ധ്രുവദാസ്
ഒരു ഹിന്ദി ഭക്തകവിയാണ് ധ്രുവദാസ്[1]. രാധാവല്ലഭ വിഭാഗത്തിന്റെ ആരാധനാക്രമങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വ്യാഖ്യാനം നല്കിയ ഭക്തകവി എന്ന നിലയിലാണ് ധ്രുവദാസ് പ്രശസ്തി നേടിയത്. ഭക്തിമാർഗ്ഗത്തിൽ ആകൃഷ്ടനായി വീട് ഉപേക്ഷിച്ച് വൃന്ദാവനിലെത്തുകയും രാധാവല്ലഭ സമ്പ്രദായത്തിൽ ഔപചാരികമായി പ്രവേശിക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ധ്രുവദാസിന്റെ പില്ക്കാല ജീവിതവും പ്രവർത്തനങ്ങളും വൃന്ദാവനത്തെ കേന്ദ്രീകരിച്ചായിരുന്നു.
ജീവിതരേഖ
തിരുത്തുകഉത്തർപ്രദേശിലെ സഹറൻപൂരിൽ 1575-ലാണ് ധ്രുവദാസ് ജനിച്ചത്. മധ്യകാലത്തെ രാധാവല്ലഭ ആരാധക വിഭാഗത്തിൽപ്പെട്ട ഒരു ഭക്തനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ശ്യാമൾദാസ്. കായസ്ഥവിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തിന്റെ പൂർവികർ ഗവൺമെന്റ് ഉദ്യോഗം വഹിച്ചിരുന്നവരാണ്.
തികഞ്ഞ ഭക്തനായിരുന്നു ധ്രുവദാസ്. ഇദ്ദേഹം കാവ്യശാസ്ത്രത്തിൽ അവഗാഹം നേടി. 'ലീല' എന്ന പേരിൽ നാല്പത്തിരണ്ട് കവിതകൾ ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ കവിതകളിലെ പ്രതിപാദ്യത്തിൽ കാണുന്ന വൈജാത്യം അനുവാചകരെ അതിശയിപ്പിക്കത്തക്കതാണ്. ആരാധനാ ക്രമങ്ങൾ, ദാർശനിക സിദ്ധാന്തങ്ങൾ, ആധ്യാത്മികധ്യാനം, ലൗകിക ജീവിതരീതി, കവിതയിലെ സൗന്ദര്യബോധം, ആത്മാവിന്റെ ദേഹാന്തരപ്രാപ്തി എന്നിവയെ സംബന്ധിക്കുന്ന ധ്രുവദാസിന്റെ വീക്ഷണം ഏതെങ്കിലും ദർശനത്തിലോ മതത്തിലോ ഒതുങ്ങി നില്ക്കുന്നവയല്ല.
ധ്രുവദാസിന്റെ നാല്പത്തിരണ്ട് കൃതികളിൽ ജീവദശാലീല, വൃന്ദാവൻ സത്ലീല, ഹിത്ശൃംഗാർലീല, പ്രേമ്ദശാലീല, രതിമഞ്ജരീലീല, രസാനന്ദ്ലീല എന്നിവയാണ് ഏറെ പ്രചാരം നേടിയവ. കാവ്യഗ്രന്ഥങ്ങൾക്കു പുറമേ സിദ്ധാന്ത വിചാർലീല എന്ന പേരിൽ ഒരു ഗദ്യകൃതിയും ധ്രുവദാസ് രചിച്ചിട്ടുണ്ട്. വ്രജഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രന്ഥം.
പ്രേമത്തെ സംബന്ധിക്കുന്ന ഇദ്ദേഹത്തിന്റെ സൂക്ഷ്മാപഗ്രഥനം തികച്ചും മൗലിക സ്വഭാവമുള്ളതാണ്. 'രീതി' കവികളുടെ രചനകളിൽ കാണപ്പെടുന്ന പ്രസാദാത്മകത ധ്രുവദാസിന്റെ കവിതകളിലും കാണാം. ഇദ്ദേഹത്തിന്റെ രചനകൾ സമാഹരിച്ച് ധ്രുവസർവസ്വ എന്ന പേരിൽ പില്ക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ശൃംഗാരം, പ്രേമം എന്നീ ഭാവങ്ങളെ ഉദാത്തീകരിച്ച കവിയാണ് ധ്രുവദാസ്. 1643-ൽ ധ്രുവദാസ് അന്തരിച്ചു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധ്രുവദാസ്_(1575_-_1643) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |