ദെബോറാ
എബ്രായബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകം അനുസരിച്ച് ഒരു ദൈവപ്രവാചികയും രാജവാഴ്ചയുടെ സ്ഥാപനത്തിനു മുൻപ് പുരാതന ഇസ്രായേലിനെ നയിച്ചിരുന്ന ന്യായാധിപന്മാരുടെ പരമ്പരയിൽ നാലാമത്തെയാളും ആയിരുന്നു ദെബോറാ. രാഷ്ട്രീയ, സൈനിക മേഖലകളിൽ ജനങ്ങൾക്ക് നേതൃത്വം കൊടുത്ത അവർ ലാപ്പിഡോത്ത് എന്നയാളുടെ പത്നിയും ആയിരുന്നു. ബിസി പന്ത്രണ്ടാം നൂറ്റാണ്ടിലാകാം അവർ ജീവിച്ചിരുന്നത്.[1]
ബൈബിളിലെ ന്യായാധിപന്മാർക്കിടയിലെ ഏകവനിതയായ ദെബോറാ, കാനാനിൽ ജാബിനിലെ സൈന്യത്തലവനായ സിസേരക്കെതിരെ വിജയകരമായി സംഘടിപ്പിച്ച പ്രത്യാക്രമണത്തിന്റെ കഥയും ഘോഷണവും ന്യായാധിപന്മാരുടെ പുസ്തകം നാലും അഞ്ചും അദ്ധ്യായങ്ങളിലുണ്ട്.
ന്യായാധിപന്മാർ നാലാം അദ്ധ്യായത്തിലെ ഗദ്യാഖ്യാനത്തിന്റെ കവിതാരൂപമാണ് അഞ്ചാമദ്ധ്യായത്തിൽ. "ദെബോറായുടെ ഗീതം" എന്നറിയപ്പെടുന്ന ഈ ബൈബിൾ ഖണ്ഡം അതു വിവരിക്കുന്ന യുദ്ധം നടന്ന് ഏറെ വൈകാതെ, ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ടതാകാം[1] ആ നിലയ്ക്ക്, ബൈബിളിലെ കവിതാഖണ്ഡങ്ങളിൽ ഏറ്റവും പുരാതനം തന്നെയാകാം അത്. യുദ്ധപശ്ചാത്തലത്തിലെ സ്ത്രീചിത്രീകരണത്തിന്റെ ഏറ്റവും പുരാതന മാതൃകകളിൽ ഒന്നെന്ന പ്രാധാന്യവും അതിനുണ്ട്. കൂടാരം പണിക്കാരനായ ഹേബറിന്റെ പത്നി ജായേൽ എന്ന വനിതയും അതിൽ പ്രത്യക്ഷപ്പെടുന്നു. ഉറങ്ങിക്കിടന്നിരുന്ന സിസേരയെ, നെറ്റിയിൽ കൂടാരക്കുറ്റി അടിച്ചിറക്കി കൊന്നത് ജായേൽ ആയിരുന്നു. ദെബോറായും ജായേലും ഈ ആഖ്യാനത്തിൽ ശക്തരും സ്വാതന്ത്ര്യബോധമുള്ളവരുമായ വനിതകളായി പ്രത്യക്ഷപ്പെടുന്നു.
ബൈബിളിലെ ആഖ്യാനത്തിൽ തെളിയുന്ന ദെബോറയുടെ ചിത്രം പുരാതനഇസ്രായേലിലെ സാമൂഹ്യപശ്ചാത്തലത്തിൽ അസ്വാഭാവികമായി തോന്നിയേക്കാമെങ്കിലും രാജവാഴ്ച നിലവിൽ വന്ന് പുരുഷമേധാവിത്വത്തിന്റെ അധികാരഘടനകൾ ഉറയ്ക്കുന്നതിനു മുൻപ് ഇസ്രായേലി സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിച്ചിരുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിന്റെ സൂചനയാകാം അതിലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]
ദെബോറാ പേരിന് എബ്രായഭാഷയിൽ തേനീച്ച എന്നാണർത്ഥം. ദ്രവ്യപ്രവാഹശാസ്ത്രത്തിലെ ('റിയോളജി') അമാനകസംഖ്യയായ ദെബോറാസംഖ്യയുടെ പേര് ഈ വനിതയുമായി ബന്ധപ്പെട്ടിരിക്കുന്നു.[2]