ദത്തകവി
മറാഠി കവിയാണ് ദത്തകവി. ദേശാഭിമാനോത്തേജകമായ കവിതകൾ എഴുതി പ്രശസ്തനായി. റാണോജിയുടെയും ബാലുബായിയുടെയും മകനായി 1875 ജൂൺ 26-ന് അഹമ്മദ്നഗറിൽ ജനിച്ചു. മുഴുവൻ പേര് ദത്താത്രേയ കൊണ്ടോ ഘാട്ടേ എന്നാണ്. മിഷൻ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായശേഷം മുംബൈയിലെ വിൽസൺ കോളജിലും ഇൻഡോറിലെ മിഷൻ കോളജിലും പഠിച്ച് ബിരുദം നേടി. ചെറുപ്പത്തിൽത്തന്നെ പ്രാർഥനാസമാജത്തിൽ അംഗമായി. സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജാതിസമ്പ്രദായത്തിനും ശൈശവ വിവാഹത്തിനും എതിരായും സ്ത്രീ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവയ്ക്ക് അനുകൂലമായും പ്രവർത്തിച്ചു. 1898-ൽ ഉദ്യോഗം തേടി ബറോഡയിലേക്കു പോയി. സജായിസജയ് എന്ന വാരികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിന്റെ വിവർത്തനമാണ് ദത്തിന്റെ ആദ്യകാല രചനകളിൽ ഒന്ന്. ഒരു കൊല്ലത്തിനിടയിൽ ഒട്ടേറെ കവിതകൾ ഇദ്ദേഹം രചിച്ചതിൽ പ്രകൃതിവർണനയും ദേശീയതയും പ്രമേയങ്ങളാണ്. 'വിശ്വാമിത്രിയുടെ തീരങ്ങളിൽ', 'മാവാലന്മാരോടൊരു ആഹ്വാനം', 'അസന്തുഷ്ടനായ ഭർത്താവ്' തുടങ്ങിയ കവിതകൾ പ്രശസ്തമായി.
ഉത്തരരാമചരിതത്തിന്റെ വിവർത്തനത്തിൽ ഏർപ്പെട്ടിരുന്നപ്പോഴാണ് ദത്തയുടെ ശ്രദ്ധ ആധുനിക മറാഠി കവിതയിലേക്കു തിരിഞ്ഞത്. രാംജോഷി സമ്പാദനം ചെയ്ത നവനീതത്തിൽ ദത്തയുൾപ്പെടെയുള്ള അനേകം പേരുടെ കവിതകൾ ഉൾക്കൊണ്ടിരുന്നില്ല. രാംജോഷിക്കുശേഷം രംഗത്തുവന്ന കവികളുടെ കൃതികൾ കൂടി ഉൾപ്പെടുത്തി ബൃഹത്തായ ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ ദത്ത ആഗ്രഹിച്ചെങ്കിലും അത് സാധിതമാകുന്നതിനുമുമ്പ് ഇദ്ദേഹം മരണമടഞ്ഞു. ദത്തയുടെ സുഹൃത്തായ ചന്ദ്രശേഖർ ശിവറാം ഗോർഹെയാണ് ആധുനിക കവിത എന്ന പേരിൽ 1903 ഡിസംബറിൽ ആ സമാഹാരം പ്രസിദ്ധീകരിച്ചത്.
ആറേഴു വർഷം മാത്രമേ കാവ്യരചനയ്ക്കു ലഭിച്ചുള്ളൂവെങ്കിലും ദത്ത മറാഠി കാവ്യലോകത്ത് ചിരപ്രതിഷ്ഠ നേടി. വളരെ വൈകിയാണ് മറാഠികൾ ദത്തയുടെ കാവ്യ വ്യക്തിത്വം തിരിച്ചറിഞ്ഞത്.
1899 മാർച്ച് 13-ന് 24-ാമത്തെ വയസ്സിൽ പ്ളേഗുമൂലം ദത്ത അന്തരിച്ചു. ദത്തയുടെ പുത്രനും പ്രശസ്ത പണ്ഡിതനുമായ വി.ഡി. ഘാട്ടെ 1921-ൽ ദത്തകവിയുടെ സമ്പൂർണ കൃതികൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദത്തകവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |