ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടും സാമ്പത്തിക വിദഗ്‌ധയും രാഷ്ട്രീയ നേതാവുമാണ് ദിൽമ റൗസഫ് (Dilma Rousseff). ഉരുക്കു വനിത എന്നറിയപ്പെടുന്ന പഴയ തീവ്രകമ്മ്യൂണിസ്റ്റുകാരിയായ ദിൽമ ബ്രസീലിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ടാണ് .[1]

ദിൽമ റൗസഫ്

ജീവിതരേഖ തിരുത്തുക

ബൾഗേറിയൻ അഭിഭാഷകൻ പെഡ്രോ റൗസഫിന്റെയും ബ്രസീൽകാരിയായ ദിൽമ ജയ്ൻ ഡ സൽവയുടെയും മകളായി ദിൽമ റൗസഫ് 14 ഡിസംബർ 1947-ൽ ജനിച്ചു. ദിൽമയുടെ 14-ആം വയസ്സിൽ പിതാവ് മരണമടഞ്ഞു.19-ആം വയസ്സിൽ സാമ്പത്തിക ശാസ്ത്രവിദ്യാർത്ഥിയായിരുന്ന കാലത്താണ് ദിൽമ രാഷ്ട്രീയത്തിൽ തല്പരയായത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒളിപ്പോരാട്ടങ്ങളോട് സഹകരിച്ച ദിൽമ സംഘാംഗങ്ങൾക്ക് കമ്മ്യുണിസത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും തീവ്ര ഇടതുപക്ഷ ആശയങ്ങളുള്ള രചനകളിലേർപ്പെടുകയും ചെയ്തു. 1970-ൽ പോലീസ് പിടിയിലായ ദിൽമക്ക് തടവറക്കുള്ളിൽ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. 1973-ൽ ജയിൽ മോചിതയായി.

 
ദിൽമ റൗസഫ് മുൻ പ്രസിഡണ്ട് ലുല ഡ സിൽവയോടൊപ്പം തന്റെ സ്ഥാനാരോഹണവേളയിൽ.

പിന്നീട് ബ്രസീലിലെ ഏകാധിപത്യഭരണത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ദിൽമ മുഖ്യധാരാരാഷ്ട്രീയത്തിൽ സജീവമായി. 1980-ൽ മുൻ പ്രസിഡണ്ട് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയുടെ വർക്കേഴ്‌സ് പാർട്ടിയിൽ ചേർന്ന ദിൽമ ലുല ഭരണകൂടത്തിൽ 2003 മുതൽ ഊർജ്ജമന്ത്രിയായും 2005 മുതൽ ഉദ്യോഗസ്ഥ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് ദിൽമയുടെ രാഷ്ട്രീയ കാഴ്ചപ്പാട് മാർക്സിസത്തിൽ നിന്നും പ്രായോഗിക മുതലാളിത്തമായി മാറുന്നത്. ഇതിനിടെ മാരകമായ ലിംഫ് കാൻസർ ബാധിച്ചെങ്കിലും ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ദിൽമ വീണ്ടും പൊതുജീവിതത്തിലേക്കു തിരിച്ചു വന്നു. തുടർച്ചയായി മൂന്നാം തവണ മൽസരിക്കാൻ പ്രസിഡണ്ട് ലുലക്ക് ഭരണഘടനപ്രകാരം അനുവാദമില്ലാത്തതിനാൽ 2010-ൽ നടന്ന തെരഞ്ഞെടുപ്പിൽ ദിൽമയെ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി തങ്ങളുടെ സ്ഥാനാർഥിയായി അവതരിപ്പിച്ചു. ലുലയുടെ പൂർണ്ണ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ദിൽമ 56% വോട്ട് നേടി വിജയം കൈവരിച്ചു. 2011 ജനുവരി 1-ന് ദിൽമ റൗസഫ് ബ്രസീലിന്റെ 36-ആമത് പ്രസിഡണ്ടായി അധികാരമേറ്റു. രണ്ടു വട്ടം വിവാഹമോചിതയായ ദിൽമക്ക് ഒരു മകളുണ്ട്.

അവലംബം തിരുത്തുക

  1. "ബ്രസീലിൽ ദിൽമ റൂസഫ് അധികാരമേറ്റു, മാതൃഭൂമി, 2 ജനുവരി 2011". Archived from the original on 2011-01-05. Retrieved 2011-01-02.
"https://ml.wikipedia.org/w/index.php?title=ദിൽമ_റൗസഫ്&oldid=3634641" എന്ന താളിൽനിന്ന് ശേഖരിച്ചത്