കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടു കൂടി ജാതിമത ഭേദമന്യേ എല്ലാവരും ഈ കലാരൂപം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാ ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു.

നങ്ങ്യാർക്കൂത്ത് അവതരണം
നങ്ങ്യാർക്കൂത്ത് അവതരണം
നങ്ങ്യാർക്കൂത്ത്
നങ്ങ്യാർക്കൂത്ത്

പശ്ചാത്തലം

തിരുത്തുക

സുഭദ്രാധനഞ്ജയം നാടകം കുലശേഖര പെരുമാളുടെ നിർദ്ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലൻ രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമാണ് ഇത്. നമ്പ്യാന്മാരുടെ സഹായത്തോടെ ചാക്യാന്മാരാണ് ഇത് നടത്തിയിരുന്നത്. കൂടിയാട്ടത്തിൽ പുരുഷവേഷം ചാക്യാരും സ്ത്രീവേഷം നങ്ങ്യാരുമാണ് കെട്ടിയിരുന്നത്. നാടകാഭിനയത്തിന് ആദ്യകാലത്തു പറഞ്ഞിരുന്ന പേരാണ് കൂത്ത്. ഇത് ഒന്നിലധികം കഥാപാത്രങ്ങൾ ചേർന്ന് അഭിനയിക്കുമ്പോൾ കൂടിയാട്ടമായി മാറുന്നു. ചാക്യാന്മാരുടെ നാടാകാഭിനയത്തിന് പൊതുവിൽ കൂടിയാട്ടമെന്നു പറഞ്ഞുവരുന്നു. ചാക്യാരും നങ്ങ്യാരും കൂടിയുള്ള അഭിനയവും കൂടിയാട്ടമാണ്. അഭിനയാംശം തീരെ കുറഞ്ഞ നാടകാവതരണമാണ് കൂത്ത്. സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്. കൂത്തിന്റെ പ്രധാനാംശം വാചികാഭിനയമാണെങ്കിൽ നങ്ങ്യാർകൂത്തിൽ വാചികാഭിനയത്തിനു സ്ഥാനമില്ല. കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന മിഴാവും ഇടയ്ക്കയും തന്നെയാണ് നങ്ങ്യാർകൂത്തിന്റെയും പശ്ചാത്തലം. നാടകാഭിനയചതുരയായ ഒരു നങ്ങ്യാർയുവതിയെ കുലശേഖരവർമൻ വിവാഹം കഴിച്ചുവത്രെ. ഇവരുടെ പരമ്പരയിൽപ്പെട്ട നങ്ങ്യാർമാർക്ക് ക്ഷേത്രങ്ങളിൽ കൂത്ത് നടത്താൻ അദ്ദേഹം അനുവാദം കൊടുത്തു. അവരുടെ അഭിനയത്തിനുവേണ്ടി സുഭദ്രാധനഞ്ജയംനാടകത്തിൽ ഒരു ചേടിയെ അവതരിപ്പിച്ചുവെന്നും ഈ ചേടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം ക്ഷേത്രങ്ങളിൽ സാർവത്രികമായി അദ്ദേഹം നടത്തിച്ചുപോന്നുവെന്നും പറയപ്പെടുന്നു. ഇവരുടെ അഭിനയമികവ് സർവാദൃതമായിരുന്നതുകൊണ്ടുതന്നെയാണ് കൂടിയാട്ടത്തിനൊപ്പം നങ്ങ്യാർകൂത്തിന് പ്രാധാന്യമുണ്ടായത്. കേരള കലാമണ്ഡലത്തിൽ കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കാൻ തുടങ്ങിയപ്പോൾ നങ്ങ്യാർകൂത്തും പഠനവിധേയമായി. ഈ കലാരൂപങ്ങളൊന്നും രംഗകല എന്ന നിലയിൽ ഇന്ന് സാർവത്രികമല്ല. എങ്കിലും കലാകാരന്മാരുടെയും കലാകാരികളുടെയും അർപ്പണബോധംകൊണ്ട്, കലാമൂല്യം കുറഞ്ഞുപോകാതെ തുടർന്നുപോകുന്നു.

പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തര’മായി നങ്ങ്യാർകൂത്ത് നടത്തിയിരുന്നു. ഇപ്പോൾ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവൻ അവതരിപ്പിക്കാൻ പഠിച്ചിട്ടുള്ള കുറച്ചു കലാകാരികൾ ഇന്ന് ശ്രീകൃഷ്ണചരിതം ക്ഷേത്രത്തിനു പുറത്ത് വിവിധ വേദികളിൽ അവതരിപ്പിച്ചു വരുന്നുണ്ട്

ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർക്കൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർക്കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഒരനുഷ്ഠാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം[1].

വില്ലുവട്ടം, കോശമ്പിള്ളി, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളിൽ നങ്ങ്യാർകൂത്ത് അനുഷ്ഠാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാർ ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയിൽ കാണിക്കുവാനേ ഇവരിൽ പലർക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവുകൊണ്ട് കുറേവർഷങ്ങളായി നിഷ്കൃഷ്ടമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം.

ദശമം കൂത്ത്

തിരുത്തുക

നങ്ങ്യാർ കൂത്തിലെ ഒരു വകഭേദമാണ് ദശമം കൂത്ത്. അഗ്നിഷ്ടോമം ചെയ്ത അക്കിത്തിരി മരിച്ചല്ലാൽ പത്നി ജീവിച്ചിരിപ്പുണ്ടേങ്കിൽ അദ്ദേഹത്തിനും പത്നിക്കും സദ്ഗതി വരുന്നതിനായി സഞ്ചയനത്തോടനുബന്ധിച്ച് മൂന്ന് ദിവസമായി ഇതവരരിപ്പിക്കുന്നു. സഞ്ചയനത്തോടനുബന്ധിച്ച് അസ്ഥികുംഭം മുന്നിൽ വച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നതുകൊണ്ട് ചുടലക്കൂത്ത് എന്നും പറയുന്നു.

300 വർഷം മുമ്പ് ഇത് അവതരിപ്പിക്കപ്പെട്ടതായി കാണാനുണ്ട്. 2014ൽ നടുവം മനയിൽ ഇത് നടന്നു. 2021 ആഗസ്റ്റ് 6,7,8 തീയതികളിൽ കൈമുക്ക് മനയിൽ ആണ് അവസാനം ഇത് നടന്നത്[2]. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്റെ സഞ്ചയനത്തോടനുബന്ധിച്ച് അപർണാ നങ്ങ്യാർ[3] ആണ് ഇത് അവതരിപ്പിച്ച്ത്. നടുവം മനയിലും അപർണയാണ് ഇത് അവതരിപ്പിച്ചത്.

ശാപം കിട്ടിയ ഘൃതാചി എന്ന അപ്സരസ്സിനു ലോഷ്ഠാതിരിയുടെ (അക്കിത്തിരിയുടെ) സഞ്ചയനത്തോടനുബന്ധിച്ച് ദശമം കൂത്തവതരിപ്പിച്ചാൽ മോക്ഷം കിട്ടുമെന്ന് അറിഞ്ഞതനുസരിച്ച അവർ അവതരിപ്പിച്ച്താണത്രേ ദശമം കൂത്ത്. ഈ ഘൃതാചിയുടെ പിന്മുറക്കാരണത്രെ നങ്ങ്യാർമാർ.

പന്തൽ, കൈമുക്ക് എന്നീ ഇല്ലങ്ങളിൽ നിന്നും കിട്ടിയ ക്രമദീപികയുടെ താളിയോലകളും അമ്മന്നൂർ കുട്ടൻചാക്യാരുടെ നിർദ്ദേശങ്ങളും അനുസരിച്ച് അപർണ്ണാനങ്ങ്യാർ ഇത് അവതരണയോഗ്യമാക്കി ചിട്ടപ്പെടുത്തി.

ചിത്രശാല

തിരുത്തുക


  • ഭക്തപ്രിയ-ഗുരുവായുർ ദേവസ്വം പ്രസിദ്ധീകരണം.

പരാമർശങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-10. Retrieved 2021-08-10.
  2. https://www.facebook.com/watch/live/?v=219003346899701&ref=search
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-16. Retrieved 2021-08-10.

കൂടുതൽ വായനക്ക്

തിരുത്തുക

സർവ്വവിജ്ഞാനകോശം വെബ് സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=നങ്ങ്യാർക്കൂത്ത്&oldid=4122289" എന്ന താളിൽനിന്ന് ശേഖരിച്ചത്