നരിമാൻ കെ.എഫ്.
മുംബൈയിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനായിരുന്നു കെ എഫ്. നരിമാൻ (Khurshed Framji Nariman). ഇദ്ദേഹത്തെ വീർ നരിമാൻ എന്നു വിളിച്ചിരുന്നു. പ്രസിദ്ധനായ നിയമപണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു ഇദ്ദേഹം. മുംബൈ തീരത്തോടു ചേർന്നുകിടന്ന ആഴംകുറഞ്ഞ കടൽഭാഗം നികത്തി നഗരവികസനത്തിനായി ഉപയോഗിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഇദ്ദേഹമാണ്. ദക്ഷിണ മുംബൈയിലെ ഏറ്റവും വലിയ വാണിജ്യ-വ്യാപാര കേന്ദ്രമായി മാറിയ നരിമാൻ പോയിന്റ് അദ്ദേഹത്തോടുള്ള ബഹുമാനപുരസരം കൊടുത്തതാണ്. ഒരു നല്ല വായനക്കാരനായിരുന്ന നരിമാൻ, വിദർ കോൺഗ്രസ് എന്ന പുസ്തകം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
ജീവിതവും പ്രവർത്തനമണ്ഡലവും
തിരുത്തുക1883 മേയ് 17 നു മുബൈയിലെ ഒരു മധ്യവർഗ പാർസി കുടുംബത്തിൽ നരിമാൻ ജനിച്ചു. മുംബൈ ലോ കോളേജിൽ നിന്നും നിയമ ബിരുദമെടുത്തു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുബൈയിലെ അറിയപ്പെടുന്ന അഭിഭാഷകനായി മാറി. 1924 - ഇൽ അദ്ദേഹത്തെ മുംബൈ ലെജിസ്‌ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടൂക്കപ്പെട്ടു. സ്വരാജ് കക്ഷി നേതാവായിട്ടാണ് അദ്ദേഹം കൗൺസിലിൽ പ്രവർത്തിച്ചത്. 1928 ഇൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അഗംത്വമെടുത്തു. പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിയമനിഷേധ സമരങ്ങളിൽ സജീവ പങ്കാളിയായിരുന്നു. മുംബൈയിൽ ആദ്യമായി ഉപ്പുസത്യാഗ്രഹം നടത്തിയത് ഇദ്ദേഹമായിരുന്നു. ഇതിന്റെ പേരിൽ നരിമാന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 1935 - 36 കാലഘട്ടത്തിൽ ഇദ്ദേഹം മുംബൈ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നഗരത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി ഈ പദവി അദ്ദേഹം കാര്യക്ഷമമായി വിനിയോഗിച്ചു.
1930-കളുടെ ഒടുവിൽ സർദാർ വല്ലഭായ് പട്ടേലുമായി അഭിപ്രായഭിന്നതകൾ ഉടലെടുത്തത് കോൺഗ്രസ്സിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. തനിക്കു പകരം ബി.ജി. ഖേറിനെ ബോംബെ മുഖ്യമന്ത്രിയാക്കിയ സർദാർ വല്ലഭായ് പട്ടേലിന്റെ നടപടിയാണ് അഭിപ്രായഭിന്നതയ്ക്കു കാരണമായത്. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഇദ്ദേഹം തുടർന്ന് നിയമരംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. 1945-ൽ ഇന്ത്യൻ നാഷണൽ ആർമിയിലെ ഓഫീസർമാരെ വിചാരണ ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ അവർക്കു വേണ്ടി വാദിക്കാൻ തയ്യാറായ പ്രമുഖ അഭിഭാഷകരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1948 ലായിരുന്നു ഇദ്ദേഹം അന്തരിച്ചത്.
കേരളത്തിൽ
തിരുത്തുക1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരുന്ന എ. നാരായണപ്പിള്ളയ്ക്കു വേണ്ടി വാദിക്കാൻ നരിമാൻ തിരുവനന്തപുരത്ത് എത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ഇദ്ദേഹം കോടതിയിൽ ഹാജരാകുന്നതിനെ സർ സി.പി. രാമസ്വാമി അയ്യർ വിലക്കുകയുണ്ടായി.