ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എഴുതിയ ഗ്രന്ഥമാണ്‌ ദി ഡിസ്കവറി ഒഫ് ഇന്ത്യ (ഇംഗ്ലീഷ്:The Discovery of India). 1944ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് നെഹ്രു ഈ കൃതിയുടെ രചന നിർവഹിച്ചത്.ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യാ ചരിത്രം, സംസ്കാരം, വീക്ഷണങ്ങളാണ്‌ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. [1]. 1944-ൽ പ്രസിദ്ധീകരിച്ചു. അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് ഈ കൃതിയുടെ രചന നിർവഹിച്ചത്. തന്റെ ചിന്താപദ്ധതികളും കർമമണ്ഡലവുമായി ബന്ധപ്പെടുത്തി ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് എഴുതുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരൻ ഗ്രന്ഥാരംഭത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഇന്ത്യാക്കാരന്റേയും മജ്ജയിലും മാംസത്തിലും രക്തത്തിലും ഒരു സവിശേഷ പൈതൃകം കുടികൊള്ളുന്നുണ്ട്; അയാൾ എന്താണെന്നും എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് ഈ പൈതൃകമാണ്. ഈ പൈതൃകത്തിന് ഇന്നത്തെ അവസ്ഥയിലുള്ള പ്രസക്തിയെന്താണെന്ന ചിന്ത സിന്ധുനദീതട സംസ്കാരം മുതൽ ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകൾവരെയുള്ള ഇന്ത്യാചരിത്രാവലോകനത്തിലേക്കാണ് നെഹ്റുവിനെ നയിക്കുന്നത്. മറ്റു ചരിത്രകൃതികളിലെന്ന പോലെ ഇവിടേയും ചരിത്രപണ്ഡിതന്റെ കാഴ്ചപ്പാടല്ല നെഹ്രു അവലംബിക്കുന്നത്; ചരിത്രത്തിന്റെ അന്തഃസത്ത സ്വാംശീകരിച്ച ഒരാളിന്റെ കണ്ണുകൊണ്ട് ഭൂതകാലദർശനം നടത്തുകയാണദ്ദേഹം ചെയ്യുന്നത്. നെഹ്രുവിന് ഭാരതഭൂമിയോടുണ്ടായിരുന്ന വൈകാരികാഭിമുഖ്യവും അതിന്റെ ഭാഗധേയത്തിലുള്ള അടിയുറച്ച വിശ്വാസവും ജനാധിപത്യ സോഷ്യലിസം, മതേതരത്വം, മാനവികതാവാദം എന്നിവയോടുള്ള പക്ഷപാതവും എല്ലാം ഈ കൃതിയിൽ തെളിഞ്ഞു കാണാം. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ലോകത്തിലെ മറ്റു ജനതകളുമായി സഹവർത്തിക്കാനും താദാത്മ്യം പ്രാപിക്കാനും അദ്ദേഹം ഇന്ത്യാക്കാരെ ആഹ്വാനം ചെയ്യുന്നു.

ദി ഡിസ്കവറി ഒഫ് ഇന്ത്യ
കർത്താവ്Nehru, Jawaharlal
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംIndian history, Indian culture, Politics of India, Religion in India, Indian philosophy
പ്രസാധകർOxford University Press
പ്രസിദ്ധീകരിച്ച തിയതി
1946
മാധ്യമംPrint (Paperback)
ഏടുകൾ584 pp (centenary edition)
ISBN978-0195623598
LC ClassDS436 .N42 1989

1944 ഏ. മുതൽ സെപ്. വരെയുള്ള അഞ്ചുമാസം കൊണ്ടാണ് നെഹ്രു ഈ മഹത്തായ ഗ്രന്ഥം എഴുതിത്തീർത്തത്. ദ്രുതഗതിയിലായിരിക്കണം ഗ്രന്ഥരചന. ഒരു അർധചരിത്രകൃതിയെന്ന് (semi historical work) കെ. ആർ. ശ്രീനിവാസ അയ്യങ്കാർ (ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് എന്ന കൃതിയിൽ) വിശേഷിപ്പിക്കുന്ന ഈ കൃതിയുടെ മുഖ്യസവിശേഷത ഗ്രന്ഥകാരന്റെ മനസ്സും ഹൃദയവും അതിൽ സ്ഫടികംപോലെ നിഴലിക്കുന്നുവെന്നതാണ്. ഇന്ത്യയുടെ ചരിത്രം അറിയാനല്ല, നെഹ്രു എന്ന മനുഷ്യനെ അറിയാനായിരിക്കും ഏതൊരു വായനക്കാരനും രണ്ടാംവട്ടം ഈ കൃതി വായിക്കുന്നത്.

ഉള്ളടക്കം

തിരുത്തുക

അഹമ്മദ് നഗർ കോട്ട തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകർക്കും മറ്റു തടവുകാർക്കുമാണ് നെഹ്രു ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. അഹമ്മദ് നഗർ കോട്ട, ബാൻഡൻ വീലർ: ലോസാൻ, അന്വേഷണം, ഭാരതാവിഷ്കാരം, യുഗാന്തരങ്ങളിലൂടെ, പുതിയ പ്രശ്നങ്ങൾ, ബ്രിട്ടിഷ് ഭരണത്തിന്റെ സംയോജനവും ദേശീയ പ്രസ്ഥാനത്തിന്റെ ഉദയവും, ദേശീയത്വമോ സാമ്രാജ്യത്വമോ, രണ്ടാം ലോകയുദ്ധം, അഹമ്മദ് നഗർകോട്ട വീണ്ടും എന്നിങ്ങനെ പത്ത് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. ഇന്ത്യയുടെ ശക്തിയും അശക്തിയും (മൂന്നാം അധ്യായം), ഇന്ത്യയുടെ സ്വാതന്ത്ര്യദാഹം (അഞ്ചാം അധ്യായം), രണ്ട് ഇംഗ്ളണ്ടുകൾ (ആറാം അധ്യായം) തുടങ്ങിയ ഖണ്ഡങ്ങൾ നെഹ്രുവെന്ന ചരിത്രകാരനിലെ കാല്പനികനെ നമുക്കു കാട്ടിത്തരുന്നു.

"പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു സ്വന്തം മാതൃഭൂമിയെ കണ്ടെത്താൻ നടത്തുന്ന തീർഥാടനമായി ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചരിത്രശക്തികളുടെ അനുസ്യൂതത്വം വെളിപ്പെടുത്തുവാൻ അദ്ദേഹം ഒരു ദേശീയ പ്രവർത്തകനെന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്ന അപൂർവസുന്ദരമായ കാഴ്ചയാണ് നാമിവിടെ കാണുന്നത്. ഈ കൃതിയിലെ ആത്മകഥാംശങ്ങൾ ഹൃദയാവർജകമാംവിധം ഉള്ളിണങ്ങി നിൽക്കുന്നവാകയാൽ അവയ്ക്കു സാർവജനീനത്വം കൈവന്നിരിക്കുന്നു. 'ഉൽബുദ്ധമായ ഈ രാഷ്ട്രത്തിന്റെ വേദഗ്രന്ഥ'മായി ബ്ലിറ്റ്സ് വാരിക ഈ കൃതിയെ വാഴ്ത്തുകയുണ്ടായി.

മലയാളത്തിൽ

തിരുത്തുക

ഇന്ത്യയെ കണ്ടെത്തൽ എന്ന പേരിൽ സി. എച്ച്. കുഞ്ഞപ്പ ഈ കൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  1. Das, Taraknath (June, 1947), "Inda--Past, Present and the Future", Political Science Quarterly, 62 (2): 295–304, doi:10.2307/2144210 {{citation}}: Check date values in: |date= (help)CS1 maint: date and year (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദി ഡിസ്കവറി ഒഫ് ഇന്ത്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദി_ഡിസ്കവറി_ഒഫ്_ഇന്ത്യ&oldid=3940962" എന്ന താളിൽനിന്ന് ശേഖരിച്ചത്