നമ്പൂരി ഫലിതം
മലയാളക്കരയിലെ നമ്പൂതിരിമാർ പറയുന്ന തമാശയെയാണു നമ്പൂരി ഫലിതം എന്നു പറയുന്നത്. ഫലിതപ്രിയന്മാരാണു നമ്പൂതിരിമാർ എന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ‘അവസാനത്തെ സ്മാർത്തവിചാരം’ എന്ന ഗ്രന്ഥത്തിൽ എ. എം. എൻ. ചാക്യാർ, നമ്പൂതിരിമാരുടെ ഫലിതപ്രിയത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: “സാമൂഹ്യ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാനും മാറ്റങ്ങളെക്കൊണ്ട് അവയെ ഉൾക്കൊള്ളാനും കഴിയാതിരുന്ന നമ്പൂതിരി പരിഹാസപാത്രമായി; പലപ്പോഴും മടയനായി അവഹേളിക്കപ്പെടുകയും ചെയ്തു. പക്ഷേ, സ്വയം കളിയാക്കി ചിരിക്കുവാനും മറ്റുവരെ ചിരിപ്പിക്കുവാനും കഴിവുണ്ടായിരുന്ന നമ്പൂതിരി ഇതു തീരെ കാര്യമാക്കിയില്ല.“[1]നമ്പൂതിരി എന്ന വാക്കിന്റെ സംസാരരൂപമാണു നമ്പൂരി എന്നത്. കേരളത്തിൽ നമ്പൂരി ഫലിതങ്ങൾ പ്രചുരപ്രചാരമാണു. ‘ശൈലീ പ്രപഞ്ച’ത്തിൽ വടക്കുംകൂർ രാജരാജവർമരാജ എഴുതുന്നു: ”മറ്റൊരു വർഗക്കാർക്കും അവരെപ്പോലെ(നമ്പൂതിരിമാർ)അർത്ഥവത്തും രസകരവും മർമഭേദകവും ആയ ഫലിതം പ്രയോഗിക്കുക സാധ്യമല്ല.“[2]ഐതിഹ്യമാലയിൽ മുട്ടസ്സു നമ്പൂതിരിയുടെ ഒന്നിലധികം കഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. ഈ ഉദാഹരണം കൊണ്ടുതന്നെ നമ്പൂരിയുടെ തമാശഹൃദയം മനസ്സിലാക്കാം.
നമ്പൂരി ഫലിതത്തിന്റെ ഒരു ഉദാഹരണം: ഇല്ലത്തെ കോലായയിലിരുന്ന് വിസ്തരിച്ച് മുറുക്കുകയായിരുന്ന നമ്പൂതിരിയുടെ ചെവിയിൽ, തൊഴുത്തു വൃത്തിയാക്കുന്ന വേലക്കാരന്റെ നിലവിളി കേട്ടു.
പരിഭ്രമത്തോടെ നമ്പൂരി ചോദിച്ചു:
”എന്താ, എന്താ പറ്റ്യേ?“
”തിരുമേനീ, എന്നെ പാമ്പു കടിച്ചു!“
വേലക്കാരൻ കരഞ്ഞുകൊണ്ടു പറഞ്ഞു.
ഇതുകേട്ട് നമ്പൂരി ചോദിച്ചു:
”എവിട്യാ കടിച്ചേ?“
”മൂർധാവിൽ തന്ന്യാ കടിച്ചേ...“
വേലക്കാരൻ പറഞ്ഞു.
അപ്പോൾ നമ്പൂരി ആശ്വസിച്ചുകൊണ്ടു പറഞ്ഞു:
“ഹാവൂ... സമാധാനായി. മൂർധാവിലാണെങ്കിൽ വിഷം കേറില്ല. നിശ്ശം.”[3]
അവലംബം
തിരുത്തുക- ↑ എ.എം.എൻ., ചാക്യാർ (2001). അവസാനത്തെ സ്മാർത്ത വിചാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. p. 126. ISBN 81-86365-93-1.
- ↑ വടക്കുകൂർ, രാജർജാവർമരാജ (1967). ശൈലീപ്രദീപം. തിരുവനന്തപുരം: കമലാലയ ബുക്ഡിപ്പോ. p. 1130. ISBN ഇല്ല.
{{cite book}}
: Check|isbn=
value: invalid character (help) - ↑ ഡോ. കെ., ശ്രീകുമാർ (2010). നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും(വോള്യം-1). കോട്ടയം: ഡി.സി.ബുക്സ്. p. 975. ISBN 978-81-264-2491-7.