ദീപവംശ
പാലി ഇതിഹാസ കാവ്യമാണ് ദീപവംശ. ഇതിന്റെ രചയിതാവ് ആരാണെന്ന് അറിവില്ല. എ.ഡി. 325 മുതൽ 352 വരെയുള്ള ശ്രീലങ്കയുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഒരു പ്രധാന പ്രതിപാദ്യം. മഹാസേനൻ രാജ്യം ഭരിച്ചിരുന്ന കാലഘട്ടമാണിത്. അഞ്ചാം ശതകത്തിൽ ബുദ്ധഘോഷൻ കതാവത്തുവിന് രചിച്ച വ്യാഖ്യാനത്തിൽ ഈ കൃതിയിൽനിന്നുള്ള ഉദ്ധരണികൾ ചേർത്തുകാണുന്നുണ്ട്. ദീപവംശയിൽ സിംഹളത്തിലെ അട്ടകഥ(അർഥകഥ)കളിലെ ചരിത്രാംശങ്ങളെ അടിസ്ഥാനമാക്കിയാണ് കാലക്രമത്തിലുള്ള സംഭവചിത്രീകരണം നടത്തിയിട്ടുള്ളതെന്നു കാണാം. ശ്രീലങ്കൻ ചരിത്രവസ്തുതകൾ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത് അട്ടകഥകളിലാണ്. ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിക്കാനിടയായ സാഹചര്യത്തിന്റെയും ശ്രീബുദ്ധൻ മൂന്നു തവണ നടത്തിയ ശ്രീലങ്കൻ സന്ദർശനങ്ങളുടെയും സമ്പൂർണവിവരണവും ഈ കൃതിയിൽനിന്നു ലഭിക്കുന്നുണ്ട്.
ബുദ്ധമതത്തിന്റെ തത്ത്വദർശനത്തോടൊപ്പം ശ്രീലങ്കയുടെ ചരിത്രവസ്തുതകളും അന്തർധാരയായി ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നാലാം ശതകം മുതൽ പ്രചരിച്ചുതുടങ്ങിയ ബുദ്ധമതം ക്രമാനുഗതമായ വളർച്ചയിലൂടെ പത്തൊമ്പതാം ശതകം വരെ എത്തിയതിന്റെ ചരിത്രം ദീപവംശ, ചൂലവംശ എന്നീ പാലി കൃതികളിൽ നിന്നുമാണ് അനുവാചകനു ലഭിക്കുന്നത്
അശോകന്റെ ഭരണകാലത്ത് മഹിന്ദൻ ശ്രീലങ്കയിലെത്തി ശ്രീലങ്കൻ രാജാവായിരുന്ന ദേവാനാം പിയതിസ്സയുടെ സഹായത്താൽ ജംബുദ്വീപിൽ 84,000 ബുദ്ധവിഹാരങ്ങൾ പണികഴിപ്പിച്ചതായും ബുദ്ധമതത്തിന് വ്യാപകമായ പ്രചാരം സിദ്ധിച്ചതായും ഇതിൽ വിവരണം കാണുന്നുണ്ട്. ദുട്ടഗമണി, വട്ടഗമണി തുടങ്ങിയ ഭരണകർത്താക്കളുടെ ചരിത്രവും വട്ടഗമണിയുടെ കാലത്ത് ആദ്യമായി ഭിക്ഷുക്കൾ ലിഖിതരൂപത്തിൽ ബുദ്ധസിദ്ധാന്തങ്ങൾ ശേഖരിക്കുവാൻ ആരംഭിച്ചുവെന്ന വസ്തുതയും രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിപിടകം, അട്ടകഥകൾ തുടങ്ങിയവ ഇപ്രകാരം ഉണ്ടായവയാണ്.
ദീപവംശയുടെ കാലഘട്ടം നാലാം ശതകത്തിന്റെ ഉത്തരാർധമാണെന്ന് അനുമാനിക്കാൻ ഉപോദ്ബലകമായത് മഹാസേനന്റെ ചരിത്രത്തോടെ ഈ കൃതി അവസാനിക്കുകയും മഹാവംശ അഥവാ ചൂലവംശ അതുകഴിഞ്ഞുള്ള ചരിത്രവസ്തുതകളോടെ തുടങ്ങിയിരിക്കുകയും ചെയ്യുന്നു എന്നതാണ്. മഹാവംശയുടെ കാലം ആറാം ശതകത്തിന്റെ ആരംഭമാണെന്നു കരുതപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദീപവംശ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |