ആംഗലകവി ഫ്രാൻസിസ് തോം‌പ്സന്റെ (1859-1907) ഏറ്റവും പ്രസിദ്ധകവിതയാണ് ദ ഹൗണ്ട് ഓഫ് ഹെവൻ (സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി).[1] ദൈവത്തിൽ നിന്ന ഓടിയകലാൻ ശ്രമിക്കുന്ന മനുഷ്യാത്മാവിന്റേയും അതിനെ വേട്ടനായേപ്പോലെ പിന്തുടർന്ന് പിടികൂടി രക്ഷപെടുത്തുന്ന ദൈവത്തിന്റേയും ചിത്രമാണ്‌ ഈ കവിത. ദുരന്തപ്രതിഭയായിരുന്ന തോം‌പ്സണ് കവിയെന്ന നിലയിൽ മരണാനന്തരം ലഭിച്ച പ്രശസ്തിയുടെ മുഖ്യ അടിസ്ഥാനം 182 വരികളുള്ള ഈ കവിതയാണ്‌.

തോം‌പ്സന്റെ കവിതകളുടെ 1893-ലെ ആദ്യസമാഹാരത്തിലാണ്‌ ഇത് വെളിച്ചം കണ്ടത്. 1917-ൽ ഇംഗ്ലീഷ് യോഗാത്മകവിതകളുടെ ഓക്സ്ഫോർഡ് സമാഹാരത്തിലും അത് ഉൾപ്പെട്ടു. നേരത്തേ ഈ കവിത വായിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ ജെ.ആർ.ആർ.റ്റോൾകീനെ അത് ഏറെ സ്വാധീനിച്ചിരുന്നു. ഭയന്നോടുന്ന മുയലിനെ, അനാവശ്യ വേഗമോ ഉദ്വേഗമോ കാട്ടാതെ നിശ്ചയദാർഢ്യത്തോടെ നിരന്തരം പിന്തുടർന്ന് പിടികൂടുന്ന വേട്ടനായേപ്പോലെ, ഒളിച്ചോടുന്ന മനുഷ്യാത്മാവിനെ പിടികിട്ടുവോളം പിന്തുടരുന്ന ദൈവത്തെയാണ്‌ ഈ കവിതയിൽ തോം‌പ്സൺ സങ്കല്പിച്ചത്. പാപത്തിലും പ്രാപഞ്ചികസുഖങ്ങളിലും മുഴുകി ആത്മാവ് ദൈവത്തിൽ നിന്ന് അകന്നുപോകുന്നെങ്കിലും, വിടാതെ പിന്തുടരുന്ന ദൈവകൃപ ഒടുവിൽ അതിനെ കീഴടക്കുന്നുവെന്ന് കവി കരുതി.

അമേരിക്കൽ ഐക്യനാടുകളിൽ വിദ്യാഭ്യാസത്തിലെ വർണ്ണവിവേചനം അവസാനിപ്പിച്ച ചരിത്രപ്രസിദ്ധമായ സുപ്രീം കോടതി വിധിയിൽ, ആ തീരുമാനം "നിശ്ചയദാർഢ്യത്തോടെയുള്ള മുഴുവൻ വേഗത്തിലും"(with all deliberate speed) നടപ്പാക്കണം എന്നു ഉത്തരവിട്ടിരുന്നു. ആ പ്രയോഗം, ഈ കവിതയിൽ നിന്ന് കടമെടുത്ത താണ്‌.[2]

  1. The Hound of Heaven at ElCore.net
  2. Jim Chen, Poetic Justice, 29 Cardozo Law Review (2007)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ഹൗണ്ട്_ഓഫ്_ഹെവൻ&oldid=1693821" എന്ന താളിൽനിന്ന് ശേഖരിച്ചത്