ദെറെൻബൂർഗ്, ഷൊസെഫ്
ഫ്രഞ്ച് ഓറിയന്റലിസ്റ്റ് (പൗരസ്ത്യഭാഷാവിദഗ്ദ്ധൻ). 1811 ഒ. 21-ന് മെയ് ൽസിൽ ജനിച്ചു. 1839-ൽ പാരിസിൽ സ്ഥിരതാമസമാക്കി. പാരിസിലെ എകോൽ ദെ സോത് എത്യൂദിൽ ഹീബ്രു പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഫ്രാൻസിലെ യഹൂദ വിദ്യാഭ്യാസത്തിന്റെ പുനരുദ്ധാരകൻ എന്ന നിലയിലാണ് ദെറെൻബൂർഗ് പ്രസിദ്ധനായത്. പ്രസിദ്ധ ഹീബ്രു സാഹിത്യകാരനായ സാദിയ ബെൻ ജോസഫിനെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവന നിസ്തുലമാണ്. സാദിയായുടെ കൃതികൾ മുഴുവൻ സംശോധനം ചെയ്തു പ്രസിദ്ധീകരിക്കുന്ന ഒരു പദ്ധതിക്കും ഇദ്ദേഹം രൂപംനല്കി. 1867-ൽ പ്രസിദ്ധീകരിച്ച എസ്സായ് സുർ ലിസ്ത്വാർ എ ലാ ജ്യോഗ്രഫി ദ് ലാ പലസ്തീന് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദരുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കൃതികളിൽ അഗ്രിമസ്ഥാനം അർഹിക്കുന്നു ഈ കൃതി. ഷൂറെർ തുടങ്ങിയ പില്ക്കാല പണ്ഡിതന്മാർ ഈ കൃതിയെയാണ് മാതൃകയായി സ്വീകരിച്ചത്. 1895 ജൂല. 29-ന് ദെറെൻബൂർഗ് അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദെറെൻബൂർഗ്, ഷൊസെഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |