കേരളത്തിലെ ഒരു ആദ്യകാല വൈദ്യമാസികയാണ് ധന്വന്തരി. 1903 മുതൽ കോട്ടക്കലിൽ നിന്ന് ആര്യവൈദ്യശാലയുടെ സഹകരണത്തോടെ ആര്യവൈദ്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങി[1]. ഡമ്മി 1/4 ൽ 40 പുറമായിരുന്നു ഒരു ലക്കം. വാർഷികവരി 4 രൂപയായിരുന്നു. ആരംഭത്തിൽ തൃശ്ശൂർ കേരള കല്പദ്രുമം പ്രസ്സിൽ അച്ചടിച്ചുതുടങ്ങിയ മാസിക പിന്നീട് കോട്ടയ്ക്കലിലെ ലക്ഷ്മീ സഹായം പ്രസ്സിൽ നിന്നായി. പത്രാധിപർ പി.എസ് വാര്യർ ആയിരുന്നുവെങ്കിലും ചുമതലകൾ മിക്കതും പി.വി കൃഷ്ണവാര്യരാണ് നടത്തിയിരുന്നത്. നാട്ടുവൈദ്യത്തിലെ അഴിമതികൾ തീർത്തു നല്ല നിലയിൽ കൊണ്ടുവരുകയായിരുന്നു ഈ മാസികയുടെ ലക്ഷ്യം. രോഗങ്ങളുടെ നിദാനം, ലക്ഷണം, ചികിത്സ, ഓരോ ഔഷധങ്ങളുടെ സ്വഭാവം, വസ്തി, വമനം മുതലായ കർമ്മങ്ങൾ ചെയ്യേണ്ട ക്രമം, ശിശുപരിപാലനരീതി, ബാലചികിത്സ, ആര്യവൈദ്യത്തിലെയും ആധുനിക വൈദ്യശാസ്ത്രത്തിലേയും ഒരേസിദ്ധാന്തങ്ങൾ, വൈദ്യസംബന്ധമായി എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടതായ പല തത്ത്വങ്ങളും അടങ്ങിയ കുറിപ്പുകൾ ഇങ്ങനെ അനേകം വിഷയങ്ങളുണ്ടായിരിക്കുമെന്ന് മാസികയുടെ പ്രസ്താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർ പി.പി ആന്റണി, ഡോക്ടർ. സി. ആർ. ഷേണായി, ഡോക്ടർ പി.കെ. വാര്യർ, ഡോക്ടർ എ.ഡി. ഹാന്റേ തുടങ്ങി അക്കാലത്ത് പേരെടുത്ത പല അലോപ്പതി വിദഗ്ദ്ധന്മാരുടെ ലേഖനങ്ങൾക്കും ധന്വന്തരി മാസിക ഇടം നൽകിയിരുന്നു. അഷ്ടാംഗഹൃദയം ഭാഷ (കായിക്കര പി.എം ഗോവിന്ദൻ വൈദ്യർ), വർണ്ണ ചികിത്സാക്രമം (വി. ഗോവിന്ദമേനോൻ), വിഷൂചിക (പി.എസ്. വാര്യർ), വിഷവൈദ്യം (ചണ്ണഴി കുമാരൻമൂസ്സത്), ആര്യവൈദ്യചരിത്രം (പി.വി. കൃഷ്ണവാര്യർ) തുടങ്ങിയ അനേകം വൈദ്യഗ്രന്ഥങ്ങൾ പിന്നീട് ഗ്രന്ഥരൂപത്തിൽ പ്രകാശിപ്പിക്കുവാൻ തക്കവണ്ണം ധന്വന്തരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആയുർവ്വേദത്തിന്റെ പുനരുജ്ജീവനർത്ഥം 23 വർഷം ഈ മാസിക പ്രചരിച്ചു.

  1. ജി.പ്രിയദർശനൻ. ആദ്യകാലമാസികകൾ.
"https://ml.wikipedia.org/w/index.php?title=ധന്വന്തരി_മാസിക&oldid=3294422" എന്ന താളിൽനിന്ന് ശേഖരിച്ചത്