റോബർട്ട് എ. ഹൈൻലൈൻ രചിച്ച് 1954-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് ദ സ്റ്റാർ ബീസ്റ്റ്. തന്റെ കുടുംബത്തിൽ തലമുറകളായി ഉണ്ടായിരുന്നതും തന്റെ അച്ഛനിൽ നിന്ന് കൈമാറി ലഭിച്ചതുമായ അന്യഗ്രഹവാസിയായ വളർത്തുമൃഗം താൻ കരുതിയിരുന്നതിനപ്പുറം എന്തോ ഒന്നാണെന്ന് ഒരു ഹൈസ്കൂൾ വിദ്യാർത്ഥി കണ്ടെത്തുന്നതിനെപ്പറ്റിയാണ് കഥ. ഈ നോവൽ ആദ്യം മാഗസിൻ ഓഫ് സയൻസ് ഫിക്ഷൻ എന്ന മാസിയയുടെ 1954-ലെ മേയ്, ജൂൺ, ജൂലൈ ലക്കങ്ങളിലായി "സ്റ്റാർ ലമ്മോക്സ്" എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.

ദ സ്റ്റാർ ബീസ്റ്റ്
ആദ്യ പതിപ്പിന്റെ ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
രാജ്യംഅമേരിക്കൻ ഐ‌ക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പരമ്പരഹൈൻലൈൻ ജുവനൈൽസ്
സാഹിത്യവിഭാഗംസയൻസ് ഫിക്ഷൻ നോവൽ
പ്രസാധകർസ്ക്രിബ്നേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
1954
മാധ്യമംഅച്ചടി
മുമ്പത്തെ പുസ്തകംസ്റ്റാർമാൻ ജോൺസ്
ശേഷമുള്ള പുസ്തകംടണൽ ഇൻ ദ സ്കൈ

കഥയുടെ ചുരുക്കം

തിരുത്തുക

ജോൺ തോമസ് സ്റ്റുവർട്ട് പതിനൊന്നാമൻ എന്ന സ്കൂൾ വിദ്യാർത്ഥിയുടെ പൂർവ്വികൻ ഒരു ബഹിരാകാശയാത്രയ്ക്കുശേഷം ലമ്മോക്സ് എന്ന ഒരു അന്യഗ്രഹജീവിയെ തിരികെ കൊണ്ടുവന്നിരുന്നു. ഒരു പട്ടിക്കുട്ടിയുടെ വലിപ്പമുണ്ടായിരുന്ന ഈ ജീവി വർഷങ്ങൾ കൊണ്ട് വലിയ വലിപ്പം വയ്ക്കുന്നു (പ്രത്യേകിച്ച് ഒരു പഴയ കാർ കഴിച്ചശേഷം). വീട്ടിൽ നിന്ന് ഒരിക്കൽ പുറത്തിറങ്ങുന്ന ലമ്മോക്സ് വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്നതോടെ ശ്രദ്ധാകേന്ദ്രമാകുന്നു. ജോണിന്റെ അമ്മയ്ക്ക് ലമ്മോക്സിനെ ഉപേക്ഷിക്കണം എന്ന അഭിപ്രായമാണുള്ളത്. കോടതി ലമ്മോക്സിനെ കൊന്നു കളയുവാൻ വിധിക്കുന്നു.

ജോൺ ലമ്മോക്സിനെ രക്ഷിക്കുവാനായി ഒരു മൃഗശാലയ്ക്ക് വിൽക്കുവാൻ ശ്രമിക്കുന്നുവെങ്കിലും മനം മാറ്റമുണ്ടാകുന്നു. കോടതി ലമ്മോക്സിനെ വധിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും സാധിക്കുന്നില്ല.

ഈ സമയത്ത് മനുഷ്യർക്ക് ഇതുവരെ പരിചയമില്ലാതിരുന്ന ഒരു വർഗ്ഗം ജീവികൾ തങ്ങളുടെ നഷ്ടപ്പെട്ടുപോയ കുട്ടിയെ അന്വേഷിച്ചെത്തുന്നു. മനുഷ്യരുമായി സൗഹൃദത്തിലുള്ള മറ്റൊരു അന്യഗ്രഹ വർഗ്ഗത്തിന്റെ നയതന്ത്രപ്രതിനിധി ഈ ജീവികൾക്ക് ഭൂമി നശിപ്പിച്ചുകളയാനുള്ള കഴിവുണ്ടെന്ന് അറിയിക്കുന്നു. ലമ്മോക്സിന്റെ വലിപ്പക്കൂടുതൽ കാരണം (അമിതമായി ആഹാരം കഴിച്ചതിനാലാണിത് സംഭവിച്ചത്) ഈ ജീവിവർഗ്ഗവും ലമ്മോക്സുമായുള്ള ബന്ധം പെട്ടെന്ന് മനുഷ്യർക്ക് മനസ്സിലാകുന്നില്ല. ലമ്മോക്സ് ഒരു ഹോബിയെന്ന നിലയിൽ പല തലമുറ ജോൺ തോമസുമാരെ "വളർത്തിക്കൊണ്ടിരിക്കുക"യായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. ഇത് തുടരാനാണ് തന്റെ ആഗ്രഹമെന്ന് ലമ്മോക്സ് വ്യക്തമാക്കുന്നു. ജോണും ബെറ്റിയും വിവാഹിതരായശേഷം ലമ്മോക്സിനൊപ്പം ഒരു നയതന്ത്ര പ്രതിനിധി സംഘത്തിന്റെ ഭാഗമായി അന്യഗ്രഹയാത്ര നടത്തുന്നു.

വർണ്ണവ്യത്യാസം സംബന്ധിച്ച നിലപാട്

തിരുത്തുക

ഹൈൻലൈൻ അമേരിക്കയിൽ വർഗ്ഗങ്ങളെ വേർതിരിച്ചുനിറുത്തിയിരുന്ന സാമൂഹിക വ്യവസ്ഥിതിയിലാണ് വളർന്നത്. ഈ ഗ്രന്ഥം വർഗ്ഗവ്യത്യാസത്തെ തള്ളിപ്പറയുന്നതിലും വെള്ളക്കാരല്ലാത്ത നായക കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നതിലും സ്വന്തം കാലഘട്ടത്തിനു വളരെ മുന്നിൽ നിന്നിരുന്നു. അമേരിക്കയിലെ പൗരാവകാശങ്ങ‌ൾക്കായുള്ള സമര‌ങ്ങൾ ആരംഭിക്കുന്നതിനു മുൻപ് 1954-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. വെള്ളക്കാരല്ലാത്ത കഥാപാത്രങ്ങൾ ഉണ്ടായി എന്നതുതന്നെ ശാസ്ത്ര ഫിക്ഷനിൽ ഒരു പുതുമയായിരുന്നു.[1] ഈ കൃതിയിൽ ഫലത്തിൽ ഭൂമി ഭരിക്കുന്നത് ആഫ്രിക്കക്കാരനായ മിസ്റ്റർ കികു എന്ന വ്യക്തിയാണ്.[2] ഇദ്ദേഹത്തിന്റെ നിറം "എബണി കറുപ്പ" ആണെന്ന് ഹൈൻലൈൻ വ്യക്തമായി പറയുന്നുണ്ട്.[2]

സ്വീകരണം

തിരുത്തുക

പ്രസിദ്ധ സയൻസ് ഫിക്ഷൻ എഴുത്തുകാരനും വിമർശകനുമായ ഡാമൺ നൈറ്റ് ഇപ്രകാരം പറയുകയുണ്ടായി:

ഇത് നി‌ങ്ങൾക്ക് ഭാവിയിലും അനിഷ്ടം തോന്നാനിടയില്ലാത്ത ഒരു നോവലാണ്. പത്തു വർഷം മുൻപുപോലും വളരെ വിജയകരമായിരുന്ന പല നോവലുകളും ഇപ്പോൾ വായിക്കുവാൻ സാധിക്കാത്തത്ര ബോറായി തോന്നിയേക്കാം. അവ പിന്നീടുപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ തട്ടിക്കൂട്ടിയവയായിരുന്നു. ഹൈൻലൈന്റെ കൃതികൾ അത്തരത്തിലുള്ളവയല്ല. ഈ ഗ്രന്ഥം ഞാൻ രണ്ടുതവണ വായിച്ചിട്ടുണ്ട് - ഒരിക്കൽ ഫാന്റസി ആൻഡ് സയൻസ് ഫിക്ഷനിൽ തുടർക്കഥയായും ഒരിക്കൽ അച്ചടിച്ച പുസ്തകമായും. ഇത് അടുത്തുതന്നെ സന്തോഷത്തിനായി വീണ്ടും വായിക്കാം എന്ന് ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ ഈ പുസ്തകത്തെ എങ്ങനെ പ്രകീർത്തിക്കണമെന്ന് എനിക്കറിയില്ല.[3]

ഗ്രോഫ് കോൺക്ലിൻ ഈ പുസ്തകം ഹൈൽലൈന്റെ ഏറ്റവും ആകർഷകമായ ഗ്രന്ഥങ്ങളിലൊന്നാണെന്ന് പ്രസ്താവിക്കുകയുണ്ടായി.[4] പി. ഷൂളിയർ മില്ലർ 1954 ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നായാണ് കണക്കാക്കിയത്.[5]

  1. Pearson, Wendy. "Race relations" in, The Greenwood Encyclopedia of Science Fiction and Fantasy: Themes, Works, and Wonders, Volume 2 Gary Westfahl, ed.; Westport, Connecticut: Greenwood Publishing Group, 2005; pp. 648–650
  2. 2.0 2.1 Heinlein, Robert A. (1954). The Star Beast. Charles Schribner's Sons. p. 31. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Star" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Knight, Damon (1967). In Search of Wonder. Chicago: Advent.
  4. "Galaxy's 5 Star Shelf", Galaxy Science Fiction, March 1955, p.99
  5. "The Reference Library", Astounding Science Fiction, May 1955, p.144

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_സ്റ്റാർ_ബീസ്റ്റ്&oldid=3779159" എന്ന താളിൽനിന്ന് ശേഖരിച്ചത്