നണ്ഡൂരി വേങ്കട സുബ്ബറാവു
പ്രശസ്തനായ ഒരു തെലുഗു കവിയാണ് നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954). 1884-ൽ ജനിച്ചു. അഭിഭാഷകനായി ജീവിതമാരംഭിച്ചു. അധികം താമസിയാതെ സാഹിത്യത്തിൽ കൃതഹസ്തനാവുകയും തനതായ കാവ്യസപര്യയിലൂടെ തെലുഗുകവിതയ്ക്ക് പൂർവാധികം സൗഷ്ഠവം പ്രദാനംചെയ്യുകയും ഭാവഗീതാംശം ഉൾക്കൊള്ളിച്ച് അതിനെ അനാർഭാടസുന്ദരമാക്കുകയും ചെയ്തു. അക്കാലത്തു നിലവിലുണ്ടായിരുന്ന അഷ്ടാവധാനം, ശതാവധാനം എന്നിവ ഉപേക്ഷിച്ച് സ്വന്തമായ ഒരു കാവ്യരീതിക്കു രൂപംനല്കി എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. അതിനായി ചരിത്ര-പൗരാണിക കഥകൾ, സംസ്കൃതാധിഷ്ഠിതമായ ഭാഷ, വൃത്തനിയമങ്ങൾ തുടങ്ങിയവ പൂർണമായി ഉപേക്ഷിക്കുകയും തികച്ചും സ്നിഗ്ധവും രമണീയവുമായ ലോകഗീതങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ തെലുഗുകവിതയിൽ നൂതനപ്രവണതകൾക്ക് തുടക്കം കുറിച്ച കവികളിൽ ഒരാളാണ് ഇദ്ദേഹം.
യേങ്കി പാടലുവാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നായുഡുഭാവ, യേങ്കി എന്നിവരാണ് ഇതിലെ നായികാനായകന്മാർ. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും ചാരിത്യ്രത്തിന്റെയും പ്രതീകമാണ് നായികയായ യേങ്കി. വീനസ്-അഡോണിസ്, റോമിയോ-ജൂലിയറ്റ് എന്നിവർക്കു തുല്യമാണ് ഇവരുടെ ദൈവിക പ്രേമം. സമാകർഷകമായ വ്യക്തിത്വത്തിന്റെ ഉടമകളാണ് ഇവർ. ആന്ധ്രയിലെ ഗ്രാമീണ സ്ത്രീത്വത്തെയാണ് യേങ്കി പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരായ കർഷകരുടെ സംസാരഭാഷ വളരെ തന്മയത്വത്തോടുകൂടി ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തവരും തൊഴിലാളികളുമായ ഗ്രാമീണജനങ്ങളിൽ ഉത്തമരായ നായികാനായകന്മാരുടെ ചിത്രം അവതരിപ്പിക്കുന്നതിൽ കവി വിജയം വരിച്ചിട്ടുണ്ട്. ഈ കവിതയിലൂടെ ഇദ്ദേഹം തെലുഗുവിലെ കാല്പനിക പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. 1954-ൽ ഇദ്ദേഹം അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നണ്ഡൂരി_വേങ്കട_സുബ്ബറാവു_(1884_-_1954) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |