന്നഭാവത്തോടെ ഒരുപോലെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ മാതൃകാപരമായ പെരുമാറ്റം കാഴ്ചവയ്ക്കുന്നവരാകണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ എല്ലാ കാര്യങ്ങളിലും അധ്യാപിക ശ്രദ്ധയർപ്പിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ മാനസിക വികാസവും കായികക്ഷമതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കളിയിലൂടെയും കഥ, ഗാനം തുടങ്ങിയവയിലൂടെയും അവരെ പ്രത്യുന്മുഖരാക്കുവാൻ അധ്യാപകർ സദാ സന്നദ്ധരായിരിക്കണം. കുട്ടികളുടെ മാതാപിതാക്കളുമായി ആരോഗ്യപരമായ കാര്യങ്ങളിൽ അന്വേഷണം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടതുണ്ട്.

നഴ്സറികളിൽ വിദ്യാഭ്യാസം ആവശ്യമില്ലെന്ന ചിന്താഗതിക്കാരും ധാരാളമുണ്ട്. നഴ്സറികൾ കുഞ്ഞുങ്ങളെ പകൽ സമയം സുരക്ഷിതമായി സംരക്ഷിക്കാനും മറ്റു കുട്ടികളുമായി സഹകരിച്ച് പെരുമാറുന്നതിന് അഭ്യസിപ്പിക്കാനും മാത്രമേ ആകാവൂ എന്ന നിലപാടാണ് ഇക്കൂട്ടർക്കുള്ളത്. അതിനാൽ നഴ്സറി വിദ്യാഭ്യാസം എന്ന പ്രയോഗം അവർ നിരാകരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നഴ്സറി വിദ്യാഭ്യാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഴ്സറി_വിദ്യാഭ്യാസം&oldid=3635074" എന്ന താളിൽനിന്ന് ശേഖരിച്ചത്