യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരിൽ യേശുവിന്റെ മഹത്ത്വവും സ്വന്തം അപരാധവും തിരിച്ചറിഞ്ഞ് യേശുവിനോട് കരുണ യാചിച്ചതിന്റെ ഫലമായി സ്വർഗ്ഗസമ്മാനത്തിന്റെ വാഗ്ദാനം നേടിയതായി ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്ന ആളാണ് നല്ല കള്ളൻ അഥവാ മനസ്തപിച്ച കള്ളൻ (the Good Thief or the Penitent Thief). ഗാഗുൽത്താമലയിൽ യേശുവിനൊപ്പം രണ്ടു കള്ളന്മാരെക്കൂടി കുരിശിച്ചതായി സുവിശേഷങ്ങളിൽ പരാമർശിക്കുന്നുണ്ടങ്കിലും ഇവരിൽ യേശുവിന്റെ വലതുഭാഗത്ത് ക്രൂശിക്കപ്പെട്ടിരുന്നയാളാണ് മാനസാന്തരപ്പെട്ട കള്ളനെന്നാണ് പരമ്പരാഗത വിശ്വാസം. ഇടത്തുവശത്തു ക്രൂശിക്കപ്പെട്ടവൻ മാനസാന്തരപ്പെടാത്ത കള്ളൻ (impenitent thief) എന്നും അറിയപ്പെടുന്നു.

ചെക്ക് റിപബ്ലികിലുള്ള ഡിസ്മാസ് പ്രതിമ

പേരുകൾ തിരുത്തുക

കാനോനിക സുവിശേഷങ്ങൾ യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളുടെ പേരുകൾ പറയുന്നില്ലെങ്കിലും അപ്പോക്രിഫകളും പിൽക്കാല ക്രൈസ്തവലിഖിതങ്ങളും ഇവരെ പല പേരുകളിൽ പരാമർശിക്കുന്നു. പൗരസ്ത്യപാരമ്പര്യത്തിലെ "പീലാത്തോസിന്റെ നടപടികൾ" (Acts of Pilate) എന്ന കൃതി നല്ല കള്ളനെ ഡിസ്മാസ് എന്നും മനസ്തപിക്കാത്ത കള്ളനെ ഗെസ്റ്റാസ് എന്നും വിളിക്കുന്നു.[1] പാശ്ചാത്യപാരമ്പര്യത്തിൽ ലത്തീനിലെ ചില സുവിശേഷപാഠങ്ങളിൽ ഈ കള്ളന്മാർ സൊവാത്താം, കാമ്മാ (Zoatham and Cammaa) എന്നീ പേരുകളിലും മറ്റു ചില പാഠങ്ങളിൽ ജോത്താസ്, മഗ്ഗാത്രാസ് (Joathas and Maggatras) എന്നീ പേരുകളിലും പരാമർശിക്കപ്പെടുന്നു.[2] അറേബ്യൻ ബാല്യസുവിശേഷങ്ങൾ ടൈറ്റസും ഡുമാഖസും ആയിട്ടാണ് ഇവരെ പരാമർശിക്കുന്നത്.[3]റഷ്യൻ സഭകളിൽ റാഖ്(rakh) എന്നും ഡിസ്മാസ് അറിയപ്പെടുന്നു.

സുവിശേഷങ്ങളിൽ തിരുത്തുക

 
സ്വർഗ്ഗത്തിലെത്തിയ നല്ല കള്ളൻ, 1560-നടുത്ത് റഷ്യൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഉണ്ടായ ചിത്രീകരണം

സമാന്തരസുവിശേഷങ്ങൾ (Synoptic Gospels) മൂന്നും യേശുവിനൊപ്പം കുരിശിലേറ്റപ്പെട്ട രണ്ടു കള്ളന്മാരുടെ കാര്യം പറയുന്നുണ്ടെങ്കിലും, അവരുടെ കഥ സാമാന്യം ദീർഘമായി പറയുന്നതും കള്ളന്മാരെ വ്യത്യസ്തസ്വഭാവമുള്ളവരായി ചിത്രീകരിക്കുന്നതും ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ്. "അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു" (മത്തായി 27:44)
എന്നും "അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു" (മാർക്കോസ് 15:27) എന്നുമുള്ള ശുഷ്കിച്ച പരാമർശങ്ങളേ മത്തായിയും മാർക്കോസും രണ്ടു കള്ളന്മാരെക്കുറിച്ചു നൽക്കുന്നുള്ളൂ. എന്നാൽ ലൂക്കോസിന്റെ വിവരണം ഈവിധമാണ്:-

മറ്റ് വിവരണങ്ങൾ തിരുത്തുക

 
യേശുവിനും ഒരു മാലാഖാക്കുമൊപ്പം പറുദീസയുടെ പടിവാതിൽ കടക്കുന്ന നല്ല കള്ളൻ, 17-ആം നൂറ്റാണ്ടിലെ ഈ ചിത്രം റഷ്യയിലെ സൊലോവേറ്റ്സ്കി ആശ്രമത്തിലാണ്.


കണ്ണിൽ കണ്ടവരെ കൊള്ളയടിച്ചും കൊന്നും മരുഭൂമിയിൽ ജീവിച്ചിരുന്നവനായി സഭാപിതാവായ യോഹന്നാൻ ക്രിസോസ്തമസ് നല്ല കള്ളനെ ചിത്രീകരിക്കുന്നു. സ്വന്തം സഹോദരൻ ഉൾപ്പെടെയുള്ളവർ അയാളുടെ കൊലപാതകവാസനയുടെ ഇരകളായതായി വിശുദ്ധ ഗ്രിഗോരിയോസും പറയുന്നു. ഇത്രയും പാതകങ്ങൾ നടത്തിയിട്ടു പോലും അവസാനം മാനസാന്തരപ്പെടുകയും ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുകവഴി മോക്ഷപ്രാപ്തിക്ക് അർഹനാകുന്ന നല്ല കള്ളന്റെ അനുഭവം ക്രൈസ്തവ മതാദ്ധ്യാപനത്തിലെ ഗുണപാഠകഥകളിൽ പ്രധാനമാണ്.[5]

മേരിയും ജോസഫും ഉണ്ണിയേശുവിനെ ഹേറോദേസിൽ നിന്നു രക്ഷപെടുത്താൻ അവനോടൊപ്പം ഈജിപ്തിലേക്ക് പലായനം ചെയ്ത വേളയിൽ കൊള്ളക്കാരാൽ ആക്രമിക്കപ്പെട്ടെന്നും കൊള്ളസംഘത്തിലുണ്ടായിരുന്ന ടൈറ്റസ് എന്ന നല്ല കള്ളൻ, ഈ ദമ്പതികളെ വെറുതെ വിടാൻ സഹകൊള്ളക്കാരനെ പ്രേരിപ്പിച്ചു എന്നും അറബ് ബാല്യ സുവിശേഷങ്ങൾ പറയുന്നു.[3]

അനുസ്മരണങ്ങൾ തിരുത്തുക

ഒരിക്കലും ഔദ്യോഗികമായി വാഴ്ത്തപ്പെട്ടിട്ടിലെങ്കിലും നല്ല കള്ളനെ ചില ഗ്രന്ഥങ്ങൾ "വിശുദ്ധ ഡിസ്മാസ്" എന്നു വിളിക്കുന്നുണ്ട്. ക്രിസ്തീയപാരമ്പര്യങ്ങളിൽ ചിലത് ഇദ്ദേഹത്തെ പുണ്യപദവി കല്പിച്ച് പ്രകീർത്തിക്കുന്നു. കത്തോലിക്കാസഭയിൽ വിശുദ്ധമറിയത്തിന്റെ അമലോദ്ഭവത്തിരുനാളായ മാർച്ച് 25-ആം തീയതി നല്ല കള്ളന്റെ അനുസ്മരണ ദിനമായും കണക്കാക്കപ്പെടുന്നു.ഡിസ്മാസിന്റെ സ്മരാണർഥം നിരവധി പള്ളികളും പട്ടണങ്ങളും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. തടവുകാർ നിർമ്മിച്ച "നല്ല കള്ളന്റെ പള്ളി" കാനഡയിൽ ഒന്റാറിയോ പ്രവിശ്യയിലെ കിങ്സ്റ്റൻ രൂപതയിലുണ്ട്.[6]

നുറുങ്ങുകൾ തിരുത്തുക

ഈജിപ്തിലേക്കു പലായനം ചെയ്യുന്നതിനിടെ 'തിരുക്കുടുംബം' രണ്ടു കള്ളന്മാരെ കണ്ടുമുട്ടുന്ന കഥ അറേബ്യൻ ബാല്യകാലസുവിശേഷത്തിൽ:-

അവലംബം തിരുത്തുക

  1. "The Acts of Pilate", Gospel of Nicodemus Part-I (അദ്ധ്യായങ്ങൾ 9-10)
  2. "Names of the Nameless" - Oxford Companion to the Bible (പുറങ്ങൾ 546-48)
  3. 3.0 3.1 The Arabic Gospel of the Infancy of the Saviour (അദ്ധ്യായം 23), Christian Classics Ethereal Library
  4. ലൂക്കോസ് എഴുതിയ സുവിശേഷം 23:32-43
  5. 5.0 5.1 "Communidad San Dimas - San Dimas, Short History". Archived from the original on 2016-03-05. Retrieved 2013-11-24.
  6. "The Church of the Good Thief, History of the Parish (1894-2009)". Archived from the original on 2013-09-17. Retrieved 2013-11-24.
"https://ml.wikipedia.org/w/index.php?title=നല്ല_കള്ളൻ&oldid=3635062" എന്ന താളിൽനിന്ന് ശേഖരിച്ചത്