പവണന്തിയാർ എന്നും പവണന്തി മുനിവർ എന്നും അറിയപ്പെട്ടിരുന്ന പണ്ഡിതകവി ഏകദേശം ഏഴു നൂറ്റാണ്ടുകൾക്കു മുമ്പു രചിച്ചതാണെന്നു കരുതപ്പെടുന്ന തമിഴ് വ്യാകരണ ഗ്രന്ഥമാണ് നന്നൂൽ. മൂന്നാം കുലോത്തുംഗ ചോഴന്റെ ഭരണകാലത്ത് സാമന്തനോ നാടുവാഴിയോ ആയിരുന്ന സീയഗംഗൻ എന്ന ഭാഷാ പ്രണയിയാണ് നന്നൂൽ എഴുതാൻ പവണന്തി മുനിവരെ പ്രേരിപ്പിച്ചതെന്ന് ഗ്രന്ഥത്തിന്റെ ആരംഭത്തിൽ പറഞ്ഞിട്ടുണ്ട്. പവണന്തിമുനിവർ ജൈനമതവിശ്വാസിയായിരുന്നുവെന്നും പിതാവിന്റെ പേര് സന്മതിമാമുനി എന്നാണെന്നും ഇന്നത്തെ കർണാടക സംസ്ഥാനത്തിന്റെ ഭാഗവും സനനാഥപുരമെന്നോ സനകാപുരമെന്നോ സനകൈ എന്നോ അറിയപ്പെട്ടിരുന്നതുമായ സ്ഥലമാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

വ്യാകരണ നിയമങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള തമിഴിലെ ആദ്യത്തെ ആധികാരിക ഗ്രന്ഥമായ തൊൽകാപ്പിയം കഴിഞ്ഞാൽ ഏറ്റവും മുഖ്യമായ ഭാഷാശാസ്ത്രഗ്രന്ഥമാണ് നന്നൂൽ (നൂൽ എന്ന തമിഴ് പദത്തിന് ഗ്രന്ഥം എന്നാണർഥം. നന്നൂൽ എന്ന വാക്കിന് ഉത്തമഗ്രന്ഥം എന്ന് അർഥം പറയാം).

എഴുത്ത്, മൊഴി, അർഥം, കാവ്യം, അലങ്കാരം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളുടെ ലക്ഷണങ്ങളും ഇതിൽ പ്രതിപാദിച്ചിരുന്നതായി ഗ്രന്ഥാരംഭത്തിൽ സൂചനയുണ്ടെങ്കിലും പില്ക്കാലത്ത് അതിൽ കുറേഭാഗം നഷ്ടപ്പെട്ടുപോയി. എഴുത്ത്, ചൊല്ല് (മൊഴി) എന്നു രണ്ടുഭാഗങ്ങൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ആദ്യത്തേത് എഴുത്തധികാരം എന്നും രണ്ടാമത്തേത് ചൊല്ലധികാരം എന്നും അറിയപ്പെടുന്നു.

അക്ഷരങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവയുടെ ഘടന, പ്രയോഗം, വചനം, ലിംഗപ്രത്യയങ്ങൾ മുതലായവയെല്ലാം നന്നൂലാൽ സോദാഹരണം വിവരിക്കുന്നു.

ഹൃദിസ്ഥമാക്കാനെളുപ്പമുള്ള സൂത്രങ്ങളായാണ് വ്യാകരണ നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം രചനയ്ക്കൊപ്പം തൊല്കാപ്പിയത്തിലെയും മറ്റുചില പുരാതന കൃതികളിലെയും വരികളും ഇതിൽ കൂട്ടിക്കലർത്തിയിട്ടുള്ളതായി കാണാം. മയിലൈ നാഥർ, ശങ്കര നമശ്ശിവായ പുലവർ, രാമാനുജ കവിരായർ, വിശാഖപ്പെരുമാൾ അയ്യർ തുടങ്ങിയ പണ്ഡിതന്മാർ നന്നൂലിനു വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്നൂ%E0%B4%B2%E0%B5%8D%E2%80%8D എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നന്നൂൽ&oldid=3278626" എന്ന താളിൽനിന്ന് ശേഖരിച്ചത്