ശ്രീനാരായണഗുരു രചിച്ച ഒരു ദാർശനിക കൃതിയാണ് ദർശനമാല. സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 10 ശ്ലോകങ്ങൾ വീതമുള്ള 10 ഭാഗങ്ങളാണുള്ളത്. ഏറ്റവും ഗഹനവും കൈവല്യസിദ്ധി പ്രദാനം ചെയ്യുന്നതുമായ അദ്വൈത സിദ്ധാന്തമാണ് ഈ കൃതിയിലൂടെ ഗുരുദേവൻ അവതരിപ്പിക്കുന്നത്. വിഭിന്ന മതങ്ങൾ വർണിച്ച്, അവയോരോന്നും ഒന്നൊന്നായി നിരാകരിച്ച് സ്വമതം സ്ഥാപിക്കുന്ന പാരമ്പര്യരീതിയിൽനിന്നു വ്യത്യസ്തമായി വിഭിന്ന മതങ്ങളുടെ താത്ത്വിക സമന്വയത്തിലൂടെ അദ്വൈതസിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കുന്നു ദർശനമാല.

അധ്യാരോപദർശനം, അപവാദദർശനം എന്നീ ആദ്യഭാഗങ്ങളിൽ ബ്രഹ്മമാണ് സത്യമെന്നും ജഗത്ത് മിഥ്യയാണെന്നും സമർഥിക്കുന്നു. ജഗത്തിന്റെ ഉദ്ഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:

(സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് ഈ ജഗത്ത് സത്ത് മാത്രമായിരുന്നു. നാമരൂപങ്ങളില്ലാതെ സത്സ്വരൂപം മാത്രമായിരുന്നു. തുടർന്ന് ഈശ്വരൻ സ്വപ്നപദാർഥങ്ങളെപ്പോലെ എല്ലാറ്റിനെയും സൃഷ്ടിച്ചു. സ്വപ്നങ്ങൾ സങ്കല്പങ്ങൾക്കെന്നപോലെ സങ്കല്പമാണ് സ്വപ്നപ്രപഞ്ചത്തിനും കാരണം). ഇതുതന്നെ വീണ്ടും

എന്ന ശ്ലോകത്തിലും (ഉത്പത്തിക്കുമുമ്പ് ജഗത്ത് ഈശ്വരനിൽ നിലീനമായിരുന്നു. തുടർന്ന് വിത്തിൽനിന്ന് മുളപൊട്ടുന്നതുപോലെ ഈശ്വരനിൽനിന്ന് ജഗത്സൃഷ്ടിയും നടന്നു) വർണിക്കുന്നു. അധ്യാരോപ ദർശനത്തിൽ യാതൊരുവനിൽ നിന്നാണോ ഈ പ്രപഞ്ചം ഉദ്ഭവിച്ചത് അവൻ വിഷ്ണുവാണ്, ശിവനാണ്, പരനാണ്, അവനാണ് ബ്രഹ്മം, അഥവാ എല്ലാറ്റിനും മീതേയുള്ള പരമാത്മാവ് എന്നാണ് ഉപദേശിക്കുന്നത്. ആര് പ്രപഞ്ചത്തെ ഇവിടെ ഒന്നിനോടൊന്നു വേർപെട്ടതായി പലതെന്ന മട്ടിൽ ദർശിക്കുന്നുവോ അവൻ മൃത്യുവിൽനിന്ന് മൃത്യുവിനെ പ്രാപിക്കുന്നു (സംസാരസാഗരത്തിലകപ്പെട്ട് ഉഴലുന്നു) എന്ന ശ്ലോകത്തോടെ അപവാദ ദർശനം സമാപിക്കുന്നു.

തുടർന്ന് അസത്യ ദർശനമാണ്. ജഗത്ത് അസത്യമാണെന്നും ജഗത്തായി ഭവിക്കുന്നതു മുഴുവനും മനോമയമാണെന്നും ഇതിൽ സ്ഥാപിക്കുന്നു.

(സങ്കല്പത്താൽ കല്പിക്കപ്പെട്ടതാണ് ഈ ജഗത്ത്. എന്തു കൊണ്ടെന്നാൽ യാതൊരിടത്ത് രജ്ജുസർപ്പംപോലെ സങ്കല്പം ഉണ്ടോ അവിടെ മാത്രമേ ദൃശ്യവും ഉള്ളൂ. കയറു കാണുമ്പോഴേ പാമ്പാണെന്നുള്ള തോന്നൽ ഉണ്ടാകുന്നുള്ളൂ.)

അടുത്തത് മായാദർശനമാണ്. മായയുടെ തത്ത്വമാണ് ഇതിൽ നിരൂപണം ചെയ്തിരിക്കുന്നത്. 'ന വിദ്യതേ യാ സാ മായാ' എന്ന ലക്ഷണം മായയുടെ സത്തയെ നിഷേധിക്കുന്നു. ഒരു കുടത്തിന്റെ ഉത്പത്തിക്കു മുമ്പുള്ള ഭാവം മണ്ണെന്നതുപോലെ ജഗത്സൃഷ്ടിക്കുമുമ്പുള്ള ഭാവം ബ്രഹ്മമാണ്; മറ്റൊന്നില്ല. ഇല്ലാത്തത് ഇല്ലാത്തതുതന്നെ ആണെന്നും, ഉള്ളതാകട്ടെ ഉണ്മതന്നെ എന്നുമുള്ള അറിവാണ് വിദ്യ. ആത്മാവ് മാത്രമേ സത്യമായിട്ടുള്ളൂ എന്നും അനാത്മാവായ ജഗത്ത് ഇല്ലാത്തതാണെന്നുമുള്ള അറിവ് വിദ്യകൊണ്ട് സിദ്ധിക്കുന്നു.

മായയുടെ മറ്റൊരു ഭേദമായ അവിദ്യ ഭ്രമമാണ്. ആത്മാവ് ഇല്ലാത്തതാണെന്ന തോന്നൽ അവിദ്യകൊണ്ടാണ് ഉണ്ടാകുന്നത്. തമസ്സ് അഥവാ അജ്ഞാനം മായയുടെ മൂന്നാമത്തെ ഭേദമാണ്. ആത്മാവിൽ പ്രപഞ്ചം സങ്കല്പിക്കപ്പെടുന്നത് അജ്ഞാനത്താലാണ്.

ഭാനദർശനമാണ് അഞ്ചാമത്തേത്. പണ്ഡിതന്മാരാൽ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുള്ള ഭാഗമാണിത്. 'ഭാനം' എന്നാൽ പ്രതീതി (തോന്നൽ) ആണ്. ഇത് സ്വതേ ചാഞ്ചല്യാവസ്ഥയാണ്. ഭാനത്തിന് സാമാന്യം, വിശേഷം എന്നിങ്ങനെ രണ്ടു ഭേദങ്ങളും, സാമാന്യത്തിന് സ്ഥൂലം, സൂക്ഷ്മം, കാരണം, തുര്യം എന്ന് നാല് ഭേദങ്ങളും കല്പിച്ചിട്ടുണ്ട്. ഇവ യഥാക്രമം ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, സമാധി എന്നീ അവസ്ഥകളിലാണുണ്ടാകുന്നത്. ഞാൻ ബ്രഹ്മം തന്നെയാണെന്ന അറിവ് സമാധിയിലാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ അവസ്ഥ തുര്യം എന്ന് അറിയപ്പെടുന്നു.

തുടർന്ന് കർമദർശനമാണ്. അരൂപിയും അസംഗനും സ്വപ്രകാശനുമാണ് ബ്രഹ്മമെങ്കിലും മായാബലത്താൽ പല രൂപത്തിൽ, പലതരം കർമങ്ങളിൽ വ്യവഹരിക്കപ്പെടുന്നു. ഇതിനെയാണ് ഈ ഭാഗത്തിൽ വർണിച്ചിട്ടുള്ളത്. അടുത്തതായി വരുന്ന ജ്ഞാനദർശനത്തിൽ 'സത്യംജ്ഞാനമനന്തം ബ്രഹ്മം' എന്ന തത്ത്വദർശനം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനംകൊണ്ടു മാത്രമേ അനശ്വരവും നിത്യനിരാമയവുമായ കൈവല്യപ്രാപ്തി ലഭ്യമാവുകയുള്ളൂ എന്നാണ് ഗുരു അരുളിച്ചെയ്തത്.

(ഓം, തത്, സത് എന്നിങ്ങനെ മൂന്ന് തരത്തിൽ ശ്രുതിയാൽ നിർദ്ദേശിക്കപ്പെട്ടതും തത്ത്വമസിമഹാവാക്യത്തിലൂടെ പ്രതിപാദിക്കപ്പെട്ടതുമായ ജീവ ബ്രഹ്മ ഐക്യരൂപത്തിലുള്ള യാതൊരു ജ്ഞാനമാണോ ഉള്ളത് അതാണ് പരമമായ ജ്ഞാനം).

ആധ്യാത്മിക ചിന്തയിൽ ഭക്തിക്കുള്ള സ്ഥാനത്തെപ്പറ്റി വിശകലനം ചെയ്യുന്ന ഭക്തിദർശനത്തിൽ ആത്മാഭിമുഖമായ ധ്യാനത്തെപ്പറ്റി വിശദീകരിക്കുന്നു. അടുത്ത യോഗദർശനത്തിൽ നാമരൂപാത്മകമായ ഈ പ്രപഞ്ചമാകെ ബ്രഹ്മം തന്നെയാണ് എന്നുള്ള ബോധം തെളിയുന്നതോടെ മനസ്സ് ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിനെയാണ് വിശേഷിപ്പിക്കുന്നത്. 'യോഗശ്ചിത്തവൃത്തിനിരോധഃ' എന്ന പാതഞ്ജലസൂത്രം ഇവിടെ അർഥവത്താകുന്നു. മനസ്സ് വാസനാബലത്താൽ ഓരോന്നിന്റെ പുറകേ പോകാതെ ബലമായി നിരോധിച്ച് ആത്മാവിൽത്തന്നെ ഉറപ്പിക്കുകയാണ് യോഗം. യോഗസംസിദ്ധിക്കായി ഗുരുദേവൻ ഖേചരീ മുദ്രയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ഭ്രൂമധ്യത്തിൽ ദൃഷ്ടിയെ ഉറപ്പിച്ച് നാവിന്റെ അഗ്രം വളച്ച് ഉൾനാക്കിന്റെ അറ്റത്ത് മുകളിലായി ഉറപ്പിച്ച് ധ്യാനത്തിൽ ലയിക്കുന്നതിനെയാണ് ഖേചരീമുദ്ര എന്നു വിശേഷിപ്പിക്കുന്നത്.

അവസാനത്തെ ഭാഗമായ നിർവാണദർശനത്തിൽ സംസാരദുഃഖത്തിന്റെ മറുകര കടന്നെത്തേണ്ട ആത്യന്തിക ശാന്തിയായ മോക്ഷത്തെയും അതിന്റെ ഫലമായി ലഭിക്കുന്ന സ്വരൂപാനന്ദത്തെയും പ്രതിപാദിക്കുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്ന അദ്വൈത വേദാന്തത്തിന്റെ പരമപവിത്രമായ 'തത്ത്വമസി' മഹാവാക്യം സുലളിതമായി ആർക്കും ഗ്രഹിക്കാവുന്ന തരത്തിൽ ഉദാഹരണസഹിതം വിശദമാക്കുന്ന ദർശനമാല വേദാന്തസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദർശനമാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദർശനമാല&oldid=3089063" എന്ന താളിൽനിന്ന് ശേഖരിച്ചത്